വിദേശപഠനം ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വീസ നിരക്ക് 13% വർധിപ്പിച്ച് യുകെയും ഓസ്ട്രേലിയയും

Mail This Article
ന്യൂഡൽഹി∙ യുകെയും ഓസ്ട്രേലിയയും രാജ്യാന്തര അപേക്ഷകർക്കുള്ള വീസ ചാർജുകളും ട്യൂഷൻ ഫീസുകളും 13% വരെ വർധിപ്പിക്കും. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.
∙ യുകെ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ
മിക്ക വിഭാഗങ്ങളിലുമുള്ള വീസ, ഇമിഗ്രേഷൻ ഫീസ് ഘടന എന്നിവ യുകെ സർക്കാർ പരിഷ്കരിച്ചിട്ടുണ്ട്. ആറു മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസ ഫീസ്, 115 പൗണ്ടിൽനിന്ന് (ഏകദേശം 12,700 രൂപ) 127 പൗണ്ടി (ഏകദേശം 14,000 രൂപ)ലേക്ക് ഉയരും. ദീർഘകാല സന്ദർശക വീസ ഫീസുകളിലും മാറ്റമുണ്ട്. സ്റ്റുഡന്റ് വീസയ്ക്കായി അടയ്ക്കേണ്ട തുക 490 പൗണ്ടിൽനിന്ന് 524 പൗണ്ടായി ഉയരും.
ജോലി സംബന്ധമായ ചില വിഭാഗങ്ങളിലാണ് ഏറ്റവും വലിയ വർധനയുണ്ടായത്. മൂന്നു വർഷം വരെ താമസിക്കുന്നതിനുള്ള സ്‌കിൽഡ് വർക്കർ വീസ ഫീസ് 719 പൗണ്ടിൽനിന്ന് 769 പൗണ്ട് ആയും ഇന്നവേറ്റർ ഫൗണ്ടർ വീസയ്ക്കുള്ള ഫീസ് 1,191 പൗണ്ടിൽനിന്ന് 1,274 പൗണ്ട് ആയും വർധിക്കും. തൊഴിലുടമകൾ നൽകുന്ന സ്പോൺസർഷിപ്പ് ചെലവുകളിലും മാറ്റമുണ്ട്. ഒരു സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റിന് ഇപ്പോൾ 525 പൗണ്ട് ചെലവാകും. അതായത്, നിലവിലുള്ള 239 പൗണ്ടിനേക്കാൾ ഇരട്ടിയിലധികം.
∙ യുകെ സർവകലാശാല ഫീസിലെ മാറ്റങ്ങൾ
2017 മുതൽ മരവിപ്പിച്ചിരുന്ന ഇംഗ്ലണ്ടിലെ ആഭ്യന്തര സർവകലാശാല ട്യൂഷൻ ഫീസ്, പണപ്പെരുപ്പത്തിനൊപ്പം വർധിപ്പിക്കുമെന്ന് യുകെ സർക്കാർ പറഞ്ഞിരുന്നു. 2025–26 അധ്യയന വർഷത്തില്‍ പഠനം ആരംഭിക്കുന്ന വിദ്യാർഥികളെയാണ് ഈ ഫീസ് വർധന പ്രധാനമായും ബാധിക്കുക. പ്രതിവർഷം 9,250 പൗണ്ട് എന്ന നിലവിലെ പരിധി അഞ്ച് വർഷത്തിനുള്ളിൽ ക്രമേണ 10,500 പൗണ്ട് ആയി ഉയരും.
∙ ഓസ്ട്രേലിയൻ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ
സ്റ്റുഡന്റ് വീസയുടെ (സബ്ക്ലാസ് 500) തുക 1,600 ഓസ്ട്രേലിയൻ ഡോളറിൽനിന്ന് (₹85,600) ഏകദേശം 1,808 ഓസ്ട്രേലിയൻ ഡോളറായി (₹ 96,800) ഉയരും. സന്ദർശക, തൊഴിൽ വീസകളിലും സമാനമായ വർധനവുണ്ടായിട്ടുണ്ട്. വർധനവിനുശേഷം, വർക്ക് വീസയ്ക്ക് ഏകദേശം 1,130 ഓസ്ട്രേലിയൻ ഡോളർ (₹60,490) ആണ് ഫീസാവുക. ഫെബ്രുവരിയിൽ തന്നെ നടപ്പാക്കിയതാണു താൽകാലിക ഗ്രാജ്വേറ്റ് വീസ ഫീസ് വര്‍ധന. പ്രാഥമിക അപേക്ഷകരുടെ അടിസ്ഥാന അപേക്ഷാ ഫീസിലെ മാറ്റം 15 ശതമാനത്തോളമാണ്.
∙ ഓസ്‌ട്രേലിയയിലെ ട്യൂഷൻ ഫീസ് വർധന
2025 മുതൽ നിരവധി ഓസ്‌ട്രേലിയൻ സർവകലാശാലകളും രാജ്യാന്തര വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുകയുണ്ടായി. പ്രവർത്തന ചെലവ് വർധിച്ചതാണു തീരുമാനത്തിനു പിന്നിലെന്നാണു സർവകലാശാലകൾ പറയുന്നത്. ചില കോഴ്‌സുകളുടെ ഫീസ് 7 ശതമാനത്തിലധികം വരെ ഉയരുമെന്നു സർവകലാശാലകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ പറയുന്നു. മെൽബൺ സർവകലാശാലയിലെ എൻജിനീയറിങ് പഠനത്തിനിപ്പോൾ പ്രതിവർഷം 56,480 ഓസ്ട്രേലിയൻ ഡോളർ ചെലവാകും. ക്ലിനിക്കൽ മെഡിസിൻ കോഴ്‌സുകൾക്ക് പ്രതിവർഷം 112,832 ഓസ്ട്രേലിയൻ ഡോളറോളം ഫീസാകും.