സംരംഭക വർഷം പദ്ധതി: 2 ലക്ഷം പുതിയ സംരംഭങ്ങൾ വന്നെന്ന് മന്ത്രി പി.രാജീവ്
Mail This Article
തിരുവനന്തപുരം ∙ വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്നു മന്ത്രി പി.രാജീവ്.
2022 ഏപ്രിൽ 1ന് ആരംഭിച്ച പദ്ധതിയിൽ ഇന്നലെ വരെ 2,01,518 സംരംഭങ്ങളാണു പുതിയതായി തുടങ്ങിയതെന്നും ഇതിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി അവകാശപ്പെട്ടു. പുതിയ സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) വനിതകളുടേതാണ്.
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ ആരംഭിച്ചത് 8,752 സംരംഭങ്ങൾ. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആദ്യ വർഷത്തിൽ എട്ടാം മാസത്തിൽ തന്നെ ലക്ഷ്യം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു. വിജയം കണക്കിലെടുത്താണ് ഈ വർഷവും തുടരാൻ തീരുമാനിച്ചത്.
ഏപ്രിൽ 1 മുതൽ ഇന്നലെ വരെ 61,678 പുതിയ സംരംഭങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിലൂടെ 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഭക്ഷ്യസംസ്കരണ മേഖലയിലാണു കൂടുതൽ സംരംഭങ്ങൾ. ആരംഭിച്ചവയിൽ ശരാശരി 30% പൂട്ടിപ്പോകുന്നതാണു ദേശീയതലത്തിലെ കണക്കെങ്കിൽ കേരളത്തിൽ അതു 15% ആണെന്നും മന്ത്രി പറഞ്ഞു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കേന്ദ്രത്തിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ധാരണാപത്രം ഒപ്പുവച്ചു. ഇടത്തരം സംരംഭങ്ങളെയും ചെറുകിട വ്യാപാരികളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുകയാണു ലക്ഷ്യമെന്നും രാജീവ് അറിയിച്ചു.