ADVERTISEMENT

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിൽ നിർണായക തെളിവിനായി അന്വേഷണ സംഘം പ്രതിയുടെ ‘നടത്ത പരിശോധന’ നടത്തി. നടത്ത പരിശോധന എന്ന ‘ഗെയിറ്റ് അനാലിസിസ്’ നടത്തുന്ന കേരളത്തിലെ ആദ്യത്തെ സംഭവമാണ് ഫെഡറൽ ബാങ്ക് കവർച്ചാക്കേസ്. നേരത്തെ, ഗൗരി ലങ്കേഷ് കൊലക്കേസിൽ അടക്കം ഇന്ത്യയിൽ പലവട്ടം നടത്ത പരിശോധന നടത്തിയിട്ടുണ്ട്. ബാങ്ക് കവർച്ചാക്കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലെ വെല്ലുവിളികളാണ് അത്യപൂർവമായ ഗെയിറ്റ് അനാലിസിസ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിനു കാരണം. ഈ പഴുതുകൾ വിചാരണ വേളയിൽ പ്രതിഭാഗത്തിനു സഹായമാകാതിരിക്കാൻ കൂടി വേണ്ടിയാണ് പൊലീസ് നീക്കം. 

ഏക പ്രതി റിജോ ആന്റണി മാസ്കും ഹെൽമറ്റും കയ്യുറകളും ധരിച്ചാണ് കവർച്ച നടത്തിയത്. സിസിടിവിയിൽ കുറ്റവാളിയുടെ ശിരസ് പതിഞ്ഞിട്ടുണ്ടെങ്കിലും വിചാരണ വേളയിൽ മുഖം അവ്യക്തമാണെന്നു പ്രതിഭാഗം ഉന്നയിച്ചേക്കാം. ജീവനക്കാർ റിജോയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സിസിടിവിയിലെ ചിത്രങ്ങൾ വഴി മുഖം തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു പ്രതിഭാഗത്തിനു വാദിക്കാൻ കഴിയും. കയ്യുറ ധരിച്ചതു മൂലം വിരലടയാളങ്ങൾ ലഭിച്ചിട്ടില്ല. കേസുകളിൽ ഏറ്റവും നിർണായക തെളിവാണു വിരലടയാളം. ഈ തെളിവുകളുടെ പോരായ്മ പരിഹരിക്കാൻ‌ ഗെയിറ്റ് അനാലിസിസിനു കഴിയും. കവർച്ച കഴിഞ്ഞു തെളിവെടുപ്പു നടത്തുന്നതിന്റെ ഭാഗമായി ബാങ്ക് ശാഖയിൽ പ്രതിയുമായി നടത്ത പരിശോധന നടത്തിയിരുന്നു. തുടർന്നു നടത്ത പരിശോധനയുടെ റിപ്പോർട്ട് മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. നിലവിൽ കേരളത്തിലെ ഫൊറൻസിക് സയൻസ് ലാബുകളിൽ നടത്തപരിശോധനാ സൗകര്യം ഇല്ല.

കേസുകളി‍ൽ വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന പെരുമാറ്റ പരിശോധനയാണ് ഗെയിറ്റ് അനാലിസിസ്. ഇന്ത്യയിൽ ഏതാനും ഫൊറൻസിക്  ലാബുകളിൽ മാത്രമേ ഗെയിറ്റ് അനാലിസിസ് സൗകര്യം ഉള്ളു. ബാങ്ക് കവർച്ചാ കേസിൽ പഴുതുകളില്ലാതെ കുറ്റം തെളിയിക്കാനും പരാമവധി ശിക്ഷ ഉറപ്പു വരുത്താനുമാണ് ഈ ശാസ്ത്രീയ പരിശോധന നടത്തിയത്.

 – ഹരി ശങ്കർ (ഡിഐജി)

ഒരു വ്യക്തി നടക്കുന്ന രീതി ശാസ്ത്രീയമായി പരിശോധിക്കുന്നതാണ് ‘ഗെയിറ്റ് (Gait) അനാലിസിസ് എന്ന നടത്ത പരിശോധനയെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിനായി പരീക്ഷണത്തിനു വിധേയനാകുന്ന വ്യക്തിയെ പലവട്ടം നടത്തിക്കും. വിഡിയോ ക്യാമറയിൽ നടത്തരീതി എടുക്കും. ഇതിലൂടെ നടത്ത രീതി, കാലുകൾ തമ്മിലുള്ള അകലം, ശരീരത്തിന്റെ ഘടന, ശരീരത്തിന്റെ ചലനത്തിലെ പ്രത്യേകതകൾ എന്നിവ രേഖപ്പെടുത്തുന്നു. ഇവ കേസുകളിൽ സിസിടിവി ദൃശ്യങ്ങളിൽനിന്നോ മറ്റു ക്യാമറകളിൽനിന്നോ ലഭിക്കുന്ന വിഡിയോയുമായി താരതമ്യം ചെയ്യുന്നു. ഫൊറൻസിക് ലാബിൽ നടത്തുന്ന താരതമ്യത്തിൽ രണ്ടു സന്ദർഭങ്ങളിലെയും വ്യക്തികൾ ഒരാളാണെന്നു തെളിയിക്കാൻ കഴിയും. രണ്ടു സന്ദർഭങ്ങളിൽ രണ്ടുപേരാണെങ്കിൽ അക്കാര്യവും തിരിച്ചറിയാം. കൂടാതെ ഗെയിറ്റ് അനാലിസിസിന്റെ ഉപവിഭാഗമായ ഫൊറൻസിക് പോഡിയാട്രി (Forensic Podiatry) സ്ഥലത്തെ കാൽപാദങ്ങൾ പതിയുന്നതും പരിശോധിക്കും. പാദത്തിന്റെ ആകൃതി, പാദങ്ങൾ തമ്മിലുള്ള അകലം തുടങ്ങിയവയാണ് എടുക്കുന്നത്. ഇവയും താരതമ്യം ചെയ്യാൻ സഹായിക്കും. ശാസ്ത്രീയ ലാബ് പരിശോധനാ ഫലം തെളിവായി കോടതി സ്വീകരിക്കുന്നു. ഗൗരി ലങ്കേഷ് കേസ്, മുംബൈയിലെ സാക്കി നാക പീഡന കേസ്, സച്ചിൻ വേഴ്സ്സ് ആന്റിലിയ കേസ് എന്നിവയിൽ കോടതിയിൽ നിർണായക തെളിവായതു നടത്ത പരിശോധനയാണ്. 

LISTEN ON

ഉദാഹരണത്തിന് ബാങ്ക് കവർച്ചാ കേസിൽ സിസിടിവി ദൃശ്യങ്ങളിൽ പ്രതി റിജോ ആന്റണി നടക്കുന്ന രീതി സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. പിന്നീട് കവർച്ചാ രംഗം പുനഃസൃഷ്ടിച്ച പൊലീസ്, റിജോ കടന്നു വരുന്ന രീതി വിഡിയോ എടുത്തു. റിജോ ബാങ്കിൽ പ്രവേശിക്കുന്നതിന്റെയും കവർച്ച നടത്തുന്നതിന്റെയും പരിശോധനാ ദൃശ്യങ്ങളും ഇതുവഴി ശേഖരിച്ചു. ഈ രണ്ടു ദൃശ്യങ്ങളും ലാബിൽ അയച്ച് ഒന്നാണെന്ന് ഉറപ്പു വരുത്തുകയാണു ലക്ഷ്യം. പൊലീസിനു തെളിവു ലഭിക്കാതിരിക്കാനാണ് റിജോ മാസ്കും ഹെൽമറ്റും ധരിച്ചത്. കാലിലെ ഷൂവും ഉപയോഗിച്ച എൻടോർക് സ്കൂട്ടറും വഴിയാണ് പൊലീസ് റിജോയിലേക്ക് എത്തിയത്. മുഖം മറച്ചു രക്ഷപ്പെടാൻ റിജോ ശ്രമിച്ചെങ്കിലും നടത്തം തിരിച്ചടിയാവുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോട്ട ഫെഡറൽ ബാങ്കിൽ ഉച്ചയോടെ റിജോ ഒറ്റയ്ക്കു കവർച്ച നടത്തിയത്. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്നെങ്കിലും തൊട്ടടുത്ത ദിവസം പിടിയിലായി. 

English Summary:

Gait analysis: Gait analysis provided crucial evidence in the Chalakudy Pott Federal Bank robbery case, marking a first in Kerala's investigative history. The accused's unique walking style, captured on CCTV, was compared to recreated footage, leading to his identification and arrest despite attempts at concealment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com