രഞ്ജി ട്രോഫിയിൽ ഇത്തവണ മിന്നിയത് കേരള യൂത്തന്മാർ; ടീമിന്റെ ശരാശരി പ്രായം 28 വയസ് മാത്രം

Mail This Article
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണറപ്പായ കേരള ടീമിന്റെ ശരാശരി പ്രായം 28. പ്ലേയിങ് ഇലവനിലുള്ളവരും റിസർവ് ടീമിലുള്ളവരും ഉൾപ്പെടെ 17 അംഗ സ്ക്വാഡിൽ 9 പേർ 30 വയസ്സിൽ താഴെയുള്ളവർ. 22 വയസ്സു വീതമുള്ള രണ്ടു പേരും 20 വയസ്സിൽ താഴെയുള്ള രണ്ടുപേരും ടീമിലുണ്ടായിരുന്നു. രണ്ടുവട്ടം ചാംപ്യന്മാരും കഴിഞ്ഞ ഫൈനലിലെ റണ്ണറപ്പുമായ വിദർഭയെ അവരുടെ ഹോം ഗ്രൗണ്ടിൽ നേരിടേണ്ടി വന്നിട്ടും ഒരു ഘട്ടത്തിലും കേരളം പേടിച്ചില്ല.
കളി കൈവിട്ടു പോയെന്നു വ്യക്തമായപ്പോഴും പതറാതെ പൊരുതാൻ ഈ യുവവീര്യം തുണച്ചു. അപൂർവം പേരൊഴികെ എല്ലാവരും അടുത്ത ഏതാനും സീസണുകളിൽ ടീമിൽ തുടരുമെന്നതിനാൽ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനമാക്കി മാറ്റാൻ കഠിനാധ്വാനം മതിയാകും.
യുവതാരങ്ങൾക്ക് അവസരം നൽകുന്ന കാര്യത്തിൽ വലിയ ‘റിസ്ക്’ എടുക്കാൻ പോലും ടീം തയാറായതാണ് ഈ സീസണിൽ കണ്ട വ്യത്യസ്ത കാഴ്ചകളിലൊന്ന്. കളിച്ചിണങ്ങിയ ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ പോലും പല ടീമുകളും പേടിക്കുമ്പോൾ നിർണായക സെമിഫൈനൽ മത്സരത്തിൽ 2 താരങ്ങൾക്ക് അരങ്ങേറ്റത്തിനുള്ള അവസരം നൽകി കേരളം മറ്റു ടീമുകളെ ഞെട്ടിച്ചു. 22 വയസ്സുള്ള വരുൺ നായനാരും 18 വയസ്സുള്ള അഹമ്മദ് ഇമ്രാനുമായിരുന്നു രാജകീയ അരങ്ങേറ്റം ലഭിച്ചവർ.
19 വയസ്സുള്ള ഏദൻ ആപ്പിൾ ടോം ഫൈനലിൽ 2 ഇന്നിങ്സിലുമായി നേടിയതു 4 സുപ്രധാന വിക്കറ്റുകൾ. ബാറ്റർ ഷോൺ റോജർ ഇരുപത്തിരണ്ടുകാരനാണ്. ആനന്ദ് കൃഷ്ണൻ, എൻ.പി.ബേസിൽ, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ശ്രീഹരി എസ്.നായർ എന്നിവരും 30നു താഴെ പ്രായമുള്ളവർ തന്നെ.
അക്ഷയ് ചന്ദ്രൻ, ബേസിൽ തമ്പി, മുഹമ്മദ് അസ്ഹറുദീൻ, എൻ.എം.ഷറഫുദീൻ എന്നിവർ മുപ്പതിനും മുപ്പത്തിയൊന്നിനും ഇടയിലുള്ളവർ. 38 വയസ്സുകാരനായ ജലജ് സക്സേന, 36 വയസ്സുള്ള ക്യാപ്റ്റൻ സച്ചിൻ ബേബി, 35 വയസ്സുകാരൻ ആദിത്യ സർവതെ എന്നിവരുടെ അനുഭവ സമ്പത്തുകൂടി ചേർന്നപ്പോൾ ടീം അതീവ സമ്മർദ നിമിഷങ്ങളെപ്പോലും സമർഥമായി അതിജീവിച്ചു.