ഈ വ്ലോഗർമാരെ വിശ്വസിക്കാമോ? ‘ഡീസല്‍ പറാത്ത’യുടെ വൈറല്‍ വിഡിയോക്ക് പിന്നില്‍!
Mail This Article
ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു 'ഡീസല്‍ പറാത്ത'യുടേത്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വിൽപനക്കാരൻ പറാത്തയുണ്ടാക്കാന്‍ ഡീസല്‍ ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള വിഡിയോ ആയിരുന്നു ഇത്.
റോഡരികിലെ ഒരു റസ്റ്റോറന്റില്‍ ഒരാള്‍ പറാത്ത ഉണ്ടാക്കുന്ന വിഡിയോ ആയിരുന്നു ഇത്. വിഡിയോ ഷൂട്ട് ചെയ്യുന്നയാള്‍ എന്താണ് പാചകം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, താൻ ഒരു ഡീസൽ പറാത്തയാണ് ഉണ്ടാക്കുന്നതെന്ന് ഇയാള്‍ മറുപടി നൽകുന്നു.
എന്നിട്ട് പറാത്ത ഒരു പാനിൽ ചുട്ടെടുക്കുകയും ഡീസൽ ആണെന്ന് പറഞ്ഞ് പറാത്തയിൽ അമിതമായ അളവിൽ എണ്ണ ഒഴിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും 300 ഓളം പേർക്ക് ഡീസൽ പറാത്തകൾ വിറ്റിരുന്നതായും ധാബയിലെ ആൾ വിഡിയോയിൽ പറഞ്ഞിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൊന്നാകെ വന്‍ രോഷപ്രകടനത്തിന് കാരണമായി. ഇതിനെതിരെ അന്വേഷണം വേണമെന്ന്, ഇന്ത്യയുടെ ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ എഫ്എസ്എസ്എഐയോട് ഒട്ടേറെ ആളുകള്‍ ആവശ്യപ്പെട്ടു.
ഇതോടെ എക്സ് പ്ലാറ്റ്ഫോമില്‍ വീഡിയോ പോസ്റ്റ് ചെയ്ത @nebula_world എന്ന അക്കൗണ്ടില്‍ നിന്നും വിഡിയോ നീക്കം ചെയ്തു. വിഡിയോ തയ്യാറാക്കിയ ഫുഡ് ബ്ലോഗർ അമൻപ്രീത് സിംഗ് ചൊവ്വാഴ്ച ക്ഷമാപണം നടത്തുകയും വിഡിയോയുടെ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തിൽ "അഗാധമായ ഖേദം" രേഖപ്പെടുത്തുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ "ഓയ് ഫുഡീസിംഗ്" എന്ന പേരിലുള്ള അക്കൗണ്ടില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ വിഡിയോ അമൻപ്രീത് പോസ്റ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട്, ചണ്ഡീഗഡ് ഭരണകൂടത്തോടും ജനങ്ങളോടും ഇന്ത്യയിലെ മുഴുവൻ ആളുകളോടും വ്ളോഗര്‍ ക്ഷമാപണം നടത്തി.
ഫുഡ് ജോയിൻ്റ് ഉടമ ചന്നി സിംഗും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതിനുള്ള വിശദീകരണവുമായി രംഗത്തെത്തി. ഫുഡ് ജോയിന്റിന്റെ ഉടമയ്‌ക്കൊപ്പം നിൽക്കുന്ന പുതിയ വിഡിയോയില്‍, പറാത്ത ഉണ്ടാക്കിയത് പാചക എണ്ണയിലാണെന്നും ഡീസലല്ലെന്നും പറയുന്നുണ്ട്.
ഡീസല്‍ കൊണ്ട് പറാത്ത തങ്ങള്‍ ഉണ്ടാക്കുന്നില്ല, വ്ളോഗര്‍ തമാശയായി ഉണ്ടാക്കിയ വിഡിയോ ആണ് വൈറലായതെന്ന് ചന്നി സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പരമ്പരാഗതമായി നെയ്യിലോ വെണ്ണയിലോ എണ്ണയിലോ ആണ് പറാത്ത ഉണ്ടാക്കുന്നത്. ഡീസലില്‍ ഉണ്ടാക്കിയ പറാത്ത ആരെങ്കിലും കഴിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
"ഞങ്ങൾ ഇവിടെ ആളുകൾക്ക് വൃത്തിയുള്ള ഭക്ഷണമാണ് വിളമ്പുന്നത്, അവരുടെ ജീവിതം കൊണ്ട് ഞങ്ങള്‍ കളിക്കുന്നില്ല," ഭക്ഷ്യ എണ്ണ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.