മനസ്സിലേക്ക് നുഴഞ്ഞു കയറുന്ന ‘കോഗ്നിറ്റീവ്’ ചാരന്മാർ, യുദ്ധമൊരുക്കി ചൈന; എങ്ങനെ നേരിടും!
Mail This Article
ഗൽവാനിൽ 2020ൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആണിയും മുള്ളും വച്ചുപിടിപ്പിച്ച വടികൾകൊണ്ട് ആക്രമിച്ചതിനെതുടർന്ന് ചൈനയുമായി യുദ്ധമുണ്ടാവുമോ എന്ന സന്ദേഹം എങ്ങും അലയടിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ തിരിച്ചുള്ള ആക്രമണത്തിൽ 38 ചൈനീസ് പട്ടാളക്കാരെയാണു കൊന്നത്. ശത്രുവിനെ സ്വന്തം കൈകൊണ്ടു പോലും കൊല്ലാൻ പരിശീലനം കിട്ടിയിട്ടുള്ള ഘാതക് എന്ന ഇന്ത്യൻ പട്ടാള വീരൻമാരും ചോരക്കളിയിലുണ്ടായിരുന്നു. പക്ഷേ എത്ര സൈനികർ മരിച്ചുവെന്ന് ചൈന ആദ്യം കള്ളം പറഞ്ഞു; 5 പേർ മാത്രം മരിച്ചെന്ന്. സിഐഎ അന്നുതന്നെ ചൈനീസ് പട്ടാളക്കാരുടെ 38 മൃതശരീരങ്ങൾ ആംബുലൻസുകളിൽ കൊണ്ടുപോകുന്നതു കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ചാരൻമാർ 60 ശരീരങ്ങൾ കൊണ്ടു പോകുന്നതു കണ്ടെത്തി, അതിലെത്ര മരിച്ചു, എത്ര പരുക്കേറ്റു എന്ന കൃത്യമായ കണക്കില്ലെന്നു മാത്രം.