ADVERTISEMENT

കോഴിക്കോട്∙ വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരനു വേണ്ടി വിവിധ സംസ്ഥാനങ്ങളിലൂടെ കേരള പൊലീസ് അലഞ്ഞത് ഏഴു ദിവസം. ബിഹാർ മകത്പുർ സ്വദേശിയായ വിദ്യാർഥിക്കു വേണ്ടിയാണ് പൊലീസ് പല സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയത്. ഒടുവിൽ പുണെയിൽനിന്നു കണ്ടെത്തിയപ്പോൾ സ്കൂൾ അധികൃതരും കുടുംബവും വലിയ ആശ്വാസത്തിലായി.

23 പൊലീസുകാരാണ് പതിമൂന്നുകാരനു വേണ്ടി നാടൊട്ടുക്കും അലഞ്ഞത്. ബിഹാർ, കാട്പാടി, കാച്ചിക്കുട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസെത്തി. പലപ്പോഴും ട്രെയിനിൽ ജനറൽ കംപാർട്മെന്റിൽ നിലത്തിരുന്നാണു ദീർഘദൂര യാത്രകൾ നടത്തിയത്. വിദ്യാർഥി ഫോണോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കാതിരുന്നതിനാൽ എവിടേക്ക് പോകുന്നെന്ന് യാതൊരു തുമ്പും ഇല്ലായിരുന്നു. പുണെയിലെ ബന്ധുവീട്ടിലേക്ക് പോകുന്നെന്ന് ഒരു സഹപാഠിയോട് പറഞ്ഞ വിവരം വച്ചാണ് പുണെയിലെത്തിയത്. സിസിടിവി ദൃശ്യങ്ങളും തെളിവായി. 

പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോൾ കന്യാകുമാരി – പുണെ ട്രെയിനിൽ വിദ്യാർഥി ഓടിക്കയറുന്ന ദൃശ്യം കണ്ടെത്തി. ഹോസ്റ്റലിൽനിന്നു പോകുന്നതുവരെ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചിരുന്നു. എന്നാൽ ഹോസ്റ്റൽ വിട്ടശേഷം ആരുമായും ബന്ധം പുലർത്തിയില്ല. ഇതോടെ സാഹചര്യത്തെളിവുകൾ മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി.   

പുണെയിൽ സാധ്യമായ ഇടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. അതിനിടെയാണ് ഹോട്ടലിൽനിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഇവിടെ എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളു എന്ന് ഹോട്ടൽ ഉടമ പൊലീസിനെ അറിയിച്ചു. തുടർന്ന് കുട്ടിയെയും കൂട്ടി ഇന്നു രാവിലെ പൊലീസ് സംഘം ട്രെയിനിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. നാളെ പുലർച്ചെ കോഴിക്കോട്ടെത്തും. എസിപിയുടെ നേതൃത്വത്തിൽ 6 സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കഴിഞ്ഞ 24നു പുലർച്ചെയാണ് സ്കൂൾ ഹോസ്റ്റലിൽനിന്നു കുട്ടിയെ കാണാതായത്. തുടർന്ന് ഹോസ്റ്റൽ വാർഡൻ നടക്കാവ് പൊലീസിൽ പരാതി നൽകി. കാരപ്പറമ്പ് ബസാറിലെയും കോഴിക്കോട് റെയിൽേവ പരിസരത്തെയും സിസിടിവിയിൽ കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എവിടേക്കു പോകുന്നുവെന്ന് യാതൊരു വിവരവുമില്ലാതിരുന്നിട്ടും പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിനൊടുവിലാണ് ഒരാഴ്ചയ്ക്കുള്ളിൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചത്.

English Summary:

Kerala Police Investigation: Thirteen-year-old boy missing from Kozhikode's Vedavyasa Sainika School found in Pune after a week-long, multi-state search by Kerala Police.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com