‘2 ഭീകരരെ വധിച്ചു, ഗ്രനേഡിന്റെ ഒരു ചീള് ഇപ്പോഴും തലയിലുണ്ട്; ആ ദിവസങ്ങൾ മറക്കില്ല; അയാളെ തൂക്കിലേറ്റണം’

Mail This Article
തഹാവൂർ റാണ– ഈയൊരൊറ്റപ്പേര് ഇന്ത്യയെ ഓർമിപ്പിക്കുന്നത് 2008 നവംബർ 26ന് മുംബൈയുടെ നെഞ്ചിൽവീണ നിരപരാധികളുടെ ചോരയെയാണ്. തോർന്നു തീരാത്ത കണ്ണീരിന്റെ ഉപ്പു പുരണ്ടു നീറുന്ന, ഇനിയുമുണങ്ങാത്തൊരു മുറിവിനെയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനായത് രാജ്യത്തിന്റെ നേട്ടമാണ്. അതിൽ ഏറെ സന്തോഷവാനാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കണ്ണോത്തെ പി.വി.മനേഷ്. മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ അംഗമായിരുന്നു മനേഷ്. ഭീതി നിറഞ്ഞ ആ ദിനങ്ങളെപ്പറ്റിയും റാണയെ ഇന്ത്യയിലെത്തിക്കാനായതിന്റെ സന്തോഷത്തെപ്പറ്റിയും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് മനേഷ്.
∙ വർഷങ്ങൾ നീണ്ട നിയമപോരാട്ടം; റാണയെ തൂക്കിക്കൊല്ലണം
തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു എന്നു കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി. നമ്മുടെ രാജ്യത്തു കടന്ന ഒരു തീവ്രവാദിയും തിരിച്ചുപോയിട്ടില്ല. തിരിച്ചുപോകാൻ ഈ നാട്ടിലെ ഒരു സൈനികനും സമ്മതിച്ചിട്ടുമില്ല. അതിന്റെ അവസാനത്തെ ഉദാഹരണമാണ് തഹാവൂർ റാണ. ഒരിക്കലും ഇന്ത്യ ആരോടും അങ്ങോട്ടു ചെന്ന് യുദ്ധം ചെയ്തിട്ടില്ല. നമ്മളെ ആക്രമിക്കാനെത്തിയവരെ തുരത്തുക മാത്രമാണ് ചെയ്തത്. മുംബൈ ഭീകരാക്രമണത്തിലും അതു തന്നെയാണ് ഉണ്ടായത്. നേരിട്ട് ആക്രമിക്കാൻ വന്നവരെ അന്ന് പ്രതിരോധിച്ചു. നിരവധി പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. പക്ഷേ, ഇന്ത്യയെ ആക്രമിക്കാൻ കൂട്ടുനിന്ന തഹാവൂർ റാണ മറ്റൊരു നാട്ടിൽ പോയി അഭയം തേടി. അതാണിപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇന്ത്യ അയാളെ തിരികെയെത്തിച്ചു.

തഹാവൂർ റാണ പത്തിലധികം തവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. കൊച്ചിയിൽ പോലും എത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിചാരണ നടക്കുന്നുണ്ട്. തക്ക ശിക്ഷ അയാൾക്കു നൽകും. അജ്മൽ കസബിനെ തൂക്കിക്കൊന്നപോലെ തഹാവൂർ റാണയെയും തൂക്കിക്കൊല്ലണമെന്നാണ് എന്റെ അഭിപ്രായം.
9 ഭീകരവാദികളെയാണ് അന്ന് മുംബൈയിൽ വധിച്ചത് ഒരാളെ ജീവനോടെ പിടികൂടി. പാക്കിസ്ഥാനിൽ നിന്നുവന്ന ഭീകരവാദികളാണ് ആക്രമണത്തിനു പിന്നിൽ എന്ന വസ്തുത അന്നു പാക്കിസ്ഥാൻ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ അജ്മൽ കസബിനെ പിടികൂടുകയും അയാളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുകയും ചെയ്തപ്പോഴാണ് ആക്രമണത്തിനു പിന്നിൽ ആരാണെന്നു കൃത്യമായി മനസ്സിലായത്. ഇന്ത്യയിൽ നിന്നുള്ള ഭീകരവാദികളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു അന്നു പാക്കിസ്ഥാന്റെ വാദം. അതു കള്ളമാണെന്നു തെളിഞ്ഞു.
∙ പരുക്കേറ്റ് നിരവധിപ്പേർ, ഗ്രനേഡ് തറച്ചത് തലയിൽ
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ, ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരമാണ്. എന്നാല്‍ അന്നത്തെ കാഴ്ചകൾ ഭീകരമായിരുന്നു. അവിടെ ആളൊഴിഞ്ഞത് പെട്ടെന്നായിരുന്നു. ഡൽഹിയിൽനിന്ന് ഞങ്ങൾ എൻഎസ്ജി കമാൻഡോ സംഘമെത്തിയത് ആക്രമണം തുടങ്ങിയതിന്റെ അടുത്ത ദിവസമാണ്. പലയിടത്തുനിന്നു കേൾക്കുന്ന വെടിയൊച്ചകളും നിലവിളികളും. എങ്ങനെയെങ്കിലും ഇതെല്ലാം അവസാനിക്കണം എന്നുമാത്രമാണ് അപ്പോൾ തോന്നിയത്. ആന്റി ടെററിസ്റ്റ് സ്ക്വാഡ് അടക്കം നിരവധി സുരക്ഷാസൈനികസംഘങ്ങൾ അപ്പോഴേക്കും അവിടെ എത്തിയിരുന്നു.

ആക്രമണം നടന്ന സ്ഥലങ്ങളിലെ കാഴ്ച ഭയാനകമായിരുന്നു. അഞ്ഞൂറിലേറെ ആളുകൾ പരുക്കേറ്റു പലയിടത്തു കിടക്കുന്നു. നടക്കുന്ന വഴികളിൽ രക്തം തളംകെട്ടിക്കിടക്കുന്ന കാഴ്ച. ഞങ്ങൾ അവിടെ എത്തിയപ്പോൾ, ആക്രമണം നടത്തിയ ഭാകരസംഘത്തിൽ എത്രപേരുണ്ടെന്നത് അടക്കമുള്ള വിവരങ്ങളെപ്പറ്റി വ്യക്തതയുണ്ടായിരുന്നില്ല. നരിമാൻ ഹൗസിലേക്കാണ് നേരെ പോയത്. അവിടെ ഭീകരവാദികൾ ആളുകളെ ബന്ദിയാക്കിയെന്നാണ് അറിഞ്ഞത്. അവിടെ വച്ചാണ് ഗജേന്ദ്ര സിങ് വീരമൃത്യു വരിച്ചത്.
ഒബ്‌റോയി ഹോട്ടലിൽ ഭീകരർ ഉണ്ടെന്നറിഞ്ഞ് അവിടേക്കു പോയി. ഹോട്ടലിലെ ഒരു മുറിയിൽ 2 ഭീകരർ ഉണ്ടായിരുന്നു. അവരുടെ ഇടയിലേക്കാണ് ഞാൻ കയറിച്ചെന്നത്. ഒരു ഭീകരനെ വധിച്ചു. രണ്ടാമനെ വെടിവയ്ക്കുന്നതിനിടെ അയാൾ ഒരു ഗ്രനേഡ് മുകളിലേക്ക് വലിച്ചെറിഞ്ഞു. അത് പൊട്ടിത്തെറിച്ചാണ് എനിക്ക് പരുക്കു പറ്റിയത്. ഗ്രനേഡിന്റെ പല കഷണങ്ങൾ ഹെൽമറ്റിൽ തട്ടിത്തെറിച്ചു പോയി. എന്നാൽ ചില ചീളുകൾ എന്റെ തലയിൽ തറച്ചു. അങ്ങനെ ഞാൻ അബോധാവസ്ഥയിലായി. 2 കഷണങ്ങൾ എടുത്തുമാറ്റിയെങ്കിലും ഒരു ചീള് ഇപ്പോഴും തലയിലുണ്ട്. മാസങ്ങളോളം കോമയിലായിരുന്നു. രണ്ടര വർഷത്തോളമെടുത്തു ആശുപത്രിയിൽ നിന്നിറങ്ങാൻ.
ജീവൻ പോയാലും നാടിനു വേണ്ടി പോരാടും
ഭീകരരെ നേരിടുമ്പോൾ, ഞങ്ങളെ വിശ്വസിച്ചു നിൽക്കുന്ന ജനങ്ങൾ മാത്രമായിരുന്നു മനസ്സിൽ. അവരുടെ ജീവൻ രക്ഷിക്കാനാണ് മുൻതൂക്കം നൽകിയത്. എന്റെ നാടിനെ രക്ഷിക്കുക, സ്വന്തം ജീവൻ പോയാലും അവസാന ശ്വാസം വരെ എന്റെ നാട്ടുകാർക്കായി പോരാടുക. അന്ന് എനിക്കു മകൻ ജനിച്ചിട്ട് 6 മാസമേ ആയിരുന്നുള്ളൂ. പക്ഷേ, മകനെപ്പറ്റിയോ ഭാര്യയെപ്പറ്റിയോ വീട്ടുകാരെപ്പറ്റിയോ ഒന്നും ചിന്തയുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സുരക്ഷ ഭദ്രമാക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒബ്‌റോയി ഹോട്ടലിൽ ഒളിച്ചിരുന്ന തീവ്രവാദികളെ മുഖാമുഖം നേരിടുമ്പോഴും സ്വന്തം നാടിനെ ഭീകരരിൽനിന്നു രക്ഷിക്കണം എന്നതു മാത്രമായിരുന്നു മനസ്സിൽ.

ആക്രമണത്തിനിരയായ സാധാരണക്കാർ– അതിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ടായിരുന്നു– അവരുടെ രക്തം ചെളി പോലെ പലയിടത്തും കെട്ടിക്കിടക്കുകയായിരുന്നു. അതു കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. ഇത്രയും പൈശാചികമായി നമ്മുടെ നാടിനെ ഇല്ലാതാക്കുന്നവരെ ഇല്ലാതാക്കണം എന്ന വാശിയാണ് അപ്പോൾ തോന്നിയത്. ഒന്നുമറിയാത്ത സാധാരണക്കാരെ കൊന്നൊടുക്കിയവരെ കൊല്ലണം എന്നൊരു വാശിയായിരുന്നു.
ആക്രമണ സമയത്ത് ഒബ്‌റോയി ഹോട്ടലിൽ ഒരു മുറി പൂട്ടിക്കിടക്കുന്നതു കണ്ട് മുട്ടിവിളിച്ചു. പക്ഷേ, ആരും തുറന്നില്ല. വാതിൽ തകർത്ത് അകത്തു കയറി. ഒരു വിദേശിയാണ് അവിടെയുണ്ടായിരുന്നത്. അദ്ദേഹം ഒരു ഗിറ്റാറുമായി ഞങ്ങളെ അടിക്കാൻ വന്നു. എന്നിട്ട് ‘വെറുതെ വിടണം, എന്നെ ഒന്നും ചെയ്യരുത്’ എന്ന് പറഞ്ഞു. നിങ്ങളെ രക്ഷപ്പെടുത്താനാണ് ഞങ്ങൾ എത്തിയതെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് സമാധാനമായത്. അതു പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു എന്നിട്ട് പറഞ്ഞു – ‘‘നിങ്ങൾ ഇല്ലെങ്കിൽ ഞാനിന്ന് ഈ നാട്ടിൽ കാണില്ലായിരുന്നു’’. വളരെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു.
ഏറെ അഭിമാനമുണ്ട്, ഞാനൊരു സൈനികനാണ്
ഇപ്പോഴും എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. വലതുവശം പാരലൈസ്ഡ് ആണ്. പക്ഷേ, എനിക്ക് ഇങ്ങനെ പറ്റിയല്ലോ എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. 2 ഭീകരരെ വധിക്കാൻ സാധിച്ചല്ലോ എന്ന ചാരിതാർഥ്യം മാത്രമാണ് ഉള്ളത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള മനുഷ്യരുടെ സ്നേഹവും പരിഗണനയും ഇന്ന് എനിക്ക് കിട്ടുന്നുണ്ട്. അതിൽ വലിയ സന്തോഷമുണ്ട്.
ശൗര്യചക്ര വാങ്ങാൻ പോയപ്പോൾ പല നേതാക്കളും അവിടെ ഉണ്ടായിരുന്നു. അവരിൽ പലരും എന്റെ അമ്മയുടെ കൈപിടിച്ച്, നിങ്ങളുടെ മകനാണല്ലേ ഇത് എന്ന് ചോദിച്ചപ്പോൾ അന്ന് അമ്മ വല്ലാതെ സന്തോഷിച്ചിരുന്നു. ‘‘നിനക്ക് ജന്മം നൽകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു’’ എന്നാണ് അവരുടെ വാക്കുകൾ കേട്ടശേഷം അമ്മ പറഞ്ഞത്. ഒരു മകന് ഇതിൽപരം അഭിമാനനിമിഷം മറ്റെന്തുണ്ട്.
എന്റെ ഒരു അധ്യാപകൻ രാജൻ മാഷ് എനിക്കു പരുക്കു പറ്റിയ ശേഷം കാണാൻ വന്നിരുന്നു. അദ്ദേഹം അന്ന് എന്റെയടുത്ത് വന്ന് എന്റെ കാലിൽ പിടിച്ചു, അദ്ദേഹത്തിന്റെ കണ്ണിൽനിന്ന് അപ്പോൾ കണ്ണീര് പൊടിയുന്നുണ്ടായിരുന്നു. മാഷെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ മറ്റൊരു അധ്യാപകൻ എന്നോട് പറഞ്ഞത്, അദ്ദേഹം ചെയ്തത് തെറ്റല്ല, നീ കൊടുത്ത ഗുരുദക്ഷിണയുടെ ഗുരുവന്ദനമാണ് ഇതെന്നായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായൊരു നിമിഷമായിരുന്നു അത്.
എപിജെ അബ്ദുൽ കലാം സാറിന്റെ കയ്യിൽനിന്ന് ഒരു പുരസ്കാരം വാങ്ങാൻ കഴിഞ്ഞതും അദ്ദേഹത്തോടു സംസാരിക്കാൻ പറ്റിയതുമെല്ലാം അഭിമാനമുള്ള നിമിഷമാണ്. മുംബൈ ആക്രമണത്തിൽ എനിക്ക് പരുക്ക് പറ്റിയല്ലോ എന്നല്ല, ഇതൊക്കെ എനിക്ക് കേള്‍ക്കാനും കാണാനും അവസരം ഉണ്ടായല്ലോ എന്നതാണ് എന്റെ സന്തോഷം.

സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല, പക്ഷേ, ഇവിടെയെത്തി.
1997 ഫെബ്രുവരിയിലാണ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. മദ്രാസ് റെജിമെന്റിലാണ് ആദ്യം എത്തിയത്. അവിടെ നിന്നാണ് എൻഎസ്ജിയിൽ ഡപ്യൂട്ടേഷനിൽ പോകുന്നത്. അപ്പോഴാണ് അപകടമുണ്ടായത്. എന്റെ 32–ാം വയസ്സിലാണ് മുംബൈ ഭീകരാക്രമണം ഉണ്ടാകുന്നത്. അതിൽ പരുക്കു പറ്റി. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ 122 ടിഎ (ടെറിറ്റോറിയൽ ആർമി) ബറ്റാലിയനിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് സൈന്യത്തിൽനിന്നു വിരമിച്ചത്.
സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നില്ല ഞാൻ. യാദൃച്ഛികമായാണ് സൈന്യത്തിൽ എത്തിയത്. പ്രീഡിഗ്രി പഠനകാലത്താണ് ഗൾഫിൽ പോകണമെന്ന് വീട്ടുകാർ പറയുന്നത്. അതിനു പോകാമെന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ദിവസം മോഹൻലാലിന്റെ ഒരു സിനിമ കാണാൻ ഞാനും സുഹൃത്തുക്കളും കണ്ണൂരിൽ പോയത്ത്. 11 മണിക്കുള്ള സിനിമയ്ക്ക് അൽപം നേരത്തേ എത്തി. കുറച്ച് നേരം വിശ്രമിക്കുന്നതിനിടെ കുറച്ച് അവിലും മിക്സചറും വാങ്ങി. അത് പൊതിഞ്ഞെത്തിയ കടലാസാണ് എന്നെ സൈന്യത്തിലേക്ക് എത്തിച്ചത്. ആ പത്രക്കഷണത്തിലാണ് ‘പട്ടാളത്തിൽ ആളെയെടുക്കുന്നു’ എന്ന വാർത്ത കണ്ടത്.
പോകാമെന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞു, പക്ഷേ, എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. അവർക്കൊരു കൂട്ടാവട്ടെയെന്നു കരുതിയാണ് അപേക്ഷിച്ചതും ടെസ്റ്റിന് പോയതും. ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഗേറ്റിന്റെ പുറത്തെത്തിയപ്പോൾ ‘ഞാനില്ല, എല്ലാവരുടെയും ബാഗ് എന്റെ കയ്യിൽ തന്ന് പൊക്കോളു’ എന്നു പറഞ്ഞു. പക്ഷേ, അതിന് അവർ സമ്മതിച്ചില്ല. അപ്പോഴാണ് ഒരു പട്ടാളക്കാരൻ വന്ന് ‘‘ഒന്നുകിൽ അകത്ത് പോവുക, അല്ലെങ്കിൽ പുറത്തു പോവുക’’ എന്നു പറഞ്ഞത്. ഹിന്ദിയിൽ പറഞ്ഞതുകൊണ്ട് ഒന്നും മനസ്സിലായില്ല. എന്റെയൊരു സുഹൃത്താണ് അത് തർജമ ചെയ്ത് തന്നത്. പക്ഷേ, ‘‘നീ അകത്ത് വന്നില്ലെങ്കിൽ നിന്നെ വെടിവയ്ക്കും’’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് അവൻ പറഞ്ഞത്. അങ്ങനെ പേടിച്ചാണ് ടെസ്റ്റിനെത്തിയത്. പക്ഷേ, ടെസ്റ്റ് കഴിഞ്ഞപ്പോൾ പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചവർക്കാർക്കും കിട്ടിയില്ല. എനിക്ക് മാത്രമാണ് സിലക്‌ഷൻ കിട്ടിയത്.
വീട്ടിലെത്തി അമ്മയോട് പറഞ്ഞപ്പോൾ പോകണ്ട എന്നാണ് പറഞ്ഞത്. പട്ടാളത്തില്‍ പോകണമോ വേണ്ടയോ എന്നത് എന്റെ നാട്ടിലുള്ള എം.ടി.ഹരീന്ദ്രനോടാണ് ഞാൻ ചോദിച്ചത്. ‘‘100 ദിവസം പൂച്ചയെപ്പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് 10 ദിവസം പുലിയെ പോലെ ജീവിക്കുന്നതാണ്’’ എന്നു പറഞ്ഞ് പട്ടാളത്തിൽ പോകാൻ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. എനിക്ക് അപകടം പറ്റിയപ്പോൾ അദ്ദേഹം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എന്റെ മുന്നിലെത്തിയിരുന്നു’’– മനേഷ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുബേദാർ മേജറായി മനേഷ് വിരമിച്ചത്. ഭാര്യ ഷീമയ്ക്കും മകൻ യദു കൃഷ്ണനും അമ്മ സരസ്വതിക്കും സഹോദരൻ മനോജിനുമൊപ്പം അഴീക്കോടാണ് താമസം. സൈന്യത്തിൽനിന്ന് വിരമിച്ചെങ്കിലും തന്റെ നാട്ടിൽനിന്ന് ഒരു 100 സൈനികരെങ്കിലും ഉണ്ടാകണം എന്നതാണ് മനേഷിന്റെ ആഗ്രഹം. അതിനായി ഒരു പരിശീലന ക്യാംപും നാട്ടിൽ മനേഷ് നടത്തുന്നുണ്ട്. പരുക്ക് പറ്റി താൻ തളർന്നു എന്നു പറയുന്നവർക്കുള്ളൊരു മറുപടി കൂടിയായിരുന്നു ആ ക്യാംപ്. ആ ക്യാംപിൽ നിന്ന് പരിശീലനം നേടിയ 96 പേർ ഇന്ന് സൈന്യത്തിലുണ്ട്. ലഹരിക്കെതിരെ പോരാടാൻ കുട്ടികൾ സ്വന്തം നാടിനെ സ്നേഹിക്കാൻ തുടങ്ങിയാൽ മതിയെന്നാണ് മനേഷിന്റെ ഭാഷ്യം. സൈനിക പരിശീലന ക്യാംപിന് പിന്നിൽ അങ്ങനെയൊരു ലക്ഷ്യവുമുണ്ട്.