ADVERTISEMENT

കാഴ്ചയ്ക്ക് കാഞ്ചീപുരം പട്ടുപോലെ മനോഹരവും അതേസമയം രുചിയുള്ളതുമാണ് ഈ ഇഡ്‌ഡലി. പ്രത്യക്ഷത്തിൽ ഇഡ്‌ഡലിയുമായി രൂപസാദൃശ്യം ഉള്ളതല്ല കാഞ്ചി ഇഡ്‌ഡലി. പക്ഷേ, ഇഡ്‌ഡലിക്കു വേണ്ട ചേരുവകൾതന്നെയാണ് ഏറെക്കുറെ ഉപയോഗിക്കുന്നത്. കാഞ്ചീപുരത്ത് ഇന്നും ക്ഷേത്ര പ്രസാദംപോലെ കരുതുന്ന ഒരു പലഹാരമാണ് കാഞ്ചി ഇഡ്‌ഡലി. ക്ഷേത്ര ഗോപുരങ്ങളുടെ ആകൃതിയിലാണ് ഈ ഇഡ്‌ഡലിയുടെ നിർമാണം. അതിനുവേണ്ടി മുളയുടെ തണ്ടുകൾകൊണ്ട് ഗോപുരത്തിന്റെ മാതൃകയിൽ കൂടകൾ ഉണ്ടാക്കും. ഈ കൂടകൾക്കുള്ളിൽ വാഴയില വച്ചതിനു ശേഷം അതിനുള്ളിലാണ് മാവ് ഒഴിക്കുന്നത്. ഇപ്പോൾ പക്ഷേ സ്റ്റീൽ പാത്രങ്ങളിൽ മാവ് ഒഴിച്ച് ഇഡ്ഢലി പാത്രത്തിനുള്ളിൽവച്ച് ആവി കയറ്റി വേവിച്ചു പിന്നീട് ഹൽവ മുറിക്കുന്നതുപോലെ മുറിച്ചാണു കഴിക്കാനെടുക്കുന്നത്.

ചേരുവകൾ

1. പുഴുക്കലരി – ഒരു കപ്പ്
2. പച്ചരി – ഒരു കപ്പ്
3. ഉഴുന്ന് – ഒരു കപ്പ് (പച്ചരിയും പുഴുക്കലരിയും ഉഴുന്നും ഒരേ അളവിലുള്ള കപ്പിലായിരിക്കണം)
4. അണ്ടിപ്പരിപ്പ് – മൂന്ന് വലിയ സ്പൂൺ
5. കുരുമുളക് (ചതച്ചത്) – ഒരു നുള്ള്
6. നെയ്യ് – ഒരു വലിയ സ്പൂൺ
7. കായപ്പൊടി – ഒരു വലിയ സ്പൂൺ
8. ജീരകം (ചതച്ചത്) – ഒരു നുള്ള്
9.കറിവേപ്പില – നാല് അല്ലി

തയാറാക്കുന്ന വിധം

1. പച്ചരിയും പുഴുക്കലരിയും ഉഴുന്നും തലേദിവസം കുതിർത്തു വയ്ക്കുക. മൂന്നും പ്രത്യേകം പ്രത്യേകം ആട്ടിയെടുക്കുക. സാധാരണ ഇഡ്‌ഡലിക്ക് ആട്ടുന്നതുപോലെ മഷിപ്പരുവത്തിൽ മാവ് ആട്ടരുത്. ചെറിയ തരികളുള്ള റവ പരുവത്തിലാണ് മാവ് ആട്ടിയെടുക്കേണ്ടത്. പ്രത്യേകം പ്രത്യേകം ആട്ടിയെടുത്ത മാവ് ഒന്നിച്ചിട്ടു നന്നായി ഇളക്കി പുളിക്കാൻ വയ്ക്കുക. വൈകുന്നേരം ഇളക്കിവയ്ക്കുന്ന മാവ് പിറ്റേന്നു രാവിലെയാണ് ഇഡ്ഡലിയുണ്ടാക്കാൻ എടുക്കേണ്ടത്. കാഞ്ചി ഇഡ്ഡലിക്കു മാവ് രണ്ടു മണിക്കൂർ പുളിച്ചാൽ മതി. എങ്കിലും പത്തു മണിക്കൂർ പുളിക്കാൻ വയ്ക്കുന്നത് രുചി കൂടാൻ സഹായിക്കും. സമയക്കുറവുണ്ടെങ്കിൽ ഒരു സ്പൂൺ തൈര് ഒഴിച്ചാൽ മാവ് പെട്ടെന്നു പുളിക്കും.

2. പുളിപ്പിച്ചെടുത്ത മാവിൽ അണ്ടിപ്പരിപ്പ്, കുരുമുളക്, ജീരകം, കായപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക.

3. നേരത്തേ കെട്ടിവച്ചിരിക്കുന്ന ഇഡ്ഡലിക്കൂടയിലോ അല്ലെങ്കിൽ വാഴയില വച്ച പാത്രത്തിലോ മാവ് ഒഴിക്കുക. ഇഡ്‌ഡലിക്കൂടയിലാണെങ്കിൽ മാവ് ഒലിച്ചു പോകാതിരിക്കാൻ വാഴയിലകൊണ്ടു മൂടിക്കെട്ടി വയ്ക്കണം.

4. ഈ രീതിയിൽ തയാറാക്കുന്ന കൂടകളോ അല്ലെങ്കിൽ മാവ് ഒഴിച്ച പാത്രങ്ങളോ ഇഡ്‌ഡലിപാത്രത്തിനുള്ളിൽവച്ച് സാധാരണ ഇഡ്‌ഡലി വേവിച്ചെടുക്കുന്നതുപോലെ വേവിക്കാം. സാധാരണ ഇഡ്‌ഡലിയിൽനിന്ന് കാഞ്ചി ഇഡ്‌ഡലിയെ വേർതിരിക്കുന്ന പ്രധാന സംഗതി വെന്തു കിട്ടുന്നതിനുള്ള സമയമാണ്. സാധാരണ ഇഡ്‌ഡലി  വെന്തുകിട്ടാൻ പതിനഞ്ചു മിനിറ്റ് എടുക്കുമ്പോൾ കാഞ്ചി ഇഡ്‌ഡലി വേകുന്നതിന് രണ്ടു മണിക്കുറെടുക്കും.

5. വേകാൻ സമയം കൂടുതൽ എടുക്കുമെങ്കിലും രുചിയുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട് രണ്ട് ഇഡ്‌ഡലിക്കും. സാധാരണ ഇഡ്‌ഡലിയേക്കാൾ വളരെ മുമ്പിലാണ് കാഞ്ചി ഇഡ്‌ഡലി യുടെ രുചി. കൂടയിൽനിന്നോ പാത്രത്തിൽനിന്നോ ചൂട് ആറിയ ശേഷം ഇഡ്‌ഡലി പുറത്തെടുക്കാം. ഹൽവ മുറിക്കുന്നതുപോലെ മുറിച്ചാണു കഴിക്കുന്നത്. മുറിച്ചെടുക്കുന്ന ഇഡ്‌ഡലി യുടെ വശങ്ങളിൽ സാരിയുടേതുപോലെ ഭംഗിയുള്ള ഡിസൈൻ ഉണ്ടാകും. ചമ്മന്തി, സാമ്പാർ തുടങ്ങിയ കറികൾ കാഞ്ചി ഇഡ്‌ഡലിയോടൊപ്പം കഴിക്കാമെങ്കിലും നല്ലെണ്ണ ഒഴിച്ച് കലക്കിയ ചമ്മന്തിപ്പൊടി, പുതിനാ ചമ്മന്തി, ഉള്ളി ചമ്മന്തി ഇതിൽ ഏതെങ്കിലും കറികളാണ് കാഞ്ചി ഇഡ്‌ഡലിയോടൊപ്പം  വിളമ്പുന്നത്.

Content Summary : Seasoned Spicy Idli-Kanchipuram Idli Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com