ചാംപ്യൻസ് ട്രോഫിയിലും ന്യൂസീലൻഡിലും പാക്ക് ടീം നാണംകെടാൻ കാരണം ഐപിഎലും ബിസിസിഐയും: വിചിത്രവാദവുമായി മുൻ താരം

Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ അഭിമുഖീകരിക്കുന്ന തകർച്ചയ്ക്കു കാരണം ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ആണെന്ന വിചിത്രവാദവുമായി പാക്കിസ്ഥാന്റെ മുൻ താരം റഷീദ് ലത്തീഫ്. പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ചാംപ്യൻസ് ട്രോഫിയിലും അതിനുശേഷം ന്യൂസീലൻഡ് പര്യടനത്തിലും പാക്കിസ്ഥാൻ തകർന്നടിയാൻ കാരണം, പാക്ക് താരങ്ങളെ ഐപിഎലിൽ കളിക്കാൻ അനുവദിക്കാത്ത ബിസിസിഐയുടെ നിലപാടാണെന്ന് റഷീദ് ലത്തീഫ് വിമർശിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാൻ താരങ്ങളെ ഐപിഎലിൽ കളിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. അന്നു മുതൽ പാക്കിസ്ഥാൻ താരങ്ങൾക്ക് ഐപിഎലിൽ കളിക്കാൻ അനുമതി ലഭിച്ചിട്ടില്ല.
അത്യാധുനിക സൗകര്യങ്ങളുടെ അകമ്പടിയോടെ രണ്ടു മാസം ഇന്ത്യയിൽ ഐപിഎലിന്റെ ഭാഗമാകുന്നത് മറ്റു രാജ്യങ്ങളിൽനിന്നുള്ള താരങ്ങളുടെ പ്രകടനത്തെ വളരെയധികം സഹായിക്കുന്നുണ്ടെന്ന് റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി.
‘‘ന്യൂസീലൻഡ്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റു രാജ്യങ്ങളെ നോക്കൂ. ഈ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ഐപിഎലിനായി വന്ന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ കളിക്കുന്നു. പാറ്റ് കമിൻസ്, ജോഫ്ര ആർച്ചർ, കഗീസോ റബാദ തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച ബോളർമാരെയാണ് ഐപിഎലിൽ നേരിടേണ്ടത്. അവിടെ മത്സരം കടുത്തതാണ്. അത്യാധുനിക സംവിധാനങ്ങളുടെ അകമ്പടിയോടെ ലോകോത്തര താരങ്ങളെ നേരിടാനുള്ള അവസരമാണ് ഐപിഎൽ ഒരുക്കുന്നത്’ – റഷീദ് ലത്തീഫ് പറഞ്ഞു.
‘‘ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മള്ഞ ആദ്യം ഓർക്കുക മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ് തുടങ്ങിയ ടീമുകളെയാണ്. കാരണം, അവിടെയുള്ളത് ലോകോത്തര സൗകര്യങ്ങളാണ്. ആ ടീമുകൾ വിട്ടുപോകാൻ കളിക്കാർ മടിക്കും. അതുപോലെയാണ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗായ ഐപിഎലും. മറ്റു രാജ്യങ്ങളിൽ കളിക്കാൻ പോകുന്നതിനേക്കാൾ സൗകര്യങ്ങളാണ് ഐപിഎൽ ഒരുക്കുന്നത്’ – റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി.
ഐപിഎലിന്റെ പ്രഥമ സീസണിൽ മാത്രമാണ് പാക്കിസ്ഥാൻ താരങ്ങൾക്ക് അവസരം ലഭിച്ചിട്ടുള്ളത്. ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, കമ്രാൻ അക്മൽ, ശുഐബ് മാലിക്ക്, മുഹമ്മദ് ആസിഫ്, യൂനിസ് ഖാൻ തുടങ്ങിയവർ ആദ്യ സീസണിൽ കളിച്ചിരുന്നു. 11 മത്സരങ്ങളിൽനിന്ന് 22 വിക്കറ്റുമായി പ്രഥമ സീസണിൽ പർപ്പിൾ ക്യാപ്പ് നേടിയത് പാക്ക് താരമായ സുഹൈൽ തൻവീറായിരുന്നു.
അഫ്ഗാനിസ്ഥാനേപ്പോലെ ഒരുകാലത്ത് ക്രിക്കറ്റിലെ ചെറുകിട രാജ്യമായിരുന്നവർക്കു പോലും ഐപിഎൽ വലിയ തോതിൽ ഗുണം ചെയ്തതായി ലത്തീഫ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളേപ്പോലും തോൽപ്പിക്കാൻ അവർക്കായി. ഇന്ത്യയിൽവന്ന് പരിശീലിക്കാനായി ഗ്രേറ്റർ നോയിഡയിൽ ബിസിസിഐ അവർക്ക് സ്റ്റേഡിയം പോലും നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘രാജ്യാന്തര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ വളർച്ചയ്ക്കു പോലും ഐപിഎൽ ഒരു കാരണമാണ്. റാഷിദ് ഖാനു പിന്നാലെ നൂർ അഹമ്മദ്, അസ്മത്തുല്ല ഒമർസായ്, ഫസൽഹഖ് ഫാറൂഖി തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഫ്ഗാനിൽനിന്ന് ഐപിഎലിൽ കളിക്കാനെത്തുന്നത്’ – റഷീദ് ലത്തീഫ് പറഞ്ഞു.