ADVERTISEMENT

ചെന്നൈ∙ ലാസ് വേഗസ്, കസീനോകളുടെയും ചൂതാട്ടങ്ങളുടെയും ആഘോഷങ്ങളുടെയും നാട്. പണം വീശി പണം വാരുന്ന ബിസിനസ് മാഗ്നെറ്റുകളുടെ പറുദീസ. നിശാപാർട്ടികളും ആഘോഷങ്ങളുമായി ഉറക്കമില്ലാത്ത നഗരം. ലോകത്ത് ലാസ് വേഗാസ് പോലെ വളരുന്ന നിരവധി നഗരങ്ങളുണ്ട്. അതിൽ നിയമപരമായും അല്ലാതെയും വളരുന്ന ചൂതാട്ട കേന്ദ്രങ്ങളും. അക്കൂട്ടത്തിൽ ചൈനീസ് പണം കൊണ്ട് അതിവേഗം വളരുന്ന കംബോഡിയൻ നഗരമാണ് സിഹനൂക്‌വിൽ. കംബോഡിയൻ തലസ്ഥാനമായ പനോം പെനിൽ നിന്ന് തെക്ക് പടിഞ്ഞാറായി ഗൾഫ് ഓഫ് തായ്‌ലൻഡിൽ‌ ദക്ഷിണ ചൈനാ കടലിന്റെ മടിയിൽ ഉറങ്ങുന്ന നഗരം.

∙‌ സിഹനൂക്‌വിൽ: ചതിക്കുഴി

കഴിഞ്ഞ പത്തു വർഷം കൊണ്ട് സിഹനൂക്‌വിൽ വളർന്നതിന്റെ ചരിത്രത്തിനു പറയാനുള്ളത് ചതിയുടെയും കള്ളച്ചൂതിന്റെയും കഥകളാണ്. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചവർ. ആഘോഷങ്ങളുടെ രാവുകൾ താണ്ടിയാൽ അവിടത്തെ മണ്ണിന് ചതിക്കപ്പെട്ടവരുടെ നിരവധി കഥകൾ പറയാനുണ്ട്. അതിൽ ഇന്ത്യയിൽനിന്നു പോയവരും, എന്തിനേറെ നിരവധി മലയാളികളും ഉണ്ട്. ഒരു ജോലിക്കായി ലക്ഷങ്ങൾ മുടക്കി സ്വപ്നങ്ങൾ പലതും കണ്ട് എത്തിയവർ. ഒടുക്കം ചതിയിൽപ്പെട്ട് പോയതോടെ നരകയാതന അനുഭവിച്ചവർ. ചൈനീസ് പണത്തിനു മുന്നിൽ ഒരു നാടിനെ വിൽക്കേണ്ടി വന്ന കംബോഡിയൻ ജനതയുടെ കഥ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കംബോഡിയൻ പൊലീസിന്റെ മൗനസമ്മതം കൂടി ആകുന്നതോടെ ചതിയിൽപ്പെട്ടവർക്ക് തിരികെ വരാനാകാത്ത വിധം ആ നഗരം ഒരു കുരുക്കായി മാറും.

sihanoukville-3
‌സിഹനൂക്‌വിൽ നഗരം. (Photo Arranged)

∙ കംബോഡിയയുടെ ‘ലാസ് വേഗസ്’

കംബോഡിയയുടെ പടിഞ്ഞാറൻ തീരത്തെ ഒരു സാധാരണ കടലോര പട്ടണമായിരുന്നു സിഹനൂക്‌വിൽ. 2010ന് ശേഷം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കസീനോ നഗരമായി സിഹനൂക്‌വിൽ മാറി. നൂറു കണക്കിന് സ്റ്റാർ ഹോട്ടലുകൾ, കസീനോകൾ, വിനോദമാർഗങ്ങൾ... നഗരം പൊടുന്നനെ വളർന്നു. ചൈനീസ് നിക്ഷേപമായിരുന്നു സിഹനൂക്‌വില്ലിന്റെ വളർച്ചയ്ക്കു പിന്നിൽ. പതിനായിരക്കണക്കിന് ചൈനീസ് പൗരന്മാരാണ് ദിവസേന നഗരം സന്ദർശിച്ചുകൊണ്ടിരുന്നത്. ചൂതാട്ടം ഒരു വ്യവസായമായി സിഹനൂക്‌വിലിൽ മാറുകയായിരുന്നു. 2019 അവസാനത്തോടെ കംബോഡിയൻ സർക്കാർ ഓൺലൈൻ ചൂതാട്ടം നിരോധിച്ചതോടെ ചൈനീസ് ചൂതാട്ട കേന്ദ്രങ്ങൾ പതിയെ ഇവിടം വിട്ടു. എന്നാൽ കോവിഡ് – 19ഉം തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും കംബോഡിയയെയും സിഹനൂക്‌വിൽ എന്ന നഗരത്തെയും ബാധിച്ചു. ആയിരത്തിലേറെ കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ടു. ചൈനീസ് നിക്ഷേപത്തെ അമിതമായി ആശ്രയിച്ചതും സാമ്പത്തികമായി നഗരത്തെ ബാധിച്ചു.

sihanoukville-1
‌സിഹനൂക്‌വിൽ നഗരത്തിലെ കാസിനോ കാഴ്ച. (Photo Arranged)

∙ ഓൺൈലൻ ചൂതാട്ടവും പ്രോക്സി വാതുവയ്പ്പും

പെട്ടെന്നു ലാഭം നേടാനുള്ള അവസരമായാണ് ചൈനീസ് നിക്ഷേപകർ സിഹ്നൂക്‌വിലിനെ കണ്ടത്. 2016ൽ സർക്കാർ ‘പ്രോക്സി വാതുവയ്പ്’ നിരോധിക്കുന്നതുവരെ ചൈനയിൽ വൻതോതിൽ വളർന്നുകൊണ്ടിരുന്ന ഓൺലൈൻ ചൂതാട്ടമാണ് ഈ സിഹനൂക്‌വില്ലിന്റെ വളർച്ചയ്ക്കും ആക്കം കൂട്ടിയത്. ചൈനയുടെ സമ്മർദത്തിന് വഴങ്ങി 2019 അവസാനത്തോടെ കംബോഡിയൻ സർക്കാർ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. നിരോധനം പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. കോവിഡ്-19നു പിന്നാലെ സിഹനൂക്‌വില്ലിന്റെ സമ്പദ്‌വ്യവസ്ഥ  അനിശ്ചിതത്വത്തിലായി. നഗരം വൈകാതെ ഒരു പ്രേത നഗരമായി.

∙ നഗരം വാഴുന്ന ചൈനീസ് ഗാങുകൾ

2016 മുതൽ 2019 വരെ സിഹനൂക്‌വിലിൽ ചൈനീസ് തൊഴിലാളികളുടെയും ബിസിനസുകാരുടെയും കുടിയേറ്റം മൂലം റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് മാഫിയ ഗാങ്ങുകൾ, ഗുണ്ടാ സംഘങ്ങൾ എന്നിവർ സിഹനൂക്‌വിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. പലതും ചൈനീസ് സംഘങ്ങൾ തന്നെയായിരുന്നു. കോവിഡിനു ശേഷം പഴയ ചൈനീസ് മാഫിയ സംഘങ്ങൾ തലപൊക്കുന്ന കാഴ്ചയാണ് സിഹ്നൂക്‌വിലിൽ കണ്ടത്. നേരത്തെ കംബോഡിയൻ സർക്കാരിനു നേരിട്ട് നിയന്ത്രണമുണ്ടായിരുന്ന സിഹ്നൂക്‌വിൽ പതിയെ ലഹരിമരുന്ന് മാഫിയകളുടെ കൈകളിലേക്ക് വീണു. ഇതോടെ അനധികൃത ഓൺലൈൻ ചൂതാട്ടങ്ങളുടെയും ലഹരിമരുന്ന് വ്യാപാരത്തിന്റെയും ‘സിലിക്കൺ വാലി’യായി സിഹനൂക്‌വിൽ മാറി.

sihanoukville-2
‌സിഹനൂക്‌വിലെ തെരുവ് കച്ചവടക്കാർ. (Photo Arranged)

ഓൺലൈൻ വാതുവയ്പ്പുകൾ, സെക്സ് ചാറ്റിങ്, അനധികൃത ബിറ്റ് കോയിൻ ഇടപാടുകൾ, വ്യാജ നിക്ഷേപ തട്ടിപ്പുകൾ എന്നിവയ്ക്ക് സിഹ്നൂക്‌വിൽ താവളമായി മാറുന്ന കാഴ്ചയാണ് 2020ന് ശേഷം കണ്ടത്. നഗരത്തിന്റെ നടത്തിപ്പ് ചൈനീസ് മാഫിയാ സംഘങ്ങൾ ഏറ്റെടുത്തു. കംബോഡിയൻ പൊലീസ് നഗരത്തിന്റെ അതിർത്തിക്കു പുറത്ത് വെറും കാഴ്ചക്കാരായി. പലപ്പോഴും അനധികൃത ഇടപാടുകൾക്ക് കാവൽക്കാരും. ഇവിടത്തെ തൊഴിൽ തട്ടിപ്പിന് ഇരയായവരിൽ മലയാളികൾ അടക്കമുള്ളവരും ഉണ്ട്. ഇവരുടെ അനുഭവ കഥകളാണ് അടുത്ത ഭാഗത്ത്. (തുടരും)

English Summary:

Sihanoukville, Cambodia’s “Las Vegas,” is a city built on Chinese investment, fraud, and corruption. The city's rapid growth has attracted many, including Malayalis, who have become victims of widespread job scams.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com