ഞായറാഴ്ചത്തെ സ്പെഷൽ ഇതാക്കാം; എളുപ്പവഴിയിൽ തട്ടുകട സ്റ്റൈൽ എല്ലും കപ്പയും
Mail This Article
കപ്പ ബിരിയാണി, എല്ലും കപ്പയും എന്നീ വിഭവങ്ങൾ എറെ ഇഷ്ടപ്പെടുന്നവരുണ്ട്. നല്ല എല്ലും കപ്പയും കിട്ടുന്ന കട തന്നെ തേടിപോകുന്ന ഭക്ഷണപ്രേമികളുമുണ്ട്. ഞായറാഴ്ചകളിൽ മിക്കവരുടെയും വീട്ടിലെ സ്പെഷൽ വിഭവം ഇതായിരിക്കും. ചില തട്ടുകടയിൽ വായിൽ വെള്ളമൂറുന്ന രുചിയിൽ എല്ലും കപ്പയുമുണ്ട്. ആ രുചിയറിഞ്ഞവർ വീട്ടിൽ തയാറാക്കി നോക്കാറുണ്ട്. ചിലത് പാളിപോകും മറ്റുചിലത് നല്ലരുചിയിലും കിട്ടും. വളരെ എളുപ്പത്തിൽ തട്ടുകട സ്റ്റൈൽ എല്ലും കപ്പയും തയാറാക്കിയാലോ?
കപ്പ ചെറുതായി നുറുക്കി നന്നായി കഴുകി വേവിച്ചെടുക്കാം. പോത്തിറച്ചിയും എല്ലും ചേർന്നവ നന്നായി കഴുകണം. ആദ്യം ഇത്തിരി മുളക്പൊടിയും മഞ്ഞപൊടിയും ഉപ്പും കുരുമുളക്പൊടിയും ചേർത്ത് യോജിപ്പിച്ച് 15 മിനിറ്റ് വയ്ക്കണം. ശേഷം കുക്കറിൽ വയ്ക്കാം. അതിൽ രണ്ടര ടീസ്പൂൺ കശ്മീരി മുളക് പൊടിയും കാൽ ഒരു സ്പൂൺ മല്ലിപ്പൊടിയും ഒരു സ്പൂൺ ഇറച്ചി മസാലയും ആവശ്യത്തിനുള്ള ഉപ്പും കാൽകപ്പ് ഇഞ്ചിയും കാൽകപ്പ് വെളുത്തുള്ളിയും രണ്ട് സവാള നീളത്തിൽ അറിഞ്ഞതും ചേർക്കാം.
ഇതെല്ലാം നന്നായി ഇളക്കി ഇത്തിരി വെള്ളവും ചേർത്ത് കുക്കറിൽ വയ്ക്കണം. 5 വിസിലെങ്കിലും വേണം. നന്നായി വെന്തു കഴിയുമ്പോൾ കുക്കറിലെ ആവി പോയതിനുശേഷം അടുപ്പിൽ പിന്നെയും വച്ച് തിളപ്പിക്കണം. വെള്ളം ഒത്തിരി ഉണ്ടെങ്കിൽ ചെറുതായി വറ്റിച്ചെടുക്കണം. ആ കൂട്ടിലേക്ക് വേവിച്ച കപ്പ ചേർക്കാം. നന്നായി ഇളക്കിക്കൊടുക്കണം. ശേഷം ഒരു പകുതി തേങ്ങയും 2 പച്ചമുളകും ഒരു വെള്ളുത്തുള്ളി 3 ചെറിയ ഉള്ളിയും ചേർത്ത് മിക്സിയിൽ ചതച്ചെടുക്കാം. അരപ്പ് കപ്പയുടെയും എല്ലിന്റെയും കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത്തിരി വെളിച്ചെണ്ണയും ചേർക്കണം, നല്ല മണവും രുചിയും കിട്ടും. ഞെടിയിടയിൽ എല്ലും കപ്പയും റെഡി.
English Summary: Kappa Biriyani Thattukada Style