ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവതി കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ല. യുവതി മരിച്ചു പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്.

ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി. അന്വേഷണം തൃപ്തികരമാണെന്നാണു യുവതിയുടെ കുടുംബം പറയുന്നതെങ്കിലും സുകാന്തിനെതിരെ കേസ് എടുക്കാത്തതില്‍ അതൃപ്തിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള തുടര്‍നടപടി ആലോചിക്കുമെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.

യുവതി ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. യുവതിയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. യുവതി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നു കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം യുവതി ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. യുവതിയുടെ ബാഗില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിനു ലഭിച്ചിരുന്നു. സുകാന്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും മകളില്‍ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യുവതിയും സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. സുകാന്തിന്റെ കുടുംബവുമായി സംസാരിക്കാമെന്നു പറഞ്ഞപ്പോള്‍ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. സുകാന്തിന്റെ പിതാവിന്റെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് നീട്ടിക്കൊണ്ടുപോയത്. ഇതോടെ എന്തെങ്കിലും തീരുമാനമാകുന്നതു വരെ ബന്ധം തുടരുന്നതിനെ യുവതിയുടെ മാതാപിതാക്കള്‍ വിലക്കിയിരുന്നു. കുറച്ചുകൂടി സമയം വേണമെന്നാണ് യുവതി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാകാം യുവതിയെ മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. മരണദിവസം രാവിലെയും യുവതി അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുള്ളതായി യുവതി പറഞ്ഞിരുന്നില്ല.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണയാണ് യുവതിയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കൻഡ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങ്ങിനിടെയാണ് സുകാന്തുമായി യുവതി അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെയുള്ള എട്ടുമാസക്കാലയളവില്‍ പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം യുവതി കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് യുവതിയായിരുന്നു. യുവതിക്കു മേൽ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്.

English Summary:

IB Officer Megha's Death: Tragic death of IB officer Megha near Thiruvananthapuram sparks a police investigation into her relationship with Sukant. The ongoing investigation includes allegations of financial exploitation and sexual assault, yet charges remain unfiled ten days after the incident.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com