വിരാട് കോലിയെ പുറത്താക്കാൻ ബസ് ഡ്രൈവർ വരെ ബുദ്ധി ഉപദേശിച്ചു: വെളിപ്പെടുത്തി ഹിമാൻഷു സങ്‍വാൻ

Mail This Article
ന്യൂഡൽഹി∙ 13 വര്‍ഷത്തിനു ശേഷം രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ വിരാട് കോലിയെ പുറത്താക്കാൻ ബസ് ഡ്രൈവര്‍ വരെ തനിക്കു ബുദ്ധി ഉപദേശിച്ചിരുന്നതായി, കോലിയുടെ വിക്കറ്റെടുത്ത റെയിൽവേസ് താരം ഹിമാൻഷു സങ്‍വാൻ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ കോലി 15 പന്തിൽ ആറു റൺസ് മാത്രമെടുത്താണു പുറത്തായത്. ഹിമാന്‍ഷുവിന്റെ പന്ത് നേരിടുന്നതിൽ പരാജയപ്പെട്ടതോടെ കോലിയുടെ വിക്കറ്റ് തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലും വൈറലായിരുന്നു. കോലിയുടെ പുറത്താകലോടെ ഹിമാൻഷു സങ്‍വാനും വൻ ചർച്ചാ വിഷയമായി.
2019ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 29 വയസ്സുകാരനായ ഹിമാന്‍ഷു ഡൽഹി സ്വദേശിയാണ്. വിരാട് കോലിയുടെ ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകൾ നേരിടുന്നതിലുള്ള പ്രശ്നത്തെക്കുറിച്ചു തനിക്ക് അറിയാമായിരുന്നെന്നാണ് ഹിമാൻഷു ആദ്യം പ്രതികരിച്ചത്. കോലിക്കെതിരെ സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടാണു മികച്ച രീതിയിൽ കളിച്ചതെന്നും ഹിമാൻഷു മത്സരത്തിനു ശേഷം വ്യക്തമാക്കി.
‘‘മത്സരത്തിനു മുൻപ് വിരാട് കോലിയും ഋഷഭ് പന്തും കളിക്കുമെന്നു ചര്‍ച്ചകളുണ്ടായിരുന്നു. പക്ഷേ മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് പന്ത് കളിക്കില്ലെന്നും വിരാട് ഉണ്ടാകുമെന്നും മനസ്സിലായി. റെയിൽവേസിന്റെ പേസ് ആക്രമണത്തെ നയിക്കുന്നതു ഞാനാണ്. ഞാൻ കോലിയെ പുറത്താക്കുമെന്ന് തോന്നുന്നതായി ടീമംഗങ്ങളെല്ലാം എന്നോടു പറഞ്ഞിരുന്നു. വിരാട് കോലിയെ പുറത്താക്കാന്‍ എങ്ങനെ പന്തെറിയണമെന്ന് ഞങ്ങൾ യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവർ വരെ നിർദേശങ്ങൾ നൽകി.’’
‘‘ആരുടെയെങ്കിലും ദൗർബല്യത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ സ്വന്തം കഴിവിൽ വിശ്വസിക്കുന്നതാണു ശരിയായ വഴിയെന്ന് പിന്നീട് എനിക്കു തോന്നി. ആ ബോധ്യത്തോടെ പന്തെറിഞ്ഞപ്പോൾ വലിയ വിക്കറ്റും ലഭിച്ചു.’’– ഹിമാൻഷു മാധ്യമങ്ങളോടു പ്രതികരിച്ചു. മത്സരത്തിനു ശേഷം ഹിമാൻഷു സങ്‍വാന്‍ വിക്കറ്റ് വീഴ്ത്തിയ പന്തിൽ വിരാട് കോലി ഓട്ടോഗ്രാഫ് നൽകിയിരുന്നു.