ADVERTISEMENT

എം.ആർ.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിന് ഡിജിപിയുടെ ശുപാർശയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ, വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ, വഖഫ് നിയമഭേദഗതി ദരിദ്രരെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മോദി, ശമ്പളമായ 26,000 രൂപ ചോദിച്ചതിന് ആലപ്പുഴയിൽ യുവതിക്ക് ക്രൂരമർദനം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം പ്രധാനവാർത്തകൾ.

എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയ സംഭവത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്‍റെ മൊഴി. അജിത്കുമാർ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടർന്നാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. 13,500 കോടി രൂപയുടെ പിഎൻബി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.

വിഷുദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ. സ്വന്തം രക്തം കൊണ്ടെഴുതിയ പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സമരത്തിന്റെ മുന്നിലെ 13–ാം ദിനത്തിലായിരുന്നു സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം. പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 19ന് അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ പോരാട്ടം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം ഉയർത്തിക്കാട്ടിയും വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് ആരോപിച്ച മോദി, വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ടെന്നും ഇതെല്ലാം ദരിദ്രർക്ക് പ്രയോജനപ്പെടേണ്ടതായിരുന്നെന്നും പറഞ്ഞു. ഹിസാറിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഭൂമാഫിയയാണ് വഖഫ് ഭൂമിയുടെ ഗുണം നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയിൽനിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മർദിച്ച് അവശയാക്കിയത്. ർദനമേറ്റ കരുവാറ്റ സ്വദേശിയായ രഞ്ജി മോൾ (37) ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജി മോളെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.

English Summary:

Today's Recap: Major Headlines of 14-04-25

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com