കോടികൾ എത്തിച്ചത് തുഷാറിന്റെ ഹോട്ടൽ ഭൂമി വാങ്ങാനോ; പൊലീസ് അറിയാത്ത ഇ.ഡിയുടെ പുത്തൻ കണ്ടെത്തൽ!

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തലവേദനയായിരുന്ന കൊടകര കുഴൽപണക്കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് കേസ് അന്വേഷിച്ച കേരള പൊലീസ്. ഇതേ കേസ് തന്നെയാണോ പൊലീസിന്റെ പ്രത്യേക സംഘം ഏറെ പണിപ്പെട്ട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കേരളത്തിലേക്ക് എത്തിച്ച കോടികളുടെ ഉറവിടം കർണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന 'ചാനൽ' എന്നു വിശേഷണമുള്ള ഉന്നത ബിജെപി നേതാവ് ലഹർ സിങ് സിരോയ ആണെന്നു പ്രതികൾ മൊഴി നൽകിയതുൾപ്പെടെ പൊലീസ് നൽകിയ റിപ്പോർട്ട് കണ്ട ഭാവം പോലും വയ്ക്കാതെയാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വിദൂരമായി പോലും പരിഗണനയിൽ വരാതിരുന്ന ഹോട്ടൽ ഭൂമി കച്ചവടത്തിന്റെ കഥയാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള 'ട്രാവൻകൂർ പാലസ്' എന്ന ഹോട്ടലിന്റെ ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാനാണ് കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷാംജിറിന്റെ കൈവശം പണം കൊടുത്തുവിട്ടതെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. കാറിൽ കൊടുത്തുവിട്ട 3.56 കോടി രൂപ പ്രതികൾ മോഷ്ടിക്കുകയായിരുന്നുവെന്നും ഇ.ഡി പറയുന്നു. പൊലീസിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഇത്തരമൊരു കാര്യം ഉയർന്നുവന്നിരുന്നില്ലെന്നും ആരും അത്തരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ധർമരാജനുമായി ഏതെങ്കിലും തരത്തിൽ ബിസിനസ് ചർച്ചകൾ നടത്തിയതായി തുഷാർ വെള്ളാപ്പള്ളി സ്ഥിരീകരിച്ചുവെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നുമില്ല. ധർമരാജന് ഇത്രയും കോടികൾ എവിടെനിന്നാണു കിട്ടിയതെന്ന് അന്വേഷിച്ചാൽ തന്നെ കാര്യങ്ങൾ ഇവരുടെ കൈവിട്ടുപോകുമെന്നും അതുകൊണ്ടാണ് പുതിയ കഥ മെനയുന്നതെന്നും അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത പൂർണമായി തകർന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഭൂമി കച്ചവടത്തിന്റെ കഥയിലെ വിശ്വാസ്യത സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് വരാനുള്ളത്.
കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ഓഗസ്റ്റ് രണ്ടിന് ഇ.ഡിയുടെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടർക്കു കൊടുത്ത റിപ്പോർട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ.സുരേന്ദ്രന്റെയും സംഘടനാ സെക്രട്ടറി എം.ഗണേഷിന്റെയും നിർദേശപ്രകാരം 41.40 കോടി രൂപ 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകത്തിൽനിന്നു കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതായി വിശദമായ ചോദ്യം ചെയ്യലിൽ ധർമരാജൻ പറഞ്ഞിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ ഒരു കാര്യങ്ങളും ഇ.ഡി മുഖവിലയ്ക്ക് എടുക്കാതെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
പണത്തിന്റെ ഉറവിടം സംബന്ധിച്ച് നിയമപരമായ ഒരു രേഖകളും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട 3.56 കോടിയുടെ ഉറവിടം സംബന്ധിച്ച് ധർമരാജൻ രേഖകൾ ഹാജരാക്കിയെന്നാണ് ഇ.ഡി പറയുന്നത്. ബിജെപി നേതാക്കൾക്കു കുഴൽപണം സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്നെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുമ്പോൾ നേതാക്കളെ സാക്ഷിയാക്കുക പോലും ഇ.ഡി ചെയ്തിട്ടില്ല. കോടികൾ ആരൊക്കെ വഴിയാണ് ധർമരാജൻ കൊണ്ടുവന്നതെന്നും എവിടെയൊക്കെ എത്തിച്ച് ഏതൊക്കെ ബിജെപി നേതാക്കളെ എൽപ്പിച്ചെന്നുമുള്ള പട്ടിക സഹിതമാണ് വി.കെ.രാജു റിപ്പോർട്ട് ഇ.ഡിക്കു നൽകിയിരുന്നത്. കർണാടകയിൽനിന്ന് 14.40 കോടിയും മറ്റു ഹവാല റൂട്ടുകൾ വഴി 27 കോടിയും വന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആകെ 41.40 കോടി എത്തിയതിൽ 7.90 കോടി സേലത്തുവച്ചും കൊടകരയിൽ വച്ചും കൊള്ളയടിക്കപ്പെട്ടു. 33.50 കോടി രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തുവെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോൺ വിളികൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയാണ് പട്ടിക തയാറാക്കിയതെന്നും ഇതൊന്നും പരിഗണിക്കാതെയാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ദേശീയപാതയിലൂടെ കടന്നുപോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നുവെന്നാണ് കേസ്. 25 ലക്ഷം രൂപ നഷ്ടമായെന്നു കാട്ടി കാർ ഡ്രൈവർ ഷംജീർ ഏപ്രിൽ ഏഴിനാണു പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നും ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിനാണു പണം എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. 23 പേരെ പ്രതി ചേർത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിച്ച പൊലീസിന്റെ സംശയമുന ഒടുവിലെത്തിയത് കർണാടകയിലെ ഉന്നത ബിജെപി നേതാവും രാജ്യസഭാംഗവുമായ ലഹർ സിങ് സിരോയയിൽ. കുഴൽപണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇ.ഡി. അന്വേഷണത്തിനു ശുപാർശ ചെയ്തു പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ലഹർ സിങ്ങിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ വേരുകളുള്ള ലഹർസിങ് നിയമസഭാ കാലാവധി പൂർത്തിയാക്കിയ ശേഷം 2022ൽ ആണു രാജ്യസഭാംഗമായത്. കർണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന 'ചാനൽ' എന്നു വിശേഷണമുള്ള ഇദ്ദേഹത്തിനു ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ട്. ഇദ്ദേഹം വഴിയാണു പണമെത്തിയതെന്നു പ്രതികളിൽ ചിലർ പൊലീസിനു മൊഴി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ഇതു സംബന്ധിച്ച ചില സൂചനകൾ ലഭിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം വിവരങ്ങളിലേക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയില്ല.
∙ പണം കൈമാറ്റത്തെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട്
2021 മാർച്ച് 5 - ഷംജീറും റഷീദും ചേർന്ന് കാറിൽ രണ്ടു കോടി രൂപ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് അറ്റൻഡർ ബിനീതിന് എത്തിച്ചു നൽകി. മാർച്ച് 8നും ബിനീതിന് ഇവർ 3.5 കോടി നൽകി. മാർച്ച് 12ന് ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന് രണ്ടു കോടിയും 13ന് 1.5 കോടിയും 14ന് 1.5 കോടിയും നൽകി. 16ന് ധർമരാജൻ കെഎസ്ആർടിസി ബസിൽ ആലുവയിൽ എത്തി സോമശേഖരൻ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി. 18ന് ഷിജിൻ ലോറിയിൽ അരൂരിന് സമീപത്തുവച്ച് ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നൽകി. 20ന് ഷിജിൻ, ധർമരാജൻ, ഷൈജു, ധനരാജ്, ഷാജി എന്നിവർ ഏഴു കോടി രൂപ ബെംഗളൂരുവിൽനിന്നും മറ്റുമാണ് ശേഖരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ ബിജെപി ഓഫിസിലെ ശരത് - 1.4 കോടി, കോഴിക്കോട് ബിജെപി മേഖലാ സെക്രട്ടറി കെ.പി.സുരേഷ് - 1.5 കോടി, കോഴിക്കോട് ബിജെപി വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ - 1 കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാർ - 2.5 കോടി എന്നിങ്ങനെ തുക നൽകിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 25ന് ഷിജിൻ ലോറിയിൽ 1.1 കോടി രൂപ ലോറിയിൽ തിരുവനന്തപുരത്ത് എത്തിച്ച് ധർമരാജന് നൽകി. അടുത്ത ദിവസങ്ങളിൽ ഷിജിൻ കർണാടകയിൽനിന്ന് 6.5 കോടി പാഴ്‌സൽ ലോറിയിൽ കേരളത്തിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വിവിധ ബിജെപി നേതാക്കൾക്ക് കോടികൾ എത്തിച്ചു നൽകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാർച്ച് മൂന്നിന് കാറിൽ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്.