'സ്വര്‍ഗലോകത്ത് ഇരിക്കുന്നപോലെ'; റിമി ടോമി പറഞ്ഞത് സത്യമാണ്, ഇത് സൂപ്പർ തന്നെ!
Mail This Article
പാട്ട് മാത്രമല്ല യാത്രകളും ഗായിക റിമി ടോമിക്ക് ഇഷ്ടമുള്ള കാര്യമാണ്. ജിമ്മും ഡയറ്റും ഒക്കെയുണ്ടെങ്കിലും യാത്രാസമയങ്ങളിൽ അതിന് ഇടവേള നൽകാറുണ്ട് താരം. ഏത് സ്ഥലത്തേക്ക് ആണോ യാത്ര ചെയ്യുന്നത് അവിടുത്തെ ഭക്ഷണരീതികൾ കഴിക്കാൻ റിമി എപ്പോഴും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞയിടെ അസർബജാനിലേക്ക് റിമി നടത്തിയ യാത്രയിൽ വ്യത്യസ്തമായ ഒരു വിഭവം കഴിച്ചിരുന്നു. ഇതിന്റെ വിശേഷം റിമി തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനിരിക്കുകയാണ് റിമി. മുൻപിലെ മേശയിൽ ഒരു ചെറിയ ബക്കറ്റ് കാണാം. ഒരാൾ വന്ന് ആ ബക്കറ്റിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ബക്കറ്റിൽ നിന്ന് പുക വരികയാണ്. എന്നാൽ, പ്രധാന ആകർഷണം ഇതല്ല. തൊട്ടപ്പുറത്തെ പ്ലേറ്റിൽ ഇരിക്കുന്ന അസർബജാൻ സ്പെഷൽ വിഭവമാണ്. 'അസർബജാനിലെ ബാകുവിലെ പ്രശസ്തമായ മട്ടൺ ബിരിയാണി' എന്ന അടിക്കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവച്ചത്. ഷാഹ് പിലാഫ് ഷെഫ് വിളമ്പുമ്പോൾ ഷെഫിനോട് റിമി പേര് അന്വേഷിക്കുന്നുണ്ട്, 'ഷാഹ് റൈസ്' എന്ന് അദ്ദേഹം മറുപടി നൽകുന്നു. അസർബജാന്റെ പരമ്പരാഗത വിഭവമായ ഷാഹ് പിലാഫ് ആണ് റിമി ആസ്വദിച്ചു കഴിച്ചത്. ബാകുവിലെ ഈ സ്പെഷൽ ബിരിയാണി വിളമ്പുന്നതിന് മുന്നേ അടുത്തുള്ള ബക്കറ്റിലേക്ക് വെള്ളം ഒഴിക്കുമ്പോൾ പുക ഉയരുന്നത് കാണാം. അത് കണ്ടിട്ട് ശരിക്കും സ്വര്‍ഗലോകത്ത് എത്തിയപോലെയെന്ന് റിമി പറയുന്നുണ്ട്. എവിടെ പോയാലും ഒരേ ഭക്ഷണം കഴിക്കാതെ സ്പെഷൽ കഴിക്കണമെന്നും വിഡിയോയിൽ പറയുന്നുണ്ട്.
ഒരു പരമ്പരാഗത അസർബജാൻ വിഭവമാണ് ഷാഹ് പിലാഫ്. പ്രാദേശികമായ രുചിക്കൂട്ടുകളാലും സുഗന്ധങ്ങളാലും സമ്പന്നമായ ഈ വിഭവം ഇവിടുത്തെ വിവാഹവിരുന്നുകളിലെ പ്രധാനവിഭവം കൂടിയാണ്. ഷാഹ് പിലാഫ് ഉണ്ടാക്കുന്നത് കുറച്ചധികം കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു പാചകകലയാണ്. അന്തിമരൂപത്തിലേക്ക് എത്തുന്നതിനു മുമ്പ് വിവിധ ഘട്ടങ്ങളിലൂടെയാണ് ഷാഹ് പിലാഫ് കടന്നു പോകുന്നത്.
ബസുമതി അരികൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ആദ്യം ബസുമതി അരി വേവിക്കണം. അതിനു ശേഷം ഒരു ബൌൾ എടുത്ത് അതിലേക്ക് ലവാഷ് വിരിക്കണം. ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന കനം കുറഞ്ഞതും മൃദുവായതുമായ ഒരു ഫ്ലാറ്റ് ബ്രഡ് ആണ് ലാവാഷ് എന്നറിയപ്പെടുന്നത്. ലാവാഷ് വിരിച്ചതിനു ശേഷം അതിനു മുകളിലേക്ക് വെന്ത ബസുമതി റൈസ് വെക്കണം. ചോറിനു മുകളിലായി ആപ്രിക്കോട്ട്, പ്ലംസ്, ചെസ്റ്റ്നട്ട്, ഉണക്കമുന്തിരി എന്നിവ കൂടി പാളികളായി ചേർക്കണം. ഇത് ഷാഹ് പിലാഫിന് അപാരമായ രുചിയും സുഗന്ധവും നൽകും. മട്ടൺ കൂടി ഇതിലേക്ക് ചേരുമ്പോൾ അപാരമായി രുചിവിരുന്നായി. ഫില്ലിംഗ് പൂർത്തിയാകുന്നത് കുങ്കുമപ്പൂവ് കൊണ്ടുള്ള വെള്ളം ബൌളിലേക്ക് ചെറുതായി ഒഴിക്കുമ്പോൾ ആണ്.
അതിനു ശേഷം ബൌൾ അടച്ച് ബേക്ക് ചെയ്യും. ലാവാഷ് ബ്രൗൺ - ഗോൾഡൻ നിറത്തിലാകുന്നതു വരെയാണ് ബേക്ക് ചെയ്യുക. മണിക്കൂറുകളോളം ഈ വിഭവം ചൂടോടെ സൂക്ഷിക്കാൻ പറ്റുമെന്നതിനാൽ വിവാഹവേദികളിൽ ഷാഹ് പിലാഫ് വളരെ പ്രിയപ്പെട്ട വിഭവമാണ്.