സർപഞ്ച് കൊലപാതകം: ഒന്നിച്ച് ഹോളി ആഘോഷിച്ച് ജഡ്ജിയും സസ്പെൻഷനിലായ പൊലീസുകാരും, സ്വകാര്യനിമിഷമെന്ന് വിശദീകരണം

Mail This Article
മുംബൈ ∙ ബീഡിൽ കൊല്ലപ്പെട്ട സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കേസ് പരിഗണിക്കുന്ന അഡീഷനൽ സെഷൻസ് കോടതി ജഡ്ജിയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യപ്പെട്ട 2 പൊലീസുകാരും ഒരുമിച്ച് ഹോളി ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും പുറത്തുവന്നത് വിവാദമാകുന്നു. സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക അഞ്ജലി ധമാനിയയാണ് സമൂഹമാധ്യമം വഴി വിവരങ്ങൾ പുറത്തുവിട്ടത്.
‘‘ഈ ദൃശ്യങ്ങൾ പരിശോധിക്കുക. സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഇൻസ്പെക്ടർ രാജേഷ് പാട്ടീലും നിർബന്ധിത ലീവിന് അയയ്ക്കപ്പെട്ട ഇൻസ്പെക്ടർ പ്രശാന്ത് മഹാജനും കേസ് പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതി ജഡ്ജി സുധീർ ഭാജ്പാലെയുമാണ് ഇതിലുള്ളതെന്നാണ് കരുതുന്നത്. കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട പൊലീസുകരോടൊപ്പം ജഡ്ജി ഹോളി ആഘോഷിക്കുന്നത് എത്രത്തോളം നീതികരമാണ്’’ ധമാനിയ ചോദിച്ചു.
പൊലീസുകാരും ജഡ്ജിയും ഒരുമിച്ച് ഹോളി ആഘോഷിക്കുന്ന ദൃശ്യങ്ങൾ അവരുടെ സ്വകാര്യ നിമിഷങ്ങളുടെ ഭാഗമാണെന്നും അത് ഈ വർഷത്തേതാണോ അതോ കഴിഞ്ഞ വർഷത്തേതാണോ എന്ന് അറിയില്ലെന്നും ബീഡിലെ പൊലീസ് സൂപ്രണ്ട് നവനീത് കൻവാത് പറഞ്ഞു. സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ധനഞ്ജയ് മുണ്ടെ, കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സഹായി വാൽമീക് കാരാഡ് എന്നിവർക്കെതിരെ തുടർച്ചയായ ആരോപണങ്ങളുമായി ധമാനിയ രംഗത്തെത്തിയിരുന്നു.
കാരാഡിന് എതിരെയുള്ള മുഴുവൻ കേസുകളും പുനഃപരിശോധിക്കണമെന്നും അവയിലെല്ലാം അന്വേഷണം നടത്തണമെന്നുമാണ് ധമാനിയയുടെ ആവശ്യം. കഴിഞ്ഞ ഡിസംബർ 9നാണ് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് സന്തോഷ് ദേശ്മുഖിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.