സിംബാബ്‌വെയുടെ വഴിയടച്ചു, യുഗാണ്ട ട്വന്റി20 ലോകകപ്പ് കളിക്കും
Mail This Article
വിൻഡ്ഹോക് (നമീബിയ) ∙ ഫേവറിറ്റുകളായിരുന്ന സിംബാബ്‌വെയുടെ വഴിയടച്ച് യുഗാണ്ട അടുത്ത വർഷത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ റുവാണ്ടയ്ക്കെതിരെ 9 വിക്കറ്റ് ജയം കുറിച്ചതോടെയാണ് യുഗാണ്ട യോഗ്യത ഉറപ്പിച്ചത്.
റുവാണ്ടയെ 18.5 ഓവറിൽ 65 റൺസിനു പുറത്താക്കിയ യുഗാണ്ട 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. നമീബിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് യുഗാണ്ടയുടെ യോഗ്യത. ഇതോടെ കെനിയയെ 110 റൺസിനു തോൽപിച്ചെങ്കിലും സിംബാബ്‌വെ മൂന്നാമതായി. അടുത്ത വർഷം ജൂണിൽ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ലോകകപ്പിലെ 20 ടീമുകളും ഇതോടെ തീരുമാനമായി.
ടീമുകൾ: വെസ്റ്റിൻഡീസ്, യുഎസ്എ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലൻഡ്സ്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, അയർലൻഡ്, സ്കോട്‌ലൻഡ്, പാപുവ ന്യൂ ഗിനി, കാനഡ, നേപ്പാൾ, ഒമാൻ, നമീബിയ, യുഗാണ്ട.