ആദ്യം കൊന്നത് മുത്തശ്ശിയെ, അവസാനം അനുജനെ; കുളിച്ച് വസ്ത്രം മാറി, പൊലീസിനെ തേടി കൊലയാളി

Mail This Article
തിരുവനന്തപുരം ∙ വെഞ്ഞാറമൂട്ടിൽ കുടുംബത്തിലെ നാലു പേരെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൊലപ്പെടുത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ്. 6 മണിക്കൂറിലാണ് 5 കൊലപാതകങ്ങളും. രാവിലെ പത്തിനും വൈകിട്ട് നാലരയ്ക്കും ഇടയില്‍ അഫാന്‍ അഞ്ച് ജീവനെടുത്തെങ്കിലും പുറംലോകം അറിയുന്നതു വൈകിട്ട് ആറുമണിക്കു ശേഷം. അതും അഫാൻ വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ എത്തി വിവരം പറയുമ്പോള്‍ മാത്രം.
രാവിലെ പത്തോടെ പണം ആവശ്യപ്പെട്ടു വീട്ടില്‍ അമ്മ ഷെമിയുമായി അഫാൻ തർക്കിച്ചു. പണം നല്‍കാന്‍ തയാറാകാതിരുന്ന അമ്മയെ ആക്രമിച്ചു. ഇവിടെനിന്നു പോയ അഫാന്‍ ഉച്ചയ്ക്ക് 1.15നാണ് കല്ലറ പാങ്ങോടുള്ള വീട്ടിലെത്തി ഒറ്റയ്ക്കു താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്നാണു കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയത്. തുടര്‍ന്നു സല്‍മാബീവിയുടെ മാലയും എടുത്ത് അഫാന്‍ മടങ്ങി.
മുന്‍പും പലവട്ടം സ്വര്‍ണം പണയം വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സല്‍മാബീവി നല്‍കിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതാവിന്റെ സഹോദരനും റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ അബ്ദുല്‍ ലത്തീഫ്, അഫാനെ ഫോണില്‍ വിളിച്ചു. മുത്തശിയെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്ന വിവരം ലത്തീഫ് അറിഞ്ഞുവെന്ന ധാരണയിലാണ് അദ്ദേഹത്തെയും കൊല്ലാൻ തീരുമാനിച്ചത്.
ഉച്ചയ്ക്കു മൂന്നു മണിക്കു ശേഷം പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തി. ലത്തീഫിന്റെ മൃതദേഹം സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. സജിതാബീവിയുടെ മൃതദേഹം ഇതേ മുറിയില്‍ നിലത്തു കിടക്കുന്ന നിലയിലും. ഇവിടെനിന്നു തിരിച്ചെത്തിയ ശേഷം പെണ്‍സുഹൃത്ത് ഫര്‍സാനയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. 4 മണിക്കു ശേഷമാണു ഫർസാനയെ കൊന്നത്. അവസാനമായി കൊന്നതു പ്രിയപ്പെട്ട അനുജന്‍ അഫ്‌സാനെയാണ്.
ഫര്‍സാനയുടെ മൃതദേഹം ഒന്നാം നിലയിലെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. അഫ്‌സാന്റെ മൃതദേഹം താഴത്തെ നിലയില്‍ തറയിലും. മാരകമായി ആക്രമിക്കപ്പെട്ട മാതാവ് ഷമി മുറിക്കുള്ളിലായിരുന്നു കിടന്നിരുന്നത്. വൈകിട്ട് ആറു മണിയോടെ അഫാൻ കുളിച്ച് വസ്ത്രം മാറി. പരിചയക്കാരന്റെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി അതിൽ കയറി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി. കൂട്ടക്കൊലയെപ്പറ്റി പൊലീസിനോടു പറയുകയും കീഴടങ്ങുകയും ചെയ്തു. കുറ്റസമ്മതവും നടത്തി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കേരളം ഞെട്ടിയ കൂട്ടക്കൊലയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.