മൃതദേഹം കൊണ്ടുവന്നപ്പോൾ വാതിൽ തുറന്നുകൊടുത്തു, രക്തം തുടച്ച തുണി കത്തിച്ചു; സീനയും അറസ്റ്റില്

Mail This Article
തൊടുപുഴ ∙ ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നൽകിയെങ്കിലും ദിവസങ്ങളായി ഇവർ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുൻപിൽ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവുനശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയവയിൽ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. മരണമുറപ്പിക്കാൻ ബിജുവിന്റെ മൃതദേഹവുമായി പ്രതികൾ ജോമോന്റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് നൽകിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാൻ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു. വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ബിജുവിന്റെ ചെരിപ്പ്, തുണി, ഷൂ ലെയ്സ് എന്നിവ കണ്ടെത്തി. കേസിൽ അഞ്ചാം പ്രതിയാണ് സീന.
ജോമോന്റെ ബന്ധുവായ ഭരണങ്ങാനം സ്വദേശി എബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശേഷം ജോമോൻ ആദ്യം വിവരം പറഞ്ഞത് എബിനോടായിരുന്നു. കലയന്താനിയിലെ ഗോഡൗണിൽ ബിജുവിന്റെ മൃതദേഹം മറവ് ചെയ്ത ശേഷം ‘ദൃശ്യം 4’ നടത്തിയെന്നാണ് ജോമോൻ ഫോൺ വിളിച്ചു എബിനോട് പറഞ്ഞത്.തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുളള കാര്യങ്ങളെ കുറിച്ച് എബിന് കൃത്യമായ വിവരങ്ങൾ ഉണ്ടായിട്ടും മറച്ചു വച്ചതിനാണ് ഇയാളെയും പ്രതി ചേർത്തത്. ഇയാൾ ആറാം പ്രതിയാണ്.