സർക്കാർ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് കൊള്ള; മണിപ്പുരിൽ 9 വിഘടനവാദികൾ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

Mail This Article
ഇംഫാൽ∙ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പുരിൽ 9 വിഘടനവാദികൾ അറസ്റ്റിൽ. നിരോധിത സംഘടനയായ കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ അംഗങ്ങളായ സനാതോയ് മെയ്തേയ് (23), സനാബം അമിത്കുമാർ സിങ് (40), സെറാം പ്രേം സിങ് (49), എംഡി ഇതേം (55) എന്നിവരെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഓട്ടോറിക്ഷ പാർക്കിങ്ങിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് പണം തട്ടിയെന്നും പെട്രോൾ പമ്പ് കൊള്ളയടിച്ചെന്നുമാണ് കേസ്.
കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർമാരായ ലൈഖുറാം സനതോംബ സിങ് (22), ലൗറെംബം സൂരജ് സിങ് (26), തോക്‌ചോം തോയ്‌ത്തോയിങ്കൻബ മെയ്‌തേയ് (22), ഹെയ്‌ക്രുജാം എൻഗോംഗോ (34) എന്നിവരെയും തൗബാൽ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സിം കാർഡുകളുള്ള ഏഴ് മൊബൈൽ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു.
യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ ഒരു സജീവ അംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഒക്രം അബോയ് മെയ്തേയ് (37) ഇംഫാൽ നഗരത്തിലും പരിസരങ്ങളിലും ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിൽ നേരിട്ട് പങ്കാളിയാണ്. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും തോക്കുകളും പിടിച്ചെടുത്തു.