നിറതോക്കുകളുമായി യുവാക്കളെ അറസ്റ്റ് ചെയ്തു; ലൈസൻസ് പരിശോധിച്ചില്ലെന്ന് ആരോപണം

Mail This Article
തിരുവമ്പാടി∙ കള്ളിപ്പാറയിൽ രണ്ടു യുവാക്കളെ നിറതോക്കുകളുമായി വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോൻ (39), റ്റിബിൻ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂടരഞ്ഞി -കക്കാടംപൊയിൽ റോഡിൽ മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ തിരനിറച്ച തോക്കും 5 തിരകളും കണ്ടെത്തി.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. നാരായണന്റെ നിർദേശ പ്രകാരമായിരുന്നു വാഹന പരിശോധന. ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, അറസ്റ്റിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മലപ്പുറത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കോഴിക്കോട് വന്ന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് ആദർശ് പറഞ്ഞു. തോക്കിന് ലൈസൻസ് ഉള്ളതാണെന്നും ലൈസൻസുമായി ആൾ എത്തിയെങ്കിലും പരിശോധിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ലെന്നും ആദർശ് ആരോപിച്ചു.