‘ഒന്നര ലക്ഷം കോടിയുടെ നിക്ഷേപം, വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപം; 3 വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തും’

Mail This Article
കൊച്ചി∙ രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്നു വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്നു വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപക ഉച്ചകോടിയെപ്പറ്റിയുള്ള പലരുടെയും മനോഭാവം മാറി. ആളുകൾ അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങി. മാധ്യമങ്ങളും പിന്തുണ നൽകി. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചത്. ചിലർ നിക്ഷേപത്തെയും വികസനത്തെയും ലളിതവത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപമുണ്ടായി”- മന്ത്രി പറഞ്ഞു.
1,53,905 കോടി രൂപയുടെ നിക്ഷേപമാണ് കേരള നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയത്. 374 കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപം നടത്തും. ഇതിലൂടെ 60,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കിൻഫ്ര പാർക്കിൽ വനികൾക്കായി പിങ്ക് പാർക്ക് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. 26 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. 135 കമ്പനികളുടെ സിഇഒമാരും പങ്കെടുത്തു.
നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയ നിക്ഷേപങ്ങൾ
∙ അദാനി ഗ്രൂപ്പ്- 30000 കോടി
∙ ആസ്റ്റർ ഗ്രൂപ്പ്- 850 കോടി
∙ ഷറഫ് ഗ്രൂപ്പ്- 5000 കോടി
∙ ലുലു ഗ്രൂപ്പ്- ഐടി സെക്ടറിൽ നിക്ഷേപം
∙ ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി
∙ ടാറ്റ ബോട്ട് നിർമാണ രംഗത്തേക്ക്
∙ പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി
∙ എൻആർഐ പ്രോജക്ട് മാനേജ്മെൻറ് — 5000 കോടി
∙ മോണാർക് — 5000 കോടി
∙ പോളിമേറ്റേഴ്സ് – 920 കോടി
∙ പ്യാരിലാൽ- 920
∙ എൻആർജി കോർപറേഷൻ- 3600
∙ മലബാർ ഗ്രൂപ്പ്- 3000 ( മൂന്ന് പദ്ധതികൾ )
∙ ഫാക്ട്- 1500
∙ ഊരാളുങ്കൽ- 600 കോടി
∙ ടോഫൽ- 5000 കോടി
∙ ചെറി ഹോൾഡിങ്സ്- 4000 കോടി
∙ അഗാപ്പേ- 500 കോടി
∙ ഫോഡ്- 2500 കോടി
∙ കൊച്ചുതൊമ്മൻ ഫിലിം സിറ്റി– 1000 കോടി
∙ രവി പിള്ള ഗ്രൂപ്പ്- 2000 കോടി
∙ ആൽഫ അവഞ്ചേഴ്സ്- 500 കോടി
∙ ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി