തുടര്‍ഭരണം ലഭിക്കാന്‍ പ്രവർത്തനങ്ങൾ ശക്തമാക്കണം; എം.എ. ബേബിക്ക് എകെജി സെന്ററില്‍ സ്വീകരണം

Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിക്ക് എകെജി സെന്ററില്‍ ആവേശോജ്വലമായ സ്വീകരണം. മന്ത്രി വി.ശിവന്‍കുട്ടി ബേബിയെ ആലിംഗനം ചെയ്ത് ചുവന്ന ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഇ.പി. ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്നിഹിതരായിരുന്നു.
പാര്‍ട്ടി എല്പ്പിച്ച ഉത്തരവാദിത്തം അനുസരണയുള്ള പ്രവര്ത്തകന് എന്ന നിലയില്‍ ഏറ്റെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എം.എ.ബേബി പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നവഫാഷിസ്റ്റ് നയങ്ങളാണ് നടപ്പാക്കുന്നതെന്നും അതിനെ നേരിടുകയെന്ന ദൗത്യമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തതെന്നും ബേബി പറഞ്ഞു. അടുത്തിടെ ഒരു സിനിമയ്ക്കു നേരെ നടത്തിയ ഹീനമായ കടന്നാക്രമണം അതിന് ഉദാഹരണമാണ്. ഗുജറാത്തില്‍ നടന്ന ക്രൂരമായ അതിക്രമങ്ങള്‍ സംബന്ധിച്ച് പരാമര്‍ശം ഉണ്ടെന്നതിന്റെ പേരില്‍ വലിയ ആക്രമണമാണ് സിനിമയ്ക്കെതിരെ ഉണ്ടായത്. സിനിമയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ക്കെതിരെ ഇ.ഡി സംഘത്തെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ഇതു നിയമലംഘനമാണ്. ആര്‍എസ്എസിന്റെ പ്രതിനിധികളെ കുത്തിനിറച്ച സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. അല്ലാതെ ഒന്നും ഒളിച്ചുകടത്തുകയായിരുന്നില്ല. ഇത്തരത്തില്‍ രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെ നേരിടാന്‍ വ്യക്തമായ കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളതെന്നും ബേബി പറഞ്ഞു.

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ സംരക്ഷണത്തിനു വേണ്ടി രാജ്യത്തെ പാര്‍ട്ടി ഒന്നാകെ അണിനിരക്കണമെന്ന പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചുവെന്ന് എം.എ.ബേബി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതപ്പെട്ട പണം നല്‍കാതെ സംസ്ഥാനസര്‍ക്കാരിനെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ അതിജീവിച്ചുകൊണ്ടാണ് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കേരളസര്‍ക്കാര്‍ കൈവരിക്കുന്നത്. ഇടതു സര്‍ക്കാരിനു തുടര്‍ഭരണം ലഭിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിന്റെ മുന്നോടിയായി തദ്ദേശതിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. എല്ലാ കരുത്തും ആര്‍ജിച്ച് വന്‍വിജയത്തിലേക്കു പാര്‍ട്ടിയെ നയിക്കണമെന്നും ബേബി ആഹ്വാനം ചെയ്തു.