‘വലിയ ദ്രോഹമൊന്നും അയാൾ ചെയ്തിട്ടില്ല’; ശശി തരൂരിനെ പിന്തുണച്ച് കെ.സുധാകരൻ

Mail This Article
കോഴിക്കോട് ∙ ശശി തരൂരിന്റെ പ്രസ്താവന ചിലർ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് വലുതാക്കിയതാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അത്ര വലിയ തെറ്റൊന്നും തരൂർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ നേതാക്കളിൽ പല സ്വഭാവക്കാരുണ്ട്. അവർ അവരുടേതായ രീതിയിൽ പ്രതികരിക്കുമെങ്കിലും അതൊന്നും ഉള്ളിൽ തട്ടിയല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കെ. സുധാകരൻ വ്യക്തമാക്കി. 'അതിനുമാത്രമുള്ള വലിയ ദ്രോഹമൊന്നും അയാൾ ചെയ്തിട്ടില്ല. വ്യാഖ്യാനിച്ച്, വ്യാഖ്യാനിച്ച് അതിനെ കടലിലേക്കു കൊണ്ടു പോവുകയാണ്' – ഇതായിരുന്നു മാധ്യമങ്ങളോടുള്ള സുധാകരന്റെ വാക്കുകൾ.
തരൂരിനെ നേരിട്ടു വിളിച്ചെന്നും അദ്ദേഹത്തിനു നല്ല ഉപദേശം നൽകിയെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞത്. പാർട്ടിയിൽ കലാപമില്ലെന്നും എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം പാർട്ടിയുമായി പ്രശ്നമില്ലെന്നും താൻ നിലകൊണ്ടതു കേരളത്തിനു വേണ്ടിയാണെന്നുമാണ് ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ശശി തരൂർ പറഞ്ഞത്.