ഗ്യാനേഷ് കുമാറിനെ തിടുക്കപ്പെട്ട് നിയമിച്ചതിനെതിരെ ഹർജി; സുപ്രീം കോടതി നാളെ പരിഗണിക്കും

Mail This Article
ന്യൂഡൽഹി∙ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം (എഡിആർ) എന്ന സംഘടനാണ് ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ കമ്മിറ്റിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ നേരത്തെതന്നെ സുപ്രീം കോടതിയിൽ കേസുകൾ നിലവിലുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിനു പകരം കാബിനറ്റ് മന്ത്രിയെ സിലക്‌ഷൻ കമ്മിറ്റിയിൽ നിയമിച്ചതും വിവാദമായിരുന്നു.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. ഹർജി പരിഗണിക്കുന്നതിനു മുന്നോടിയായാണ് തിടുക്കപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷിനെ നിയമിച്ചതെന്ന ഹർജി സുപ്രീം കോടതിയിൽ എത്തിയത്. ഈ നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു എഡിആർ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
സിലക്‌ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് ഇന്നലെ ഗ്യാനേഷ് കുമാറിനെ നിയമിച്ചത്. വിഷയത്തിൽ കോടതി തീരുമാനം വരുന്നതുവരെ നിയമനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിയോജനക്കുറിപ്പ് നൽകിയെങ്കിലും പരിഗണിച്ചില്ല.
രാജ്യത്തെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയില്‍ ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും 2026ൽ നടക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മേൽനോട്ടം വഹിക്കുക ഗ്യാനേഷ് കുമാറായിരിക്കും. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ യുപി സ്വദേശിയാണ്.