‘കമ്പിവടി കൊണ്ട് ആക്രമിച്ചു’; ‘വനിതകളോട് മോശമായി പെരുമാറി’; കൂട്ടത്തല്ലിൽ പരാതി കടുപ്പിച്ച് മഹാരാജാസ് വിദ്യാർഥികളും അഭിഭാഷകരും

Mail This Article
കൊച്ചി ∙ അർധരാത്രിയില്‍ ആരംഭിച്ച സംഘർഷം പകലും നീണ്ടതോടെ യുദ്ധക്കളമായി നഗരം. എറണാകുളം നഗരത്തിൽ വ്യാഴാഴ്ച അർധരാത്രിയിൽ ജില്ലാ കോടതിയിലെ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാർഥികളും തമ്മിൽ ഉടലെടുത്ത സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അഭിഭാഷകർ കോടതി വളപ്പിൽനിന്നു കല്ലെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാർഥികളാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അഭിഭാഷകരും പറയുന്നു. സെൻട്രൽ പൊലീസ് ആസ്ഥാനത്തേക്ക് അഭിഭാഷകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. മൊഴികൾ എടുത്ത ശേഷം ഇരുകൂട്ടർക്കുമെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പൊലീസ്. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരുക്കേറ്റതിനാൽ ഇതിലും കേസുണ്ടാകും.
ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പിവടി എന്നിവ ഉപയോഗിച്ചാണ് അഭിഭാഷകർ ആക്രമിച്ചതെന്നും അഭിഭാഷകരിൽ ചിലർ മദ്യപിച്ച് ലക്കുകെട്ട് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാൽ ഡിജെ പരിപാടിക്ക് കയറിയ വിദ്യാർഥികൾ വനിത അഭിഭാഷകരോട് അടക്കം മോശമായി പെരുമാറുകയായിരുന്നെന്ന് അഭിഭാഷക അസോസിയേഷൻ ആരോപിച്ചു. ഇതു ചോദ്യം ചെയ്തതോടെ മുപ്പതംഗ വിദ്യാർഥി സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നെന്ന് അസോസിയേഷൻ പറഞ്ഞു.
എറണാകുളം ബാർ അസോസിയേഷന്റെ വാർഷിക പരിപാടിക്കിടെയാണ് വ്യാഴാഴ്ച കൊച്ചി നഗരത്തിലെ പാർക് അവന്യൂ റോഡും പരിസരവും യുദ്ധക്കളമായത്. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവുമാണ് മഹാരാജാസ് കോളജും ജില്ലാ കോടതിയും. ജില്ലാ കോടതി വളപ്പിലാണ് ബാർ അസോസിയേഷന്റെ ഓഫിസും സ്ഥിതി ചെയ്യുന്നത്. ഇന്നലെ ബാർ അസോസിയേഷൻ വാർഷികത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് ഭക്ഷണവും കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പരിപാടിയിലേക്ക് മഹാരാജാസ് കോളജിലെ വിദ്യാർഥികൾ വരുകയും ഇത് അഭിഭാഷകർ ചോദ്യം ചെയ്ത് ഇവരെ പുറത്താക്കുകയും ചെയ്തു.
പിന്നീട് മുപ്പതോളം പേർ ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നെന്നാണ് അഭിഭാഷക അസോസിയേഷൻ ആരോപിക്കുന്നത്. അസോസിയേഷന്റെ പരിപാടിക്ക് മഹാരാജാസിൽ നിന്നുള്ള വിദ്യാർഥികൾ വന്ന് മുൻപും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ആന്റോ തോമസ് പറഞ്ഞു. ‘‘അവർ കഴിച്ചിട്ടു പോകുന്നതിനു കുഴപ്പമില്ല. ഭക്ഷണത്തിന് ശേഷം കലാപരിപാടികൾ ആരംഭിച്ചു. വനിതാ അഭിഭാഷകരും കുടുംബാംഗങ്ങളുമെല്ലാം ഉണ്ട്. ഡാൻസ് കളിച്ചപ്പോൾ വിദ്യാർഥികളെ അവിടെനിന്നു പുറത്താക്കി. എന്നാൽ കലാപരിപാടികൾ അവസാനിക്കാറായപ്പോൾ ഒരു കൂട്ടം വിദ്യാർഥികൾ ഗേറ്റും ചവിട്ടിത്തുറന്ന് ആക്രമിക്കുകയായിരുന്നു. അവിടെ വച്ചിരുന്ന ഗ്ലാസുകൾ എടുത്തെറിഞ്ഞുകൊണ്ടാണ് അവർ കയറി വന്നത്. നിയമം കയ്യിലെടുക്കാൻ കഴിയാത്തതിനാൽ ഞങ്ങൾ പ്രതിരോധിച്ചു. അഭിഭാഷകർക്ക് മാത്രമുള്ള സ്ഥലത്തേക്ക് വിദ്യാർഥികൾ അതിക്രമിച്ചു കടന്നതിന് അടക്കം പരാതികൾ നൽകും.’’– ആന്റോ തോമസ് പറഞ്ഞു.
എന്നാൽ അഭിഭാഷകരുടെ ഭാഗത്തുനിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്നാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആശിഷ് എസ്. ആനന്ദ് പറയുന്നത്. ‘‘അവിടെ വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ പോയി എന്നാണ് പറയുന്നത്. 11 മണി ആയപ്പോൾ അവിടെ ഫുഡ് കൗണ്ടർ പോലുമില്ല. 9 മണി ആയപ്പോൾ തന്നെ അതൊക്കെ അടച്ചിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ ചെന്ന വിദ്യാർഥികൾ പ്രശ്നമുണ്ടാക്കി എന്ന വാദം ശരിയല്ല. ഇന്ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങളുമായി വിദ്യാർഥികൾ ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെ നാല് ഒന്നാം വർഷ വിദ്യാർഥികൾ പുറത്തേക്ക് പോയി. അവർ എസ്എഫ്ഐക്കാർ പോലുമല്ല. തൊട്ടടുത്താണ് കോടതിയുടെ ഗേറ്റും. അവിടെ നിന്ന അഭിഭാഷകർ ഈ വിദ്യാർഥികളോട് മോശമായി പെരുമാറി. അവർ ക്യാംപസിൽ വന്ന് അവിടെയുണ്ടായിരുന്ന മറ്റു വിദ്യാർഥികളോട് പറയുകയായിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ചെന്നപ്പോൾ അഭിഭാഷകർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മൂന്നു പേരുടെ തലയ്ക്കും ഒരാളുടെ തോളെല്ലിനും പരുക്കേറ്റു. ഒരാളുടെ പുറത്ത് എന്തോ ഉപയോഗിച്ച് കുത്തിയിട്ടുണ്ട്. 16 വിദ്യാർഥികളാണ് ആശുപത്രിയിലായത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആദിലിന്റെ തലയിൽ 12 തുന്നിക്കെട്ടുകളാണുള്ളത്. പരുക്കേറ്റവർ അഭിഭാഷകർക്കെതിരെ പരാതി നൽകും.’’– ആശിഷ് പറഞ്ഞു.
12 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചത് പുലർച്ചെ മൂന്നരയോടെയാണ്. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി വിദ്യാർഥികളെയും അഭിഭാഷകരെയും പിന്തിരിപ്പിച്ചതോടെയാണ് രംഗം ശാന്തമായത്. ഇരുകൂട്ടരും പരസ്പരം നിയമനടപടികൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. ഇനിയും സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസും ക്യാംപ് ചെയ്യുന്നുണ്ട്.