ADVERTISEMENT

കൊച്ചി∙ നൂറുകണക്കിനു യാത്രക്കാർ ജോലിക്കും മറ്റുമായി ദിവസവും ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസിന്റെ ‘ദുരിതസമയം’ അവസാനിക്കുന്നില്ല. തെക്കൻ‌ ജില്ലകളിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്നവർക്ക് ഇപ്പോൾ പാലരുവി കിട്ടണമെങ്കിൽ സൂര്യനുദിക്കും മുമ്പേ വീട്ടിൽനിന്നിറങ്ങേണ്ട അവസ്ഥയാണെന്നു യാത്രക്കാർ പറയുന്നു. യാത്രാക്ലേശവും സാമ്പത്തിക നഷ്ടവും ഇതുണ്ടാക്കുന്ന മനഃക്ലേശവും തങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നതെന്നും സ്ഥിരം യാത്രക്കാർ പരാതിപ്പെടുന്നു. യാത്രക്കാരെക്കൂടി പരിഗണിച്ചു വേണം ട്രെയിൻ സമയങ്ങൾ നിശ്ചയിക്കാൻ എന്ന് ഇവർ ആവശ്യപ്പെടുന്നു. പാലരുവി സ്ഥിരം പ്രശ്നമായതോടെ ട്രെയിൻ യാത്രികരുടെ വിവിധ സംഘടനകൾ ഒന്നിച്ചു രംഗത്തെത്തിയിരിക്കുകയാണ്. വന്ദേഭാരതിനു വേണ്ടിയാണ് തങ്ങളെ കഷ്ടപ്പെടുത്തുന്നത് എന്നാണ് വിവിധ സംഘടനകളുടെ ആരോപണം. റെയിൽവേ ഉപദേശക സമിതിയിൽ അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിയെ സംഘടനാ ഭാരവാഹികൾ ആവശ്യം അറിയിച്ചിട്ടുണ്ട്. 

വന്ദേഭാരത് സർവീസ് തുടങ്ങുന്നതിനു മുമ്പ് പുലർച്ചെ അഞ്ചു മണിക്കാണു പാലരുവി കൊല്ലത്തുനിന്നു പുറപ്പെട്ടിരുന്നത്. എന്നാൽ വന്ദേഭാരത് ആരംഭിച്ചതോടെ ഇതിന്റെ സമയക്രമം ശരിയാക്കാനായി പാലരുവി പുറപ്പെടുന്നത് പുലർച്ചെ 4.35നാക്കി. ഇതുമൂലം നേരത്തെ വീടുകളിൽനിന്നു പുറപ്പെടേണ്ടി വരുന്ന എറണാകുളം ടൗണിലേക്കുള്ള സ്ഥിരയാത്രക്കാർ വന്ദേഭാരത് കടന്നുപോകാനായി വീണ്ടും 35 മിനിറ്റോളം തൃപ്പൂണിത്തുറയിൽ കാത്തുകിടക്കണം. സാധാരണക്കാരുടെ സമയത്തിനു റെയിൽവേ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് ഇതിൽനിന്നു വ്യക്തമാണെന്നു ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു. പാലരുവി കൊല്ലത്തുനിന്നു പുറപ്പെടുന്ന സമയം നേരത്തെയാക്കിയപ്പോൾ തൊട്ടുപിന്നിലായി ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസ് 40 മിനിറ്റോളം വൈകിയാണ് ഇപ്പോൾ രാവിലെ കായംകുളമെത്തുന്നത്. അശാസ്ത്രീയമായ സമയക്രമം രണ്ടു ട്രെയിനിലെയും സ്ഥിരയാത്രക്കരെ മോശമായി ബാധിച്ചിട്ടുണ്ടെന്നു സംഘടനകൾ പറയുന്നു.

വന്ദേഭാരത്‌ കടന്നുപോകുന്നതിനു പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയിലെത്തിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. എന്നാൽ വീണ്ടും 15 മിനിറ്റ് നേരത്തെ വീടുകളിൽനിന്ന് പുറപ്പെടേണ്ടി വരുന്നതിനോടു യാത്രക്കാർക്ക് യോജിക്കാൻ കഴിയില്ലെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജെ.മാൻവെട്ടം അറിയിച്ചു. പുതിയ ഷെഡ്യൂളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സമയം അൽപ്പമെങ്കിലും മുന്നോട്ടാക്കി റെയിൽവേ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വന്ദേഭാരതിന്റെ സമയക്രമത്തെ ബാധിക്കാതെ പഴയ സമയക്രമത്തിൽ തന്നെ പാലരുവി തൃപ്പൂണിത്തുറയിലെത്തിക്കാമെന്നു റെയിൽവേ പലവട്ടം തെളിയിച്ചിരുന്നു. പുലർച്ചെ 04.20ന് കൊല്ലത്തുനിന്നു പുറപ്പെടുന്ന എറണാകുളം മെമുവിനു തൊട്ടുപിറകെ പാലരുവി ഓരോ സ്റ്റേഷനിലും എത്തുന്നതുകൊണ്ട് യാത്രക്കാർക്കു വേണ്ട പ്രയോജനം ലഭിക്കുന്നില്ലെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ കുമാർ അഭിപ്രായപ്പെട്ടു. പാലരുവിക്കു തൊട്ടുമുമ്പിൽ മെമു സർവീസുള്ളതുകൊണ്ട് നേരത്തെ പോകേണ്ടവർക്ക് അതിനെ ആശ്രയിക്കാവുന്നതാണ്. എന്നാൽ പാലരുവിക്കുശേഷം ഒന്നേകാൽ മണിക്കൂറിനു ശേഷമാണ് അടുത്ത ട്രെയിനായ കൊല്ലം – എറണാകുളം മെമു സർവീസ് നടത്തുന്നത്. തന്മൂലം അതിലിപ്പോൾ നിയന്ത്രണാതീതമായ തിരക്കാണ്. ഈ ഇടവേള കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിനു മുമ്പ് പാലരുവി കടന്നുപോകുന്നതിനാൽ സ്ത്രീകളും വിദ്യാർഥികളുമടക്കം നിരവധിപ്പേർക്ക് ട്രെയിൻ ലഭിക്കാത്ത സാഹചര്യമാണെന്നും എറണാകുളത്തെ ഓഫീസുകളിൽ ദിവസവേതനത്തിൽ ജോലിനോക്കുന്ന നിരവധി സ്ത്രീകൾ ഇതുമൂലം ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും സ്ഥിരയാത്രക്കാര്‍ പറയുന്നു. പലർക്കും ഒൻപതു മണിക്ക് ഓഫിസിലെത്താൻ പാലരുവി മാത്രമാണ് ആശ്രയം. കുറവിലങ്ങാട് ഭാഗത്തുനിന്ന് ബസുകളിൽ ആപ്പാഞ്ചിറയിലെത്തി പാലരുവി പിടിക്കുകയെന്നതു ദുഷ്കരമാണ്. ഇരുചക്രവാഹനമില്ലാത്തവരാണ് ഭൂരിപക്ഷവും. പുതിയ സമയക്രമം സാധാരണക്കാരന്റെ സ്വൈര്യജീവിതം തകിടം മറിച്ചതായും പലരും ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരായെന്നും ഇതുമൂലം വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതായും വൈക്കം റോഡ് യൂസേഴ്സ് ഫോറം പ്രതിനിധി അരുൺ രവീന്ദ്രൻ പറഞ്ഞു.

ശാസ്താംകോട്ട, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽനിന്നുള്ള യാത്രക്കാരും സമയമാറ്റത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇരട്ടപാത വരുമ്പോൾ ദുരിതം കുറയുമെന്നു കരുതി കാത്തിരുന്നവർക്ക് ഇരുട്ടടി പോലെ യാത്രാസമയത്തിൽ വർദ്ധനവു മാത്രമാണ് ഉണ്ടായതെന്നും കോട്ടയത്തുനിന്നുള്ള സ്ഥിരയാത്രക്കക്കാർ പ്രതികരിച്ചു. വീട്ടിലെ ജോലികൾ ഒതുക്കിവേണം ഓഫിസിലെത്താൻ, അതിനായി നന്നേ പുലർച്ചെ ഉണരേണ്ട സാഹചര്യമാണെന്നു വനിതാ യാത്രക്കാരും പറയുന്നു. പുതിയ സമയക്രമം മൂലം യാത്രാക്ലേശം ഇരട്ടിക്കുകയും മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും വർധിച്ചതായും ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധി ലെനിൻ കൈലാസ് അഭിപ്രായപ്പെട്ടു.

English Summary:

Palaruvi Express Time Change: The Palaruvi Express timetable change due to Vande Bharat has caused significant hardship for commuters.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com