മൂന്നാംവട്ട ചർച്ചയും പരാജയം, കമ്മിഷനെ വയ്ക്കാമെന്ന സർക്കാർ നിർദേശം തള്ളി; സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് ആശമാർ

Mail This Article
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ വേതനം പരിഷ്കരിക്കുന്നതു പഠിക്കാന്‍ കമ്മിഷനെ വയ്ക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി.
തല്ക്കാലം മൂവായിരം രൂപ വര്‍ധിപ്പിക്കുക, എന്നിട്ട് കമ്മിഷനെ വയ്ക്കാനുള്ള തീരുമാനം നടപ്പാക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചിട്ടും മന്ത്രിയും മറ്റ് ട്രേഡ് യൂണിയനുകളും അംഗീകരിച്ചില്ലെന്നു സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു. ചര്‍ച്ചയുടെ വിവരങ്ങള്‍ അറിഞ്ഞതിനു പിന്നാലെ സമരപ്പന്തലില്‍ പ്രതിഷേധം ശക്തമായി.
മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആശമാര്‍ മുദ്രാവാക്യം മുഴക്കി. പണിയെടുക്കുന്ന പാവങ്ങളോട് എത്രത്തോളം ക്രൂരമായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നതിന്റെ ഉദാഹരണമായിരുന്നു ചര്‍ച്ചയെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു. ചർച്ച പരാജയപ്പെട്ടതോടെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കു കടന്നു.
അങ്കണവാടി ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കിയതിനു സമാനമായാണ് കമ്മിഷനെ വയ്ക്കാമെന്ന നിര്‍ദേശം മൂന്നാംവട്ട ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നോട്ടുവച്ചത്. ട്രേഡ് യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മന്ത്രിതല ചര്‍ച്ചയും നടന്നു. മന്ത്രിതല ചര്‍ച്ച നാളെയും തുടരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ചേംബറില്‍ വച്ചായിരുന്നു ചര്‍ച്ച. സിഐടിയു, ഐഎന്‍ടിയുസി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കണം, വിരമിക്കല്‍ ആനുകൂല്യം നല്‍കണം തുടങ്ങിയ ആവശങ്ങളിലൂന്നിയായിരുന്നു സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ആശാ വര്‍ക്കര്‍മാരുടെ കാര്യത്തിലും സാധ്യമാകുമോയെന്നാണു സര്‍ക്കാരിന്റെ ആലോചന. പ്രശ്നങ്ങള്‍ പഠിക്കാന്‍ 10 ദിവസത്തിനകം കമ്മിറ്റിയെ നിയോഗിക്കാമെന്നും ഈ കമ്മിറ്റി 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ചര്‍ച്ചകള്‍ നടത്താമെന്നും മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും വീണാ ജോര്‍ജും നല്കിയ ഉറപ്പിലാണ് അങ്കണവാടി ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.
സംസ്ഥാനത്തെ 26,000 ത്തിലധികം ആശാ പ്രവര്‍ത്തകരില്‍ പകുതിപ്പേരും സിഐടിയു യൂണിയനിലുള്ളവരാണ്. ഏഴായിരത്തോളം പേര് ഐഎന്‍ടിയുസി അംഗങ്ങളാണ്. സമരരംഗത്തുള്ള എഐയുടിയുസിക്കു കീഴിലുള്ളത് അഞ്ഞൂറോളം പേരാണെന്നാണു ട്രേഡ് യൂണിയനുകളുടെ വിലയിരുത്തലെങ്കിലും സമരം മറ്റു യൂണിയനുകളെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.