ADVERTISEMENT

മുംബൈ ∙ നടൻ മോഹൻലാലിനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. മോഹൻലാൽ എമ്പുരാന്റെ കഥ മുൻകൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല എന്നാണ് ഓർഗനൈസറിലെ വിമർശനം. എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തയിബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. 

പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ പ്രകടമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ ചലച്ചിത്രമേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയിൽ കാണുന്നത്. ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിച്ചുകൊണ്ട്  ഇസ്‌ലാമിക ഭീകരതയെ വെള്ളപൂശുന്നതാണ് എമ്പുരാനിൽ കാണുന്നതെന്നും ലേഖനത്തിൽ വിമർശിക്കുന്നു. 

ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ദാരുണവും സങ്കീർണവുമായ അധ്യായമാണ് ഗുജറാത്ത് കലാപം. സിനിമയിൽ‌ വസ്തുതകളെ സൗകര്യപ്രദമായി വളച്ചൊടിക്കുകയാണ്. ഗോധ്രയിൽ 59 നിരപരാധികളായ രാമഭക്തരുടെ ഭീകരമായ കൂട്ടക്കൊലയെ എമ്പുരാൻ അവഗണിക്കുകയും അവരെ നിസാരവൽക്കരിക്കുകയും ചെയ്യുന്നു. വേദനാജനകമായ ഓർമകൾ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുന്ന തരത്തിൽ ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് സിനിമയെന്നുമാണ് ലേഖനത്തിലെ വിമർശനം.

സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫർ, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ അദൃശ്യമായ വിദേശ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളാണെന്ന ആശയം സൂക്ഷ്മമായി അവതരിപ്പിച്ചു. രണ്ടാം ഭാഗമായ എമ്പുരാൻ, ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ, നിയമപാലകർ, ജുഡീഷ്യറി എന്നിവയെ ലക്ഷ്യം വച്ചുകൊണ്ട് ഇതിനെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ആണ് ലേഖനത്തിലെ കുറ്റപ്പെടുത്തൽ. 

എമ്പുരാൻ പൊതുജനങ്ങളെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽനിന്ന് അകറ്റാൻ സാധ്യതയുണ്ട്. ദേശീയ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഒരു സൂക്ഷ്മമായ ശ്രമമാണ് സിനിമയിൽ. പ്രധാന കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്നാണ് പ്രവർത്തിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ മാത്രമേ നീതി നടപ്പാക്കാൻ കഴിയൂ എന്നു സിനിമയിലൂടെ പറയുന്നു എന്നും ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

English Summary:

Organiser Slams Mohanlal and Prithviraj's 'Empuraan' for Anti-Hindu Allegations: 'Empuraan' faces sharp criticism; The RSS mouthpiece Organiser accuses the film of anti-Hindu bias, glorifying terrorism and distorting historical events, thereby undermining national unity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com