‘സെൻസർ ബോർഡ് ശ്രദ്ധിക്കണമായിരുന്നു, ആർഎസ്എസ് അംഗങ്ങൾ ഉണ്ടെങ്കിൽ നടപടി വേണം’: ബിജെപിയിൽ ‘എംപുരാൻ’ ചർച്ച

Mail This Article
തിരുവനന്തപുരം ∙ എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് വീഴ്ച പറ്റിയതായി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാന്‍ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ ബോർഡിലില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിശദീകരിച്ചു. ആർഎസ്എസ് അംഗങ്ങൾ ബോർഡിലുണ്ടെങ്കിൽ നടപടി വേണമെന്ന ആവശ്യം ചിലർ യോഗത്തിൽ ഉയർത്തി. എംപുരാനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
തുടർന്ന് വാർത്താ സമ്മേളനത്തിൽ സിനിമ സിനിമയുടെ വഴിക്കു പോകും. ഒരു സിനിമയും ബിജെപിക്കു പ്രശ്‌നമല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറും സെക്രട്ടറി എസ്.സുരേഷും പറഞ്ഞു. എംപുരാന്‍ സിനിമ സംബന്ധിച്ച് പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവർ പറഞ്ഞു. ബിജെപി കോർ കമ്മറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. പതിവിനു വിപരീതമായി യോഗ ശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയില്ല. യോഗത്തിനുശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം വച്ച് കേന്ദ്രപദ്ധതികള്‍ ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാന്‍ തയാറാകുന്നില്ലെന്നും ആ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണെന്നും പി. സുധീര്‍ പറഞ്ഞു. ജനോപകാരപ്രദമായ നൂറു കണക്കിനു പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നതെങ്കിലും അതിന്റെ ഗുണഫലം സംസ്ഥാനത്തെ അര്‍ഹരായ ജനങ്ങള്‍ക്കു കൃത്യമായി ലഭിക്കുന്നില്ല. രാഷ്ട്രീയവൈരാഗ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നു സുധീർ ആരോപിച്ചു.
ബൂത്ത് തലത്തില്‍ കേന്ദ്ര പദ്ധതികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. 30 ജില്ലാ കമ്മിറ്റി ഓഫിസുകളില്‍ ഏപ്രില്‍ 15ന് മുന്‍പ് ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും സുധീര്‍ പറഞ്ഞു. 45 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു ചര്‍ച്ച നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന് എതിരെ ബിജെപി സംസ്ഥാന ഓഫിസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടിക്കു പുറത്തുനിന്നുള്ളവരാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പി. സുധീര്‍ പറഞ്ഞു. പാര്‍ട്ടി ബന്ധമുള്ള ആര്‍ക്കും ഇതില്‍ പങ്കില്ല. വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.