എച്ച്1ബി വീസ വേണമെന്ന ആവശ്യം: മസ്കിന് പിന്തുണയുമായി ഡോണൾഡ് ട്രംപ്

Mail This Article
വാഷിങ്ടൻ∙ മറ്റു രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ കൊണ്ടുവരാനുള്ള എച്ച്1ബി വീസയ്ക്കായി സമ്മർദമുയർത്തുന്ന ഇലോൺ മസ്കിനു പിന്തുണയുമായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഇങ്ങനെ വന്നവരാണെന്നും ട്രംപ് പറഞ്ഞു.
തന്റെ ആദ്യഭരണകാലത്ത് ട്രംപ് ഈ പദ്ധതിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രംപിന്റെ പരമ്പരാഗത അനുകൂലികളിൽ പലരും എച്ച്1ബി വീസ നിർത്തണമെന്ന അഭിപ്രായക്കാരുമാണ്. സമൂഹമാധ്യമങ്ങളിൽ എച്ച്1ബി വീസയെ എതിർക്കുന്ന തീവ്ര നിലപാടുകാരായ റിപ്പബ്ലിക്കൻ പാർട്ടിക്കാരോട് മസ്ക് വാഗ്വാദത്തിലേർപ്പെട്ടിരുന്നു. യുഎസിൽ എൻജിനീയറിങ് തൊഴിലാളികളുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാനായി എച്ച്1ബിയാണു മികച്ച മാർഗമെന്നും മസ്ക് പലതവണയായി പറയുന്നുണ്ട്.
മസ്കിനെതിരെ ജർമനിയിൽ രോഷം
ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയെ പിന്തുണച്ച് എക്സിൽ പോസ്റ്റിട്ട ഇലോൺ മസ്കിന്റെ പേരിൽ പുതിയ വിവാദം. ജർമനിയിൽ സർക്കാർ വീണതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മസ്ക് എഎഫ്ഡിയുടെ നയങ്ങളെ പ്രകീർത്തിച്ചത്. ജർമനിയെ രക്ഷിക്കാൻ എഎഫ്ഡിയെക്കൊണ്ടു മാത്രമേ പറ്റൂ എന്ന പരാമർശവും മസ്കിന്റെ ലേഖനത്തിലുണ്ടായിരുന്നു. ഇത് ഒരു ജർമൻ ദിനപത്രം വിവർത്തനം ചെയ്തതോടെയാണു വിവാദം ഉടലെടുത്തത്. സംഭവം ചർച്ചയായതോടെ ദിനപത്രത്തിന്റെ എഡിറ്റർ രാജിവച്ചു.