രണ്ട് സിക്സടിച്ച ശേഷം സിംഗിളിനായി ഓടിച്ചെന്നത് ബുമ്രയ്ക്കു നേരേയായി; മനഃപൂർവമെന്ന് അദ്ദേഹം കരുതി: കരുണുമായി അഭിമുഖം

Mail This Article
ഐപിഎലിൽ ഇന്നു സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ നേരിടാൻ സജ്ജമാണു കരുൺ നായരും ഡൽഹി ക്യാപിറ്റൽസും. മുംബൈയ്ക്കെതിരെ 40 പന്തിൽ 89 റൺസ് നേടിയ ഒരൊറ്റ ഇന്നിങ്സിലൂടെ കരുൺ ഉയർത്തിയതു ഡൽഹിയുടെ ഫാൻ ബേസാണ്. 2 മലയാളികളുടെ ടീമുകൾ തമ്മിലുള്ള മത്സരത്തിന് ഇറങ്ങുമ്പോൾ കരുണിന്റെ മനസ്സിൽ എന്താണ്? മുപ്പത്തിമൂന്നുകാരൻ മലയാളിതാരം ‘മനോരമയോടു’ പറയുന്നു:
‘‘ആർക്കെതിരെ കളിച്ചാലും എന്റെ സമീപനം ഒന്നുതന്നെയായിരിക്കും. അപ്പോഴത്തെ സാഹചര്യമനുസരിച്ചു കളിക്കുക. ടീമിന്റെ ആവശ്യം കണ്ടറിഞ്ഞു ബാറ്റ് ചെയ്യുക. ഇന്നും കളിക്കാൻ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ’’.
∙ എങ്ങനെയാണ് എല്ലാ ഫോർമാറ്റിലും മികവോടെ കളിക്കാനാകുന്നത്?
ഓരോ ഫോർമാറ്റിലും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. സ്ട്രൈക്ക് റേറ്റിന്റെ ആവശ്യം ഓരോന്നിലും ഓരോ തരമാണ്. സാഹചര്യമനുസരിച്ചു സ്ട്രൈക്ക് റേറ്റ് കൂട്ടണമെന്നതു മാത്രമാണു കളിക്കുമ്പോഴത്തെ ആലോചന. എന്റെ ഷോട്ടുകളാണു ഞാൻ കളിക്കുന്നത്. മറ്റൊരാളുടെ ശൈലിയും എന്നെ സ്വാധീനിക്കാറില്ല. എനിക്ക് എന്തെല്ലാം അറിയാമോ അതു മാത്രമാണു കളിക്കുന്നത്.
∙ ഡൽഹിയുടെ ആദ്യ 4 മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചില്ലല്ലോ?
വലിയൊരു ടീമിൽനിന്നു 11 പേരെ തിരഞ്ഞെടുക്കുക ഏതു ടീം മാനേജ്മെന്റിനും എളുപ്പമല്ല. എന്റെ അവസരം വരുമെന്ന് അറിയാമായിരുന്നു. മാനസികമായി അതിനു സജ്ജവുമായിരുന്നു. അവസരം കിട്ടിയാൽ മുതലെടുക്കുമെന്നത് ഉറച്ച തീരുമാനമായിരുന്നു. പക്ഷേ, ടീം വിജയിച്ചില്ലെന്നതു വിഷമമായി. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം സാധ്യമാകുമെന്നാണു പ്രതീക്ഷ.
∙ ജസ്പ്രീത് ബുമ്രയുമായി കളിക്കിടെയുണ്ടായ ഉരസൽ...?
ഏയ് അങ്ങനെയൊന്നുമുണ്ടായില്ല. ബുമ്രയ്ക്കെതിരെ രണ്ടു സിക്സറടിച്ച ഓവർ. എന്റെ ശ്രദ്ധ പന്തിലായിരുന്നു. ഓടിച്ചെന്നതു ബുമ്രയ്ക്കു നേരേയായി. ബുമ്ര കരുതി, ഞാൻ അതു മനഃപൂർവം ചെയ്തതാണെന്ന്. അതൊരു തെറ്റിദ്ധാരണയായിരുന്നു. പിന്നീടു ഞങ്ങൾ സംസാരിച്ചു തീർക്കുകയും ചെയ്തു.
∙ 89 റൺസ് നേട്ടം –വീട്ടുകാർ എന്തു പറഞ്ഞു?
അച്ഛനും അമ്മയും ഭാര്യ സനായയും ഏറെ സന്തോഷത്തിലായിരുന്നു. ഈ അവസരം ലഭിച്ചതുതന്നെ വലിയ കാര്യമായാണ് അവർ കരുതുന്നത്. അതിനാൽതന്നെ ആദ്യ നാലു കളികളിൽ അവസരമില്ലാതെ പോയതു വിഷമിപ്പിക്കുന്നേയില്ല.
∙ വിഷു എവിടെയായിരുന്നു?
ഹോട്ടൽ മുറിയിലായിരുന്നു ഇത്തവണത്തെ വിഷു. ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിൽ ഇത്തരം ആഘോഷങ്ങൾ നഷ്ടമാകുന്നതു പതിവാണല്ലോ.
∙ മലയാളി ഫാൻസിനോട്?
വലിയ പ്രചോദനമാണു മലയാളികൾ തരുന്നത്. അതു തുടരണമെന്നാണ് അപേക്ഷ. അവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചു മികവിലേക്കുയരാൻ ശ്രമിക്കും. വർഷങ്ങളായി നൽകിവരുന്ന എല്ലാ പിന്തുണയും എന്റെ മനസ്സിലുണ്ട്.
∙ ഓരോ മത്സരത്തിനു മുൻപും സ്വയം പറയുന്നത്.
ഓരോ ദിവസവും പുതിയതാണെന്ന ഓർമപ്പെടുത്തലാണു സ്വയം ചെയ്യാറ്. ഓരോ അവസരവും പുതിയതാണ്. അപ്പോഴത്തെ സാഹചര്യമനുസരിച്ചു കളിക്കുക, അവസരം പ്രയോജനപ്പെടുത്തുക. അതാണു വിജയമന്ത്രം.