അംഗത്വ ഫീസായി 320 രൂപ, വക്കീൽ ഫീസിന് 500; തട്ടിപ്പിന് പലവിധം, അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വിട്ടു

Mail This Article
കൊച്ചി ∙ പകുതി വില തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് മൂവാറ്റുപ്പുഴ ഫസ്റ്റ് ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. സത്യം പുറത്തുവരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും അനന്തു പറഞ്ഞു.
അതിനിടെ തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപയും ഒരാളില്‍ നിന്ന് ഈടാക്കി. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രെമോട്ടർമാർക്ക് നൽകിയത്. കരാർ തയാറാക്കിയതെല്ലാം അനന്തു കൃഷ്ണന്‍റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്‍റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
19 ബാങ്ക് അക്കൗണ്ടുകൾ വഴി അനന്തു 450 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിൽ ഇ.ഡി പ്രാഥമിക വിവര ശേഖരണം നടത്തിയിട്ടുണ്ട്. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ റജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു.