ഇന്ത്യയെ നേരിടും മുൻപേ ഓസീസിനെ ‘ക്ഷീണിപ്പിച്ച്’ പാക്കിസ്ഥാൻ; 22 വർഷത്തിനിടെ ഓസീസ് മണ്ണിൽ ആദ്യ ഏകദിന പരമ്പര വിജയം!
Mail This Article
പെർത്ത്∙ ഓസ്ട്രേലിയൻ മണ്ണിൽ രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമാക്കി രാജ്യാന്തര ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ തകർപ്പൻ തിരിച്ചുവരവ്. പെർത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിനാണ് പാക്കിസ്ഥാന്റെ വിജയം. ഒരിക്കൽക്കൂടി ബോളർമാരുടെ ഐതിഹാസിക പ്രകടനത്തിന്റെ ചിറകിലേറിയാണ് പാക്കിസ്ഥാൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. പെർത്ത് ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 31.5 ഓവറിൽ 140 റൺസിൽ ഒതുക്കിയ പാക്കിസ്ഥാൻ, മറുപടി ബാറ്റിങ്ങിൽ 139 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു.
മൂന്നു വിക്കറ്റ് വീതം പിഴുത ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ ട്വന്റി20 ഫോർമാറ്റ് പോലും ‘നാണിക്കുന്ന’ സ്കോറിൽ ഒതുക്കിയത്. ഹാരിസ് റൗഫ് രണ്ടും ഹസ്നയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.
41 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത ഷോൺ ആബട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. ഓപ്പണർ മാത്യു ഷോർട്ട് (30 പന്തിൽ 22), ആരോൺ ഹാർഡി (13 പന്തിൽ 12), ആദം സാംപ (12 പന്തിൽ 13), സ്പെൻസർ ജോൺസൻ (12 പന്തിൽ പുറത്താകാതെ 12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. മാർക്കസ് സ്റ്റോയ്നിസ് (25 പന്തിൽ എട്ട്), ഗ്ലെൻ മാക്സ്‌വെൽ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.
താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത പാക്കിസ്ഥാനായി, ബാറ്റെടുത്ത നാലു പേരും ശ്രദ്ധേയമായ സംഭാവനകൾ നൽകി അതിവേഗം വിജയം ഉറപ്പാക്കി. 52 പന്തിൽ നാലു ഫോറും ഒറു സിക്സും സഹിതം 42 റൺസെടുത്ത ഓപ്പണർ സയിം അയൂബാണ് ടോപ് സ്കോറർ. സഹ ഓപ്പണർ അബ്ദുല്ല ഷഫീഷ് 53 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 37 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 84 റൺസ് കൂട്ടിച്ചേർത്തു. ബാബർ അസം 30 പന്തിൽ നാലു ഫോറുകളോടെ 28 റൺസെടുത്തു ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 27 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 30 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ബാബർ – റിസ്‌വാൻ സഖ്യം 58 റൺസ് കൂട്ടിച്ചേർത്തു.
ബംഗ്ലദേശിനെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റ് നാണക്കേടിന്റെ പടുകുഴിയിൽ വീണ പാക്കിസ്ഥാൻ, തുടർന്ന് ഇംഗ്ലണ്ടിനെതിരെ പിന്നിൽനിന്ന് തിരിച്ചടിച്ച് ടെസ്റ്റ് പരമ്പര നേടിയതിന്റെ തിളക്കും മായും മുൻപാണ് സമാനരീതിയിൽ ഏകദിനത്തിൽ ഓസീസിനെയും വീഴ്ത്തിയത്. മെൽബണിൽ നടന്ന ഒന്നാം ഏകദിനത്തിൽ രണ്ടു വിക്കറ്റിന്റെ നേരിയ തോൽവി വഴങ്ങിയ പാക്കിസ്ഥാൻ, രണ്ടാം ഏകദിനത്തിൽ 9 വിക്കറ്റിന്റെയും മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെയും ആധികാരിക വിജയങ്ങളുമായാണ് 22 വർഷത്തെ കാത്തിരിപ്പിനു ശേഷം ഓസ്ട്രേലിയയിൽ ഏകദിന പരമ്പര നേടിയത്. പാക്കിസ്ഥാനു നഷ്ടമായ രണ്ടു വിക്കറ്റുകളും ലാൻസ് മോറിസ് സ്വന്തമാക്കി.