നല്ല പന്തെറിഞ്ഞാൽ ഗെയ്ലും ധവാനുമെല്ലാം തടുക്കും, കോലി ചീത്തവിളിക്കും: ബംഗ്ലാ താരം
Mail This Article
ധാക്ക∙ ‘നല്ലൊരു പന്തെറിഞ്ഞാൽ ഏതു ബാറ്റ്സ്മാനാണെങ്കിലും അതു തടുത്തിടും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കിൽ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും’ – പറയുന്നത് ബംഗ്ലദേശ് ബോളർ അൽ അമീൻ ഹുസൈൻ. ബംഗ്ലദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്ഫ്രെൻസിയുടെ ഫെയ്സ്ബുക് ലൈവിൽ സംസാരിക്കുമ്പോഴാണ് കോലിയുടെ ‘വിചിത്രമായ’ രീതികളെക്കുറിച്ച് അൽ അമീൻ ഹുസൈൻ തുറന്നുപറഞ്ഞത്.
‘കോലിക്കെതിരെ എപ്പോഴൊക്കെ ഒരു ഡോട് ബോളെറിഞ്ഞാലും ചീത്ത വിളി പ്രതീക്ഷിക്കാം. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകൾ പൊതുജന മധ്യത്തിൽ പറയാൻ കൊള്ളില്ല. മികച്ച പന്തെറിഞ്ഞാൽ ഉടനെ ആ ബോളർക്കു മേൽ സമ്മർദ്ദമേൽപ്പിക്കാനാണ് കോലി ശ്രമിക്കുക. അയാളെ മാനസികമായി തളർത്താനുദ്ദേശിച്ചാണ് ചീത്തവിളി’ – അൽ അമീൻ ഹുസൈൻ വെളിപ്പെടുത്തി.
‘ക്രിസ് ഗെയ്‍ൽ, ശിഖർ ധവാൻ, രോഹിത് ശർമ തുടങ്ങിയ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർക്കെതിരെയെല്ലാം ഞാൻ ബോൾ ചെയ്തിട്ടുണ്ട്. മികച്ചൊരു പന്തെറിഞ്ഞാൽ അവരെല്ലാം അതു പ്രതിരോധിക്കും. അവരാരും കോലിയേപ്പോലെയല്ല. മാത്രമല്ല, ഒരക്ഷരം പോലും ഉരിയാടുകയുമില്ല. കോലി പക്ഷേ, തിരിച്ചാണ്. നല്ലൊരു പന്തെറിഞ്ഞാൽ അദ്ദേഹത്തിൽനിന്ന് ചീത്തവിളി ഉറപ്പ്’ – ഹുസൈൻ വിശദീകരിച്ചു.
നേരത്തെ, ഇന്ത്യൻ ക്യാപ്റ്റനുമായുള്ള വാക്പോരിനെക്കുറിച്ചും കളത്തിലെ ശത്രുതയെക്കുറിച്ചും തുറന്നുപറഞ്ഞ് മറ്റൊരു ബംഗ്ലദേശ് താരം റൂബൽ ഹുസൈനും രംഗത്തെത്തിയിരുന്നു. വിരാട് കോലിയുമായുള്ള വാക്പോരിന് 12 വർഷം പഴക്കമുണ്ടെന്നാണ് റൂബൽ ഹുസൈന്റെ വെളിപ്പെടുത്തൽ. 2008ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന യൂത്ത് ലോകകപ്പിൽ തുടങ്ങുന്നു ഇതിന്റെ ചരിത്രം. അന്ന് കോലി ഇപ്പോഴത്തേതിനേക്കാൾ ‘ഭീകരനാ’യിരുന്നുവെന്നാണ് റൂബലിന്റെ വെളിപ്പെടുത്തൽ.
‘2008ലെ യൂത്ത് ലോകകപ്പിൽ കളിച്ച ടീമുകളിൽ ഞങ്ങളുമുണ്ടായിരുന്നു. അന്നുമുതൽ ഞങ്ങൾ തമ്മിൽ കളത്തിൽ അത്ര രസത്തിലല്ല. അന്നേ എതിർ ടീം താരങ്ങളെ സ്ലെജ് ചെയ്യുന്ന കാര്യത്തിൽ കോലി കുപ്രസിദ്ധനാണ്. ഇപ്പോൾ കുറച്ചുകൂടി ഭേദമാണെന്നു പറയാം. അന്ന് കോലി ഇഷ്ടം പോലെ ചീത്ത വിളിക്കും’ – റൂബൽ പറഞ്ഞു.
ലോകകപ്പ് വേദികളിൽ ഉൾപ്പെടെ കോലിയും റൂബൽ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങൾ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബൽ ഹുസൈനെ മത്സരത്തിനിടെ കോലി ചീത്തവിളിച്ചതു മുതൽ ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങൾ ആരാധകർക്ക് സുപരിചിതമാണ്. അന്ന് തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച കോലി ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ ജയം. പിന്നീട് 2015 ലോകകപ്പിൽ കോലിയെ വെറും മൂന്നു റണ്‍സിനു പുറത്താക്കി റൂബൽ ഹുസൈൻ നടത്തിയ ‘അതിരുവിട്ട’ ആഘോഷവും ആരാധകർ മറന്നിട്ടുണ്ടാവില്ല.
English Summary: Others defend a good ball but Virat Kohli sledges you in return: Al-Amin Hossain