പലതരം ലൈംഗിക വൈകൃതം, സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു നിർബന്ധിച്ചു; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ഭാര്യ

Mail This Article
ന്യൂഡൽഹി∙ കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുൻഭാര്യ ദിവ്യ ശശിധർ. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദർശിച്ചിരുന്നു, തന്നെ മാനസികമായി പീഡിപ്പിച്ചു, നിരീക്ഷിക്കാൻ വീട്ടിൽ ഒളി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയവയാണ് ദിവ്യ ഉയർത്തിയ ആരോപണങ്ങൾ. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവർ നടത്തിയ പോരാട്ടത്തിൽ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകൾ, ഇമെയിലുകൾ, ഫോട്ടോകൾ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകൾ.
പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുൻപും ചൂണ്ടിക്കാണിച്ചിരുന്നു. പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു.
ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങൾക്കു മുൻപു പ്രസന്നയ്ക്കെതിരെ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം എക്സ് പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ചർച്ചയായത്.