മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; പ്രഭാതഭക്ഷണം കഴിച്ചു, രാത്രി നന്നായി ഉറങ്ങി

Mail This Article
വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. മാർപാപ്പ രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തതായി വത്തിക്കാൻ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. രാത്രി നന്നായി ഉറങ്ങിയെന്നും വത്തിക്കാൻ വക്താവ് പറഞ്ഞു.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച മാർപാപ്പ കഴിഞ്ഞ ആറു ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, മാർപാപ്പ വെന്റിലേറ്ററിലാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ആയിരങ്ങൾ ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി രോഗസൗഖ്യത്തിനായി പ്രാർഥിച്ചു. മാർപാപ്പ ആശുപത്രി വിടുംവരെ വിശ്വാസികൾ പ്രത്യേകം പ്രാർഥിക്കണമെന്നു സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭ്യർഥിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം അവർ ആശുപത്രിയിൽ ചെലവഴിച്ചിരുന്നു.