സന്തോഷക്കൂട്ട് ! സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമായി; ജിജോ ജോസഫ് ക്യാപ്റ്റൻ

Mail This Article
കോഴിക്കോട് ∙ സ്വന്തം മണ്ണിൽ സന്തോഷ് ട്രോഫി കിരീടം തേടിയിറങ്ങുന്ന കേരള ടീമിനെ കെഎസ്ഇബിയുടെ മധ്യനിര താരം ജിജോ ജോസഫ് നയിക്കും. 20 അംഗ ടീമിൽ 13 പേർ സന്തോഷ് ട്രോഫിയിൽ കന്നിക്കാരാണ്. പരിചയ സമ്പത്തിന്റെ തഴക്കവും ചെറുപ്പത്തിന്റെ ഊർജസ്വലതയും ഒത്തിണങ്ങിയ ടീമിന്റെ ശരാശരി പ്രായം 25. ടീമിലെ 16 പേർ കേരളം സ്വന്തം മണ്ണിൽ അവസാനമായി കിരീടം നേടിയ1993നു ശേഷം ജനിച്ചവരാണ്.
മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കുന്ന സന്തോഷ് ട്രോഫിക്ക് 16ന് തുടക്കമാകും. അന്നു രാത്രി 8ന് പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണു കേരളത്തിന്റെ ആദ്യ മത്സരം. മേഘാലയ, പഞ്ചാബ്, ബംഗാൾ എന്നിവരാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകൾ. രാംകോ ഗ്രൂപ്പാണു കേരള ടീമിന്റെ സ്പോൺസർ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മൂന്നാഴ്ച നീണ്ട ക്യാംപിനു ശേഷം ടീം ഇന്നലെ മഞ്ചേരിയിലെത്തി.
സീനിയർ ജിജോ, ബേബി സഹീഫ്
പ്രായത്തിലും അനുഭവ സമ്പത്തിലും കേരള ടീമിലെ സീനിയർ തൃശൂർ സ്വദേശിയായ ക്യാപ്റ്റൻ ജിജോ ജോസഫാണ് (30 വയസ്സ്). 6 സന്തോഷ് ട്രോഫികളിൽ ബൂട്ടണിഞ്ഞ താരം, 2018ൽ കൊൽക്കത്തയിൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 19 വയസ്സു പൂർത്തിയായ മലപ്പുറം സ്വദേശി എ.പി.മുഹമ്മദ് സഹീഫാണ് ടീമിലെ ബേബി.

സിക്സറടിച്ച് മലപ്പുറം
ആതിഥേയ ജില്ലയായ മലപ്പുറത്തു നിന്നു 6 പേർ ടീമിലുണ്ട്. എറണാകുളം (5), തിരുവനന്തപുരം, കോഴിക്കോട്, വയനാട് ( 2 വീതം), കണ്ണൂർ, പാലക്കാട്, തൃശൂർ (ഒന്നു വീതം) എന്നിങ്ങനെയാണു മറ്റു ജില്ലകളുടെ പ്രാതിനിധ്യം.

ക്യാംപിലില്ലാതെ 4 പേർ
ഫൈനൽ റൗണ്ടിനുള്ള ക്യാംപിൽ 30 പേരുണ്ടായിരുന്നു. ഇതിൽ നിന്നു 16 പേർ ടീമിൽ ഇടം നേടി. കെപിഎലിലെ മികച്ച പ്രകടനമാണു സോയൽ ജോഷി, ഫസലുറഹ്മാൻ, ബിബിൻ അജയൻ, എം.വിഘ്നേഷ് എന്നിവർക്കു ടീമിലേക്കു വഴി തുറന്നത്. എഐഎഫ്എഫിന്റെ നിബന്ധന പ്രകാരം 5 അണ്ടർ 21 താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള യുണൈറ്റഡ് എഫ്സിയിൽ നിന്ന് അഞ്ചും കെപിഎൽ ജേതാക്കളായ ഗോൾഡൻ ത്രെഡ്സിന്റെ മൂന്നും താരങ്ങൾ ടീമിലുണ്ട്.
മുന്നേറ്റത്തിനു മൂർച്ച
ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ മൂന്നു കളികളിൽ നിന്നു 17 ഗോളടിച്ചാണ് കേരളം ഒന്നാമതെത്തിയത്.ഫൈനൽ റൗണ്ടിന് മൂർച്ച കൂട്ടിയ മുന്നേറ്റ നിരയുമായാണു ടീം ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടിൽ കളിച്ച ടീമിൽ നിന്നു 7 പേരാണു പുറത്തായത്. അതിൽ 2 പേർ മുന്നേറ്റ നിരക്കാരാണ്.
അര നൂറ്റാണ്ട്, വീണ്ടും തമിഴ് പാസ്
ഇന്നലെ പ്രഖ്യാപിച്ച കേരള ടീമും 1973–ൽ കന്നിക്കിരീടം ചൂടിയ ടീമും തമ്മിൽ ഒരു സാമ്യമുണ്ട്. രണ്ടു ടീമിലും തമിഴ്നാട്ടുകാരുണ്ട്. ക്യാപ്റ്റൻ മണിയുടെ നേതൃത്വത്തിൽ ഐതിഹാസിക വിജയം നേടിയ ടീമിലെ തമിഴ് സാന്നിധ്യം ഫാക്ട് താരം ആർ.കെ.പെരുമാളായിരുന്നു. ഇന്നലത്തെ ടീമിൽ കന്യാകുമാരി ജില്ലയിലെ പൂത്തുറക്കാരൻ വിഘ്നേഷുണ്ട്. രണ്ടു പേരും മുന്നേറ്റ നിരക്കാരാണ്. കെപിഎലിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തിളക്കവുമായാണു കെഎസ്ഇബിയുടെ വിഘ്നേഷ് ടീമിൽ ഇടം ഉറപ്പാക്കിയത്.
Content highlights: Santhosh trophy, Kerala team