ADVERTISEMENT

അൻപതുകളുടെ പകുതിയിൽ വിദ്യാർഥിരാഷ്ട്രീയം തലയ്ക്കുപിടിച്ച് ആലപ്പുഴ എസ്ഡി കോളജിലെത്തിയ വയലാറുകാരൻ രവീന്ദ്രനോട്, അന്നവിടെ പ്രവർത്തിച്ചിരുന്ന ഇൻഡിപെൻഡന്റ് സ്റ്റുഡന്റ്സ് യൂണിയൻ (ഐഎസ്‌‌യു) നേതാക്കൾ ചോദിച്ചു: താൻ നന്നായി പ്രസംഗിക്കുമെന്നു കേട്ടല്ലോ? 

അതെ എന്നു മറുപടി. 

എന്താ തന്റെ പേര്?

എം.കെ.രവീന്ദ്രൻ. 

എന്തു പേരാടോ ഇത്? തനിക്കു ഞങ്ങളൊരു പേരിടാം. 

പിറ്റേന്ന് ഐഎസ്‌യുവിന്റെ രാഷ്ട്രീയ പരിപാടി വിവരിച്ച് കോളജിലിറങ്ങിയ നോട്ടിസിൽ ഇങ്ങനെ കുറിച്ചു – വയലാർ രവി നിങ്ങളോടു പ്രസംഗിക്കും! 

രവീന്ദ്രൻ അങ്ങനെ വയലാറിൽ ലയിച്ചു; ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള മേൽവിലാസം അവിടെ പിറന്നു; വയലാർ രവി. 

ആറു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഇന്ദിരാഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെയുള്ള കോൺഗ്രസ് പ്രസിഡന്റുമാരെ അടുത്തു കണ്ടയാളാണു രവി. ലീഡർ കെ.കരുണാകരനും എ.കെ.ആന്റണിക്കുമൊപ്പം സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ നേതാവ്; കത്തോലിക്കാ വിശ്വാസിയായ മേഴ്സിയെ ജീവിതസഖിയാക്കിയ വിപ്ലവകാരി. 

50 വർഷം മുൻപ്, 1971ലാണ് വയലാർ രവി ആദ്യമായി എംപിയായത്. എംപിയെന്ന നിലയിൽ രാജ്യസഭയിൽ അദ്ദേഹത്തിന്റെ അവസാനദിനമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. സഭയിൽ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയ ശേഷം ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ തിരിച്ചെത്തിയ അദ്ദേഹം മനസ്സു തുറന്നു – വയലാറുകാരൻ രവീന്ദ്രൻ കോൺഗ്രസിലെ ‘വയലാർജി’ ആയ കഥ. 

ആന്റണി, വയലാർ, ഉമ്മൻ ചാണ്ടി പടുത്തുയർത്തിയ പ്രസ്ഥാനം!

എസ്ഡി കോളജിൽ നിന്നിറങ്ങുമ്പോൾ ഞാൻ ഐഎസ്‌യു നേതാവാണ്. എറണാകുളം ലോ കോളജിൽ ജോർജ് തരകൻ, എ.എ. സമദ് എന്നിവരുടെ നേതൃത്വത്തിൽ കെ‌എസ്‌യു എന്ന പേരിലൊരു സംഘടന പ്രവർത്തിക്കുന്നതായി അറിഞ്ഞു. ഇരു വിദ്യാർഥിസംഘടനകളും കൈകോർക്കുന്നതിന്റെ സാധ്യത തേടി ഞാൻ അവർക്കു കത്തയച്ചു. അവർ ആലപ്പുഴയിലെത്തി. അവിടെ ഞങ്ങൾ ചേർന്ന യോഗത്തിലാണ് ഇന്നുള്ള കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെഎസ്‌യു) പിറന്നത്. തരകൻ ആദ്യ പ്രസിഡന്റായി. ഞാൻ ജനറൽ സെക്രട്ടറി. സമദ് ട്രഷറർ. പിന്നാലെ എം.എ.ജോണും എ.സി. ജോസും കെഎസ്‌യുവിലെത്തി.

പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ ഞാൻ ഡിഗ്രിക്കു ചേർന്നു. അവിടെ വിദ്യാർഥിയായിരുന്ന എ.കെ.ആന്റണിയും സംഘടനയിൽ സജീവമായി. കോട്ടയത്ത് അന്ന് ഊർജസ്വലനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു – പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ്. അദ്ദേഹം കോട്ടയം ജില്ലയിൽ കെഎസ്‌യുവിന്റെ സെക്രട്ടറിയായി. ഞാൻ കുഞ്ഞൂഞ്ഞ് എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്; കേരളം ഉമ്മൻ ചാണ്ടിയെന്നും. 

അന്നു ഞങ്ങളൊരു ഉഗ്രൻ ടീമായിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളെയടക്കം വെല്ലുവിളിക്കാൻ കെൽപുള്ള, ഉശിരുള്ള ചെറുപ്പക്കാരുടെ സംഘം. നിരന്തരമുള്ള സമരങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കെഎസ്‌യു കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചു. 

സ്വന്തം സർക്കാരിനെതിരെ പോലും പ്രമേയങ്ങളിറക്കി. കൊച്ചി കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ യുവനിര വളർന്നു. കേരളത്തിൽ ഞങ്ങൾ തുടക്കമിട്ട കെഎസ്‍യു ആണ് പിന്നീടു ദേശീയതലത്തിലേക്കു വളർന്നത്. ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം കെഎസ്‌യുവിന്റെ മാതൃകയിൽ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌‌യുഐ) സ്ഥാപിക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. കേരളത്തിലെ സംഘടനയുടെ പ്രവർത്തനം ദേശീയ തലത്തിൽ വിദ്യാർഥിരാഷ്ട്രീയത്തിനു മാതൃകയായി. 

Vayalar-Ravi-2
മേഴ്സി രവിയുടെ ചിത്രത്തിനു മുന്നിൽ വയലാർ രവി

രവിയടക്കമുള്ള അന്നത്തെ യുവനിരയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള ഗാനമാണ് ഇന്നും കെഎസ്‍‍യു ക്യാംപുകളിൽ മുഴങ്ങുന്നത് – ആന്റണി, വയലാർ, ഉമ്മൻ ചാണ്ടി പടുത്തുയർത്തിയ പ്രസ്ഥാനം... അതാണ് അതാണീ കെഎസ്‌യു...

മേഴ്സിയുടെ അണ്ണൻ

മഹാരാജാസിൽ വച്ചാണു മേഴ്സിയെ പരിചയപ്പെടുന്നത്. പ്രണയം പൂവിട്ടു. ഞാൻ വയലാറിൽ നിന്നുള്ള ഈഴവ സമുദായാംഗമാണ്. മേഴ്സി കത്തോലിക്കയും. കൊടുമ്പിരിക്കൊണ്ട പ്രണയത്തിനൊടുവിൽ മേഴ്സി വീട്ടിൽ നിന്നിറങ്ങി. കൊച്ചിയിലെ സുഹൃത്ത് കെ.എം.ഐ.മേത്തറുടെ കാർ ഞാൻ ഏർപ്പാടു ചെയ്തിരുന്നു. പള്ളിയിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മേഴ്സിയുമായി ഞാൻ റജിസ്ട്രാർ ഓഫിസിലേക്കു കുതിച്ചു. ഉമ്മൻ ചാണ്ടിയും ആന്റണിയും ഞങ്ങളുടെ വിവാഹത്തിനു സാക്ഷികളായി. 

നായർ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് ഞാൻ അമ്മയോടു പറഞ്ഞിരുന്നത്. വിവാഹത്തെ എതിർക്കാതിരിക്കാനായിരുന്നു അത്. വിവാഹശേഷം മേഴ്സി എന്റെ വീട്ടിലെത്തിയതിനു പിന്നാലെ അവളുടെ ബന്ധുക്കളെത്തി. വയലാർ ഒരു കമ്യൂണിസ്റ്റ് ഗ്രാമമാണ്. അവിടെ ഞങ്ങളുടെയടക്കം 3 കുടുംബങ്ങൾ മാത്രമായിരുന്നു കോൺഗ്രസ്. നവവധുവിനെ ബലമായി കൊണ്ടുപോകാനെത്തിയ ബന്ധുക്കളെ തടയാൻ രാഷ്ട്രീയ വ്യത്യാസം മറന്ന് നാട്ടുകാർ ഒന്നിച്ചു. വയലാറുകാരുടെ ഐക്യത്തിൽ ഞങ്ങളുടെ ജീവിതം ആരംഭിച്ചു.

മേഴ്സി എന്നെ രവി എന്നാണു വിളിച്ചിരുന്നത്. ഭർത്താവിനെ പേരു വിളിക്കുന്നത് നാട്ടിൻപുറത്തു ചർച്ചയാകുമെന്ന അമ്മയുടെ ആശങ്ക മേഴ്സി മനസ്സിലാക്കി. അന്നുമുതൽ ഞാൻ മേഴ്സിയുടെ അണ്ണനായി. 

ഇന്ദിരയുടെ വാക്കു കേൾക്കാതെ

വിവാഹത്തിനു ശേഷമായിരുന്നു 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. ഞാൻ മത്സരിക്കാൻ രംഗത്തിറങ്ങി. ആലപ്പുഴയാണ് എനിക്കു വച്ചിരുന്ന സീറ്റ്. കത്തോലിക്കാ വിശ്വാസികൾ ഏറെയുള്ള അവിടെ മത്സരിച്ചാൽ ഞാൻ തോൽക്കുമെന്നുറപ്പ്. മേഴ്സിയുമായുള്ള മിശ്രവിവാഹം എനിക്കെതിരെ പ്രചാരണായുധമാക്കാൻ രാഷ്ട്രീയ എതിരാളികൾ കച്ചമുറുക്കി. കത്തോലിക്കാ വിശ്വാസികൾ എണ്ണത്തിൽ കുറവായ ചിറയിൻകീഴിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. 

സ്ഥാനാർഥിനിർണയ വേളയിൽ എന്നെ കണ്ട ഇന്ദിരാഗാന്ധി പറഞ്ഞു – ‘നമ്മൾ ഇതുവരെ ജയിച്ചിട്ടില്ലാത്ത മണ്ഡലമാണു ചിറയിൻകീഴ്. രവി അവിടെ മത്സരിക്കരുത്’. 

എനിക്കു മറ്റൊരു മണ്ഡലം നൽകാൻ കെപിസിസി പ്രസിഡന്റ് കെ.കെ.വിശ്വനാഥനോടും കരുണാകരനോടും നിർദേശിച്ച് ഇന്ദിര മടങ്ങി. എന്റെ പ്രതിസന്ധി ഇന്ദിരാജിക്ക് അറിയില്ലല്ലോ. മണ്ഡലം മാറാമെന്ന് ഇന്ദിരയോടു പറഞ്ഞെങ്കിലും ഒടുവിൽ ഞാൻ അവിടെത്തന്നെ മത്സരിച്ചു. പത്രിക പിൻവലിക്കുന്ന അവസാനദിനം വരെ വിശ്വനാഥനും കരുണാകരനും അക്കാര്യം ഇന്ദിരയെ അറിയിച്ചുമില്ല. ഞാൻ മത്സരിച്ചു; ജയിച്ചു. അങ്ങനെ ഞാനും മേഴ്സിയും ഡൽഹിയിലേക്ക്.

ചിറയിൻകീഴ് പിടിച്ചടക്കിയ രവിയെ ഇന്ദിര ഇരുകയ്യും നീട്ടി സ്വീകരിച്ചു. 1972ൽ കൊൽക്കത്തയിലെ പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസിലെ ഏറ്റവും ഉന്നത ഘടകമായ പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ രവിക്കു പ്രായം 34. സമിതിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന പെരുമയിലേക്കു രവി നടന്നുകയറി. 1973ൽ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യത്തിലേർപ്പെടാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായി എംജിആറുമായി അണിയറ ചർച്ചകൾ നടത്താൻ രവിയെ ഇന്ദിര നിയോഗിച്ചു.

സഞ്ജയ് ഗാന്ധിയുമായി ഉരസൽ

ഇന്ദിര പ്രധാനമന്ത്രിയായിരിക്കെ, കോൺഗ്രസ് ദേശീയ ആസ്ഥാനത്തെ കരുത്തനായിരുന്നു സഞ്ജയ് ഗാന്ധി. വയലാറിൽ നിന്നുള്ള ആളായതിനാൽ കമ്യൂണിസ്റ്റ് ചായ്‌വുള്ള കോൺഗ്രസുകാരനാണു ഞാനെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഒരുദിവസം അദ്ദേഹത്തെ ഞാൻ ചെന്നു കണ്ടു. അൽപനേരം രാഷ്ട്രീയം ചർച്ച ചെയ്ത ശേഷം എന്നോടു പറഞ്ഞു – ‘മിസ്റ്റർ രവി, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ വിമർശിച്ച് നിങ്ങളൊരു പ്രസ്താവന ഇറക്കണം’. 

കേരളത്തിൽ സി. അച്യുതമേനോൻ സർക്കാരിനെ കോൺഗ്രസ് പിന്തുണയ്ക്കുന്ന സമയമായിരുന്നു അത്. പ്രസ്താവന കേരളത്തിൽ ദോഷം ചെയ്യുമെന്ന് ഞാൻ അറിയിച്ചു. പ്രസ്താവന ഇറക്കിയേ പറ്റൂവെന്ന് സഞ്ജയ്. പറ്റില്ലെന്നു ഞാനും. ഇക്കാര്യത്തിൽ ഇന്ദിരയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നും അറിയിച്ചു. അതുകേട്ട് സഞ്ജയ് ക്ഷുഭിതനായി ചോദിച്ചു –‘എല്ലാം ഇന്ദിരയോടു ചോദിക്കാനാണെങ്കിൽ പിന്നെ നിങ്ങൾ എന്റെ മുന്നിൽ വന്നതെന്തിനാണ്?’. അദ്ദേഹവുമായുള്ള ബന്ധം അവിടെ ഉലഞ്ഞു.

ഞാനതു ചെയ്യരുതായിരുന്നു

എഴുപതുകളുടെ അവസാനം ഇന്ദിരയുമായി തെറ്റിപ്പിരിഞ്ഞ് കേരളത്തിൽ ഞാനും ആന്റണിയും ഉമ്മൻ ചാണ്ടിയുമടക്കമുള്ളവർ മറുചേരിയിൽ നിലയുറപ്പിച്ചു. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസിനെതിരെ ഞാൻ ചിറയിൻകീഴിൽ മത്സരിച്ചു. പ്രചാരണത്തിൽ ഇന്ദിരയ്ക്കെതിരെ ഞാൻ ഒന്നും പറഞ്ഞില്ല; പക്ഷേ, സഞ്ജയ് ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. ഫലം വന്നപ്പോൾ ഞാൻ തോറ്റു. 

ഇന്ദിരയുടെ പാർട്ടിക്കെതിരെ മത്സരിച്ചതു ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി ഇന്നും ഞാൻ കാണുന്നു. ഞാനതു ചെയ്യാൻ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസിലേക്കു തിരിച്ചുപോകണമെന്ന് ഞാൻ ശക്തമായി വാദിച്ചു. ഉമ്മൻ ചാണ്ടി പിന്തുണച്ചു; ആന്റണിയെയും സമ്മതിപ്പിച്ചു. ഞാൻ ഡൽഹിയിലെത്തി ഇന്ദിരയെ കണ്ടു. ‘താങ്കൾ ഇപ്പോഴും എനിക്കെതിരാണോ’ എന്നായിരുന്നു ഇന്ദിരയുടെ ചോദ്യം. തെറ്റു പറ്റിപ്പോയി എന്നും തിരിച്ചെടുക്കണമെന്നും ഞാൻ അഭ്യർഥിച്ചു. ഇന്ദിര ഒന്നു മൂളി. അൽപമൊന്ന് ആലോചിച്ച ശേഷം പറഞ്ഞു – കരുണാകരനെ പോയി കാണൂ. അദ്ദേഹം എതിർത്തില്ല. ഒരു വർഷത്തിനു ശേഷം ഞങ്ങളെല്ലാം വീണ്ടും കോൺഗ്രസിലേക്ക്. 

ലോക്സഭയിലെ പോരാളികൾ

ലോക്സഭയിൽ ഞാനടക്കമുള്ള ചെറുപ്പക്കാർ ഇന്ദിരയുടെ പോരാളികളായിരുന്നു. മറുപക്ഷത്തുള്ളവർ ഇന്ദിരയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ ബഹളം വയ്ക്കും. അവർക്കു പ്രസംഗിക്കാൻ കഴിയാത്ത വിധം പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരുദിവസം പാർലമെന്റിലെ സെൻട്രൽ ഹാളിൽ വച്ച് സിപിഎമ്മിന്റെ ബംഗാൾ നേതാവ് ജ്യോതിർമൊയ് ബസു ചോദിച്ചു: നിങ്ങളെന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്?

ഞങ്ങൾ പറഞ്ഞു; ‘ബസു, താങ്കൾ കോൺഗ്രസിനെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷേ, ഇന്ദിരയ്ക്കെതിരെ ഒരു വാക്കു പറയാൻ ഞങ്ങൾ സമ്മതിക്കില്ല’.  

രാജീവിന്റെ കരുതൽ

ചെന്നൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവു മൂലം മേഴ്സിയുടെ ആരോഗ്യം മോശമായ കാലം. സ്ഥിതി വഷളായതോടെ ചെന്നൈയിൽനിന്നു ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റി. ഡൽഹിയിലെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. മേഴ്സിയുടെ രോഗവിവരം അറിഞ്ഞ രാജീവ് ഗാന്ധി എന്നെ വിളിപ്പിച്ചു. യുഎസിൽ ന്യൂയോർക്കിലുള്ള ആശുപത്രിയിലേക്കു പോകാൻ നിർദേശിച്ചു. അതിനാവശ്യമായ പണം എവിടെനിന്നു കണ്ടെത്തുമെന്നോർത്ത് പരുങ്ങിയ എന്നോടു രാജീവ് പറഞ്ഞു – യുഎസിലേക്കു പുറപ്പെടാൻ തയാറാവുക; ബാക്കി എനിക്കു വിട്ടേക്കൂ. 

ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തിൽ രാജീവ് എന്നെയും ഉൾപ്പെടുത്തി. മേഴ്സിയെ അവിടേക്കു കൊണ്ടുപോകാൻ വേണ്ടി മാത്രമായിരുന്നു അത്. 

സോണിയയ്ക്കൊപ്പം

സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിനു പിന്നാലെ പാർട്ടി നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ആന്ധ്രയിലെ വിഭാഗീയതയായിരുന്നു. പ്രശ്നം തീർക്കാൻ സോണിയ എന്നെ നിയോഗിച്ചു. ആന്ധ്രയിൽ പ്രതിപക്ഷ നേതാവ് വൈ.എസ്.രാജശേഖര റെഡ്ഡിയെ (വൈഎസ്ആർ) വീഴ്ത്താൻ പാർട്ടിക്കുള്ളിൽ ഒന്നിലധികം ഗ്രൂപ്പുകൾ തുറന്ന പോരിനിറങ്ങിയ സമയം. പാർട്ടി വൈഎസ്ആറിനൊപ്പം നിൽക്കണമെന്ന് ഞാൻ സോണിയയോടു പറഞ്ഞു. ആന്ധ്ര പിടിക്കാൻ കോൺഗ്രസിനു വൈഎസ്ആറിനെ ആവശ്യമാണെന്ന് ഞാൻ ഉറച്ച നിലപാടെടുത്തു. സോണിയ സമ്മതിച്ചു. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായി പിന്നീട് വൈഎസ്ആർ വളർന്നു. 

മഹാരാഷ്ട്രയിൽ വിലാസ്റാവു ദേശ്മുഖിനെ മാറ്റി സുശീൽ കുമാർ ഷിൻഡെയെ പാർട്ടിയുടെ നേതൃത്വം ഏൽപിക്കാനുള്ള സോണിയയുടെ ദൗത്യവും രവി വിജയകരമായി നടപ്പാക്കി. 1971 മുതൽ പതിറ്റാണ്ടുകളോളം മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം അടക്കിഭരിച്ച മുരളി ദേവ്‌റയെ നീക്കി പകരം ഗുരുദാസ് കാമത്തിനെ അവരോധിക്കുന്നതിന്റെ കാർമികനും രവിയായിരുന്നു. കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായി പേരെടുത്ത രവി, പ്രശ്നബാധിത സംസ്ഥാനങ്ങളിൽ പാർട്ടിയുടെ രക്ഷകനായി. 

ലീഡറും ആന്റണിയും

എനിക്ക് ഇരുവരോടും ഇണക്കവും പിണക്കവും ഉണ്ടായിട്ടുണ്ട്. 1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഞാൻ. എന്റെ കീഴിലുള്ള പൊലീസ് വകുപ്പിൽ കരുണാകരൻ അമിതമായി ഇടപെട്ടതു പ്രശ്നങ്ങൾക്കിടയാക്കി. എന്നെ അറിയിക്കാതെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം നേരിട്ടു വിളിച്ച് നിരന്തരം നിർദേശങ്ങൾ നൽകി. ഞാനതു ചോദ്യം ചെയ്തു. ഒടുവിൽ ആഭ്യന്തര വകുപ്പ് കരുണാകരൻ തന്നെ ഏറ്റെടുത്തു. പകരം, ധനമന്ത്രാലയം ഞാൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് അപ്രധാനമായ മറ്റൊരു വകുപ്പ്. അതിൽ പ്രതിഷേധിച്ച് ഞാൻ മന്ത്രിസ്ഥാനം രാജിവച്ചു. 

ആന്റണിയും ഞാനും ഒറ്റക്കെട്ടായിരുന്നെങ്കിലും ഇടയ്ക്കു പിണങ്ങി. 1992ൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റണിക്കെതിരെ ഞാൻ മത്സരിച്ചു. ലീഡർ അന്ന് എന്നെ പിന്തുണച്ചു. ആന്റണി തോറ്റു. ഞങ്ങൾ തമ്മിലുള്ള പിണക്കം അധികനാൾ നീണ്ടില്ല. 

അണ്ണാ, ഞാൻ പൊക്കോട്ടേ?

യുഎസിൽ ചികിത്സ നേടിയെങ്കിലും രോഗം മേഴ്സിയെ പൂർണമായി വിട്ടൊഴിഞ്ഞിരുന്നില്ല. നിരന്തരം അലട്ടിയ രോഗം മേഴ്സിയെ തളർത്തി. അവസാന നിമിഷം വരെ അവൾ പോരാടി. 2009 സെപ്റ്റംബർ 5: അന്ന്, ആശുപത്രിയിൽ ഒപ്പമിരുന്ന എന്റെ കയ്യിൽ പിടിച്ച് മേഴ്സി ചോദിച്ചു: അണ്ണാ, ഞാൻ പൊക്കോട്ടേ..?

മേഴ്സി എന്നോടു പറഞ്ഞ അവസാന വാക്കുകൾ; പിന്നാലെ അവൾ കണ്ണടച്ചു.

മേഴ്സിക്കു റോസാപ്പൂക്കൾ ഇഷ്ടമായിരുന്നു. ഡൽഹിയിലെ വീട്ടുമുറ്റത്ത് റോസാച്ചെടി നട്ടുവളർത്തിയിട്ടുണ്ട് രവി. നിറയെ പൂക്കളാണ്. ദിവസവും രാവിലെ അതിലൊരെണ്ണം മേഴ്സിയുടെ ചിത്രത്തിനു മുന്നിൽ വയ്ക്കും. അവർ പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്...

Content Highlight: Vayalar Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com