അക്ഷര വിജയം
Mail This Article
നാട്യങ്ങളൊന്നുമില്ലാതെ നമ്മോടൊപ്പം ജീവിക്കുന്ന മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാനെക്കുറിച്ചുള്ള നല്ലൊരു ഡോക്യുമെന്ററി കാണാനിടയായി. ആലുവയിലെ വിങ്സ് ക്രിയേഷൻസിലെ നസീർകുട്ടി സംവിധായകനായും പറവൂരിലെ മിഥുൻ ക്യാമറാമാനായും മലപ്പുറത്തെ അബ്ദുൽ റഷീദ് നിർമിച്ച ഈ ഡോക്യുമെന്ററി പലരുടെയും ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. ഡൽഹിയിലുള്ള എ.കെ. ആന്റണിയും ബിനോയ്‍വിശ്വവും സച്ചിദാനന്ദനും മുതൽ കേരളത്തിൽ വിവിധ മേഖലകളിലുള്ളവരും അബ്ദുറഹ്മാനെ വിലയിരുത്തുന്നു.
ആ ജീവിതത്തിന്റെ അറിയാപ്പുറങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഈ ഡോക്യുമെന്ററി. അബ്ദുറഹ്മാൻ സാഹിബിനെപ്പറ്റി ഓർമിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്കു വരിക അദ്ദേഹം പിറന്ന ചേന്ദമംഗലൂരിന്റെ പാരമ്പര്യമാണ്. ഇന്നും ഭൂരിഭാഗം പള്ളികളിലും മാതൃഭാഷയിലുള്ള ജുമുഅയും ഖുതുബയും സ്ത്രീകളുടെ പ്രവേശനവും വിലക്കപ്പെട്ടിരിക്കുമ്പോഴും അതിന് ഒരിക്കലും തടസ്സം പറഞ്ഞിട്ടില്ലാത്ത ചേന്ദമംഗലൂരിന്റെ പൈതൃകം അബ്ദുറഹ്മാനെ സ്വാധീനിച്ചിട്ടുണ്ട്.
മലയാളത്തിൽ ഒരു തുടക്കക്കാരന് എഴുതാൻ ഏറെ പ്രയാസമുള്ള അ, ആ എന്നീ അക്ഷരങ്ങൾ മുതൽക്കാണ് ഞങ്ങളുടെ തലമുറ എഴുതിത്തുടങ്ങിയത്. എന്നാൽ എഴുതിപ്പഠിക്കാൻ പ്രയാസമില്ലാത്ത തറ, പറ യൊക്കെയാണു പുതിയ തലമുറ എഴുതിത്തുടങ്ങുന്നത്. ചേന്ദമംഗലൂരിൽ പക്ഷേ, പണ്ടേ അക്ഷരാഭ്യാസം തുടങ്ങിയിരുന്നതു തറ, പറ യിൽനിന്നായിരുന്നു. കേരളം ചേന്ദമംഗലൂർ മാതൃക ആദ്യമേ സ്വീകരിച്ചിരുന്നെങ്കിൽ!
താൻകൂടി ചേർന്ന് ആരംഭിച്ച പത്രത്തിന്റെ പേരെഴുതുന്നതിലും ഈ തറ, പറ ലാളിത്യം സ്വാധീനിച്ചു. ‘മാധ്യമം’ എന്നു പണ്ടെഴുതിയിരുന്നതു ‘ദ’, യും ‘ധ’ യും ചേർന്ന കൂട്ടക്ഷരം (ദ്ധ) കൊണ്ടാണ്. അങ്ങനെയൊരു ഉദ്ധതൻ വന്നാൽ പത്രത്തിന്റെ ശീർഷകത്തിന്റെ രൂപഭംഗി തന്നെ പോകും. അതുകൊണ്ടു കോട്ടയം പത്രങ്ങളായ പൗര‘ദ്ധ്വ’നി, കേരള‘ദ്ധ്വ’നി എന്നിവയിൽനിന്നു വ്യത്യസ്തമായി ധനത്തിലെ ‘ധ’ മതിയെന്നു തീരുമാനിച്ചു. മലയാളത്തിനു വലിയൊരു ധനമായി ആ തീരുമാനം. ഇന്ന് അധ്യക്ഷൻ, മധ്യസ്ഥൻ തുടങ്ങി എത്രയോ വാക്കുകളിൽനിന്ന് ആ വലിയ ‘ദ്ധ’യുടെ ഒൗദ്ധത്യം പോയിക്കിട്ടി. കുട്ടികൾക്കു മലയാളം പഠിക്കാനും കൂടുതൽ എളുപ്പമായി.
മലയാളത്തിൽ ആയിരത്തിൽപരം ലിപികളുണ്ടായിരുന്നതു ബെഞ്ചമിൻ ബെയിലി അഞ്ഞൂറാക്കി കുറച്ചു. 500 ലിപികൾ വിന്യസിച്ച് ഒരു പത്രം ഇറക്കാനാവില്ലെന്നു കണ്ട കണ്ടത്തിൽ വറുഗീസ് മാപ്പിള അതു 120 ആയി കുറച്ചതിനുശേഷം ഒരു വ്യക്തിയും പത്രവും അച്ചടിക്കും ഭാഷയ്ക്കും നൽകിയ ശ്രദ്ധേയ സംഭാവനയായിരുന്നു ഇത്. ശൂരനാട് കുഞ്ഞൻപിള്ളയും പന്മന രാമചന്ദ്രൻ നായരും സി.വി. വാസുദേവ ഭട്ടതിരിയും ജീവിച്ചിരിക്കുമ്പോഴാണ് അബ്ദുറഹ്മാൻ ഈ സ്വാതന്ത്ര്യം കാട്ടിയത്. ഈ പുതിയ പത്രം എഴുതുന്നതുപോലെ എഴുതിയാൽ നമ്മുടെ പിള്ളേരുടെ മാർക്ക് പോകും, അതുകൊണ്ട് ഈ പത്രം വീട്ടിൽ കയറ്റണ്ട എന്നു വിദ്യാർഥികളുടെ മാതാപിതാക്കൾ തീരുമാനിച്ചേക്കും എന്ന റിസ്കിനെ നേരിട്ടാണ് അബ്ദുറഹ്മാൻ ഈ തീരുമാനമെടുത്തത്.
അനേകം താൽപര്യങ്ങളോ സ്ഥാപിത താൽപര്യങ്ങൾ തന്നെയോ ഉള്ള ഒരു പത്രമാണു വരാൻ പോകുന്നതെന്നു പ്രചാരമുണ്ടായെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ പടിക്കു പുറത്തു നിർത്തിയാണ് െഎഡിയൽ പബ്ലിക്കേഷൻസ് പ്രസാധകരായി വന്നത്. പത്രം ജമാഅത്തെ ഇസ്‌ലാമിയുടേതല്ലാതാക്കുന്നതിനായിരുന്നു ആദ്യ വർഷങ്ങളിലെ ശ്രമങ്ങൾ മുഴുവൻ. പേരിടലിൽ പോലുമുണ്ടായി ആ കരുതൽ. അബ്ദുറഹ്മാൻ സംഘം ഒരു മതബാധ്യതയുമില്ലാത്ത ‘മാധ്യമം’ എന്ന പേരിലേക്കു പോയി. മുസ്‌ലിം സമുദായത്തെയല്ല, പൊതുസമൂഹത്തെ തന്നെ ലക്ഷ്യമിട്ടു എന്നതാണു മാധ്യമത്തിന്റെ വിജയം. പി.കെ. ബാലകൃഷ്ണനെ ചീഫ് എഡിറ്ററാക്കിക്കൊണ്ട് ആ മുസ്‌ലിം ലേബൽ എടുത്തുകളഞ്ഞു.
ഒരു പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിന്റെ മാത്രം ചുമതലകൾ കുറേക്കാലം വഹിച്ചിട്ടുള്ളതിനാൽ അതു നൽകുന്ന തലവേദനകളെത്രയെന്ന് എനിക്കറിയാം. അബ്ദുറഹ്മാൻ പത്രത്തിന്റെ മുഴുവൻ ചുമതല മാത്രമല്ല, ചാനലിന്റെയും ഓൺലൈനിന്റെയും വാരികയുടെയും പത്രപ്രവർത്തക പരിശീലന സ്ഥാപനത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലകൾ കൂടി വഹിക്കുന്നു. ഇതിനിടയ്ക്കു മിക്ക ചാനലുകളിലും പ്രാദേശിക, ദേശീയ, സാർവദേശീയ ചർച്ചകളിൽ പങ്കെടുക്കുന്നു. അര നൂറ്റാണ്ടോളമായി ‘പ്രബോധന’ത്തിൽ ഒരു ചോദ്യോത്തര പംക്തി നടത്തുന്നു. കേരളത്തിൽ ഏറ്റവും ദീർഘകാലം ഓടിയ പംക്തിയാണിത്.
മാധ്യമം കണ്ണൂരിൽനിന്ന് അച്ചടിക്കാൻ ആലോചിക്കുമ്പോൾ അനുഭാവികളുടെ ഒരു യോഗം വിളിച്ചു. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: പത്രം കളറിൽ അച്ചടിക്കണം.
ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രം അച്ചടിക്കുന്ന ഒരു പ്രസ് മാത്രമാണ് കിട്ടിയിരിക്കുന്നത്. അബ്ദുറഹ്മാൻ ഇവരെ എങ്ങനെ സമാധാനിപ്പിക്കും എന്നു കൂടെ വന്നവർക്കു ബേജാർ.
സാമാന്യം കറുത്ത നിറവും നരച്ച തലയും വെളുത്ത ഊശാൻ താടിയുമുള്ള അബ്ദുറഹ്മാൻ മറുപടി പ്രസംഗത്തിന് എഴുന്നേറ്റു.
‘‘എല്ലാവരുടെയും വികാരം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, മാധ്യമത്തിന്റെ ഇപ്പോഴത്തെ സൗകര്യങ്ങൾ വച്ച് എന്റെ നിറത്തിൽ കറുപ്പും വെളുപ്പുമുള്ള ഒരു പത്രം മാത്രമേ എനിക്കു വാഗ്ദാനം ചെയ്യാനാവൂ.’’
തുടർന്നുള്ള ചിരിയിൽ കളർ ഒഴുകിപ്പോയി.
English Summary: Kadhakoottu’ Column written by Thomas Jacob; O Abdurahman, a journalist who gave fresh take to Malayalam language