എന്താണീ ക്ലൈമറ്റ് ഫിനാൻസ്? ബാങ്കുകൾ ഹരിതാഭമാകുന്നുവോ?

Mail This Article
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഫെബ്രുവരി 8ന് പുറത്തിറക്കിയ ധന വ്യവസ്ഥയിൽ (monetary policy) ക്ലൈമറ്റ് ഫിനാൻസിനുള്ള ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
∙ ഗ്രീൻ ഡെപ്പോസിറ്റിന്റെ സ്വീകാര്യത വിപുലീകരിക്കുക.
∙ കാലാവസ്ഥയുമായി ബന്ധപ്പെട്ട ‘സാമ്പത്തിക അപകടം’ (Financial risk) തുറന്നുകാട്ടുക.
∙ കാലാവസ്ഥ പരിശോധിക്കുവാനും സമ്മർദ പരിശോധന നടത്തുവാനുള്ള മാർഗ നിർദേശങ്ങൾ നൽകുക എന്നിവയാണ് ആർ.ബി.ഐ മുൻപോട്ട് വച്ചിരിക്കുന്ന മാർഗനിര്‍ദേശങ്ങൾ.
ഇനി എന്താണ് ക്ലൈമറ്റ് ഫിനാൻസ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്?
നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുവാനും മാറുന്ന കാലാവസ്ഥാ സമ്പ്രദായത്തോട് പൊരുത്തപ്പെടുവാനും സഹായകമാകുംവിധം പ്രാദേശികമായും, ദേശീയമായും രാജ്യാന്തരമായും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന തുകയ്ക്ക് ‘ക്ലൈമറ്റ് ഫിനാൻസ്’ എന്ന് വിശേഷിപ്പിക്കാം.
ഇന്നത്തെ സാഹചര്യത്തിൽ ഭാരതത്തിൽ ക്ലൈമറ്റ് ഫിനാൻസിന് എന്താണ് പ്രാധാന്യം എന്ന് നോക്കാം. നമ്മുടെ രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ്. വ്യാവസായികമായി വളരുമ്പോൾ തന്നെ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന നിരവധി വാതകങ്ങളും മറ്റു വസ്തുക്കളും നമ്മുടെ രാജ്യത്ത് പുറന്തള്ളപ്പെടുന്നു. രാദ്യാന്തരതലത്തിൽ യുഎന്നിന്റെ നേതൃത്വത്തിലും മറ്റു രാജ്യങ്ങളുടെ നേതൃത്വത്തിലും കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാനുള്ള നിരവധി പദ്ധതികളിൽ നമ്മുടെ രാജ്യവും ഉത്തരവാദിത്വമുള്ള പങ്കാളിയാകുന്നുണ്ട്.

രാജ്യത്തെ സാമ്പത്തിക ഘടനയിലേക്ക് പൊതുജനങ്ങളെ കൂടുതല്‍ പരിസ്ഥിതി സൗഹാർദ നിക്ഷേപകരാക്കുവാനാണ് ആർ.ബി.ഐ ഇത്തവണത്തെ മോണിറ്ററി പോളിസിയിലൂടെ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിക്ഷേപകർക്ക് കൈവശമുള്ളു അധിക പണം പ്രകൃതി സൗഹാർദപരമായ പദ്ധതികളിൽ നിക്ഷേപിക്കുവാനുള്ള സംവിധാനമുണ്ട്. ‘ഗ്രീൻ ഡെപ്പോസിറ്റ്’ എന്നറിയപ്പെടുന്ന ഇത്തരം സ്കീമുകൾ ഇന്ന് ഭാരതത്തിലെ മിക്ക ബാങ്കുകളിലും മുൻ നിശ്ചയിച്ച പ്രകാരമുള്ള പലിശയിൽ ലഭ്യമാണ്. കൂടാതെ ഗ്രീൻ ബോണ്ടുകളിലും, ഡെറ്റ് ഫണ്ടുകളിലുമൊക്കെ ഈ നിക്ഷേപം നടത്താം. ബാങ്കുകൾക്ക് ഇത്തരം നിക്ഷേപങ്ങൾ സ്വീകരിച്ച് പ്രകൃതിയിൽ പുനരുപയോഗയോഗ്യമായ കാറ്റ്, സൗരോർജം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് വായ്പയും നൽകാം.
ബാങ്കുകളും ‘ഹരിതാഭ’മാകുന്നു
കുറേ കാലങ്ങളായി നമ്മൾ രാജ്യത്തും രാജ്യാന്തരതലത്തിലും കേൾക്കുന്ന ഒരു മുദ്രാവാക്യമാണ് 'Go Green' (ഹരിതാഭമായി പോവുക). നമ്മുടെ പ്രകൃതിയോട് കൂടുതൽ സൗഹാർദപരമായി ജീവിതചര്യകളെയും മാറ്റിയെടുക്കുവാനുള്ള ഒരു കൂട്ടം നിർദേശങ്ങളാണ് ഇതിലുള്ളത്. ബാങ്കുകളിൽ നിന്നും ക്യാഷ് പിന്‍വലിക്കുവാൻ എ.ടി. എം (ATM) കൗണ്ടറിൽ എത്തുന്ന ഒരാൾ ആ പണമിടപാട് അവസാനിപ്പിക്കുമ്പോൾ എ.ടി. എമ്മിന്റെ സ്ക്രീനിൽ ‘റസീപ്റ്റ് പ്രിന്റ്’ ചെയ്യാതിരിക്കുവാനുള്ള നിർദേശം മിക്ക എ.ടി. എമ്മുകളിലും നിലവിലുണ്ട്. രാജ്യം പ്രകൃതി സൗഹാർദമായി മുന്നേറുമ്പോൾ സാമ്പത്തികരംഗത്തെ ഉത്തരവാദിത്വമുള്ള നടത്തിപ്പുകാരായ ബാങ്കുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നു എന്നതിന്റെ ഏറ്റവും ലളിതമായ ഉദാഹരണം കൂടിയാണിത്.
ഇങ്ങനെയെല്ലാം നോക്കുമ്പോൾ മാറുന്ന കാലത്തിനനുസരിച്ച് സാഹചര്യങ്ങളോട് ഒരു പിടി മുന്‍പിൽ നടന്ന് കൂടുതൽ ഉത്തരവാദിത്വമുള്ള നയങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് നമ്മുടെ രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ നെടുംതൂണായ ആർ. ബി. ഐ
English Summary : Green Initiatives of Reserv Bank