മധുരിച്ച് മധുരിച്ച് ഈ ക്രിസ്മസ്, സ്പെഷൽ കേക്കിന് 3000 രൂപ!
Mail This Article
‘നാവിൽ വയ്ക്കുന്ന പീസ് അലിഞ്ഞ് ഇല്ലാതാകും. ഒരിക്കൽ വാങ്ങിയാൽ പിറ്റേ വർഷം തേടിയെത്തുമെന്ന് ഉറപ്പ്.’ ഹോം മെയ്ഡ് കേക്കുകൾ വിൽക്കുന്ന കോട്ടയംവീട്ടമ്മമാരുടെ വാക്കുകളിൽ തെല്ലുമില്ല മായം.ക്രിസ്മസ് വിപണിയിലേക്കു പതിനായിരക്കണക്കിനു ഹോം മെയ്ഡ് കേക്കുകളാണു കോട്ടയത്തിന്റെ സംഭാവന.ഈ വീട്ടുകേക്കുകൾക്ക്, ന്യൂഡൽഹിയിലും കൊൽക്കത്തയിലും വരെയുണ്ട് ആവശ്യക്കാർ. ചിലർ ഇതു വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു.
റിച്ച് ഫ്രൂട്ട് കേക്ക്, സൂപ്പർ റിച്ച്, എക്സ്ക്വിസിറ്റ് എന്നിങ്ങനെ 3 തരത്തിലായി 2,000 കിലോ കേക്കാണു കള്ളിവയലിൽ ഷീല ടോമി തയാറാക്കുന്നത്. മാർച്ച് മാസത്തിൽ പഴങ്ങൾ അരിഞ്ഞു വൈനിൽ കുതിർത്തു വയ്ക്കുമ്പോൾ മുതൽ വിശ്രമം ഇല്ലാതെ ‘പണിയെടുത്താലേ’ ഡിസംബർ ആദ്യ വാരത്തോടെ കേക്കുകൾ ബോക്സിലാകൂവെന്നു ഷീല പറയുന്നു. തേക്കു തടികൊണ്ടു നിർമിച്ച പെട്ടിക്കുള്ളിൽ എത്തുന്ന ‘എക്സ്ക്വിസിറ്റാണ്’ ഇക്കൂട്ടത്തിൽ ഏറ്റവും മുന്തിയത്. ഓറഞ്ച് ചീസ്, ഡ്രൈ ഫ്രൂട്ട്, ക്രിസ്മസ് സർപ്രൈസ് തുടങ്ങി 60 വെറൈറ്റി കേക്കുകളാണ് പനയ്ക്കപ്പാലത്തെ വീട്ടമ്മ കുഞ്ഞുമോൾ ജി. മുരിക്കൻ ഈ ക്രിസ്മസിനു വീട്ടിൽ തയാറാക്കിയത്.