ADVERTISEMENT

കോട്ടയം ∙ കോഴിക്കോടും പാലക്കാടും മറി കടന്ന് ‘എയിംസ്’ ആലപ്പുഴയിൽ എത്തുമോ ? കേരളത്തിൽ കേന്ദ്ര സർക്കാർ ആരംഭിക്കാനുദ്ദേശിക്കുന്ന ‘എയിംസ്’ സാധ്യതാ പട്ടികയിൽ ആലപ്പുഴയും. കോഴിക്കോട്, പാലക്കാട് ജില്ലകൾക്ക് പുറമെയാണ് ആലപ്പുഴയും പരിഗണിക്കുന്നത്. കേന്ദ്ര മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയാണ് എയിംസ് ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ആലപ്പുഴയിൽ സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയിൽ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയിൽ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടു വയ്ക്കുന്നത്.

കോഴിക്കോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട് എടുത്തത്. ഇവിടെ സ്ഥലവും ലഭ്യമാണ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്ര സർക്കാരിന് കത്തു നൽകിയിരുന്നു. സ്പെഷൽ ഓഫിസറെയും നിയമിച്ചു. എന്നാൽ നടപടി മുന്നോട്ട് പോയില്ല. പിന്നീട് എയിംസ് പാലക്കാട് ജില്ലയിൽ പരിഗണിക്കണമെന്ന അഭിപ്രായം ഉയർന്നു. ബിജെപി നേതൃത്വവും ഈ നിർദേശത്തെ അനൂകൂലിച്ചിരുന്നു. സ്ഥലം ലഭ്യമാണെന്നതാണ് പാലക്കാടിന്റെ അനൂകൂല ഘടകം. ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും അതോടൊപ്പം പ്രദേശത്തിന്റെ വളർച്ചയ്ക്കും സഹായിക്കുമെന്ന് അഭിപ്രായവും ഉയർന്നു. ഇതിനിടെയാണ് ആലപ്പുഴ ജില്ലയും പരിഗണനയിൽ വരുന്നത്. കേന്ദ്ര മന്ത്രി തന്നെ രംഗത്ത് എത്തിയതോടെ കേന്ദ്ര സർക്കാർ തീരുമാനം നിർണായകമായി. 

എല്ലാ സംസ്ഥാനത്തും എയിംസ് എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. ചികിത്സാ പരമായും വികസന പരമായും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിർദേശം എന്ന നിലയിലാണ് ഇപ്പോൾ ആലപ്പുഴ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരുമായും ആരോഗ്യ മേഖലയിലെ വിദഗ്ധരുമായും അഭിപ്രായ രൂപീകരണവും നടത്തിയിരുന്നു. ഇതോടെയാണ് ആലപ്പുഴ എയിംസ് ഭൂപടത്തിലേക്ക് എത്തുന്നത്. ദേശീയ പാതയുമായുള്ള അടുപ്പം, റെയിൽ സൗകര്യം, നെടുമ്പാശേരി വിമാനത്താവളവുമായുള്ള സാമീപ്യം എന്നിവയും ആലപ്പുഴയുടെ അനുകൂല ഘടകങ്ങൾ. അതേ സമയം വലിയ തോതിൽ‌ അനുബന്ധ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടി വരുമെന്ന ന്യൂനതയുമുണ്ട്. നിലവിൽ ആലപ്പുഴ വണ്ടാനത്താണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. ആലപ്പുഴ നഗരത്തിന് 13 കിലോമീറ്റർ അകലെയാണ് വണ്ടാനം. എയിംസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗ്ലാസ് ഫാക്ടറി നഗരത്തിന് സമീപത്താണ്.

English Summary:

Alappuzha's Bid for AIIMS: AIIMS Alappuzha is a strong contender for the new All India Institute of Medical Sciences in Kerala, challenging previous proposals for Kozhikode and Palakkad.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com