അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ 2 പേർക്ക് ദാരുണാന്ത്യം; നാളെ ജനകീയ ഹർത്താൽ

Mail This Article
തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇവർക്കു പുറമേ ബന്ധുക്കളായ രമ, രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാന ആക്രമിക്കാനെത്തിയപ്പോൾ നാലുപേരും ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പുഴയിൽ ചാടിയ രമയും രവിയും സുരക്ഷിതരാണ്.
മദപ്പാടിലുള്ള മഞ്ഞക്കൊമ്പൻ എന്ന ആനയാണ് ആക്രമിച്ചതെന്നാണ് വിവരം. വനംവകുപ്പ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ സംഭവസ്ഥലത്ത് തന്നെ ഇൻക്വസ്റ്റ് നടത്തിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ആശ്വാസധനം നൽകും. ഇതേ മേഖലയിൽ മൂന്നുപേരുടെ ജീവനാണ് രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. മലക്കപ്പാറയിൽ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
അതിരപ്പിള്ളി പഞ്ചായത്തിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. ഹർത്താലിന് പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ട്. നാളെ 12 മണിക്കൂറാണ് ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.