ADVERTISEMENT

മാനത്ത് നിലാവ് തെളിയുമ്പോൾ മലയാളികൾ ഇന്ന് മൈതാനത്ത് ഒരു പന്തിലേക്ക് കണ്ണുനട്ടിരിക്കും. കേരള ഫുട്ബോളിന്റെ കളിമുറ്റത്ത് സന്തോഷത്തിന്റെ പ്രകാശം പരത്തി കപ്പടിക്കട്ടെ ടീം കേരളം..

മലപ്പുറം∙ മാനത്ത് ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ നാളെയാണു ചെറിയ പെരുന്നാൾ. പയ്യനാട് മൈതാനത്ത് കിരീടപ്പിറവി കണ്ടാൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ സന്തോഷത്തിന്റെ ‘വലിയ’ പെരുന്നാൾ ഇന്നു കൊണ്ടാടും. 75–ാം സന്തോഷ് ട്രോഫിയുടെ കലാശപ്പോരിൽ കേരളവും ബംഗാളും ഇന്നു നേർക്കുനേർ. രാത്രി 8ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം എഐഎഫ്എഫ് ഫെയ്സ്ബുക്ക് പേജിൽ തത്സമയം കാണാം. കിരീട പ്പെരുമ കൊണ്ടും കുടിപ്പക കൊണ്ടും സന്തോഷ് ട്രോഫി ചരിത്രത്തിലെ മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനുമാണു കേരളവും ബംഗാളും. വംഗനാടിനു  32 കിരീടങ്ങളുടെ തലപ്പൊക്കമുണ്ട്. കേരളം ഇത്തവണ തേടുന്നത് ഏഴാം കിരീടം. ഇരു ടീമുകളും ഇതുവരെ 3 തവണ ഫൈനലിൽ മുഖാമുഖം നിന്നിട്ടുണ്ട്. മൂന്നു തവണയും കളിച്ചൂടിന്റെ സമനിലക്കെട്ടഴിക്കാൻ ടൈബ്രേക്കർ വേണ്ടി വന്നു. 

santhosh-trop

സെറ്റാണു കേരളം

ആർത്തിരമ്പുന്ന ഗാലറിയുടെ പിന്തുണയിൽ നടത്തിയ സ്വപ്ന തുല്യമായ തേരോട്ടം കിരീട നേട്ടത്തിലൂടെ സമ്പൂർണമാക്കാനുറച്ചാണു കേരളം ഇറങ്ങുന്നത്. ടീമിനു പരുക്കിന്റെ തലവേദനകളൊന്നുമില്ല. ചില താരങ്ങൾക്കു ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും ഇന്നു കളിക്കാനാകും. മധ്യനിരയുടെ വിഭവ ശേഷിയിൽ തന്നെയാണു പരിശീലകൻ ബിനോയുടെ ആത്മവിശ്വാസം. മുന്നേറ്റ നിരയിൽ വിഘ്നേഷ് ലക്ഷ്യം കണ്ടെത്താതെ വിഷമിക്കുന്നുണ്ട്. എന്നാൽ, സെമിയിൽ കർണാടകയെ തകർത്തു തരിപ്പണമാക്കിയ ടി.കെ.ജെസിന്റെ ബൂട്ടുകൾ ഇന്നും വെടിയുതിർക്കുമെന്നു തന്നെയാണു പ്രതീക്ഷ. കർണാടകയ്ക്കെതിരെ 3 ഗോൾ വഴങ്ങിയ പ്രതിരോധത്തിലെ വിള്ളൽ കൂടി അടച്ചാണു കേരളം അന്തിമ പോരിനിറങ്ങുക. ജെസിൻ കഴിഞ്ഞ കളികളിലേതു പോലെ പകരക്കാരനായി ഇറങ്ങാനാണു സാധ്യത. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ 2–0 ന് തോൽപിച്ചതിന്റെ ആത്മവിശ്വാസവും കേരളത്തിനുണ്ട്. 

ബംഗാളിനു കലിപ്പടക്കണം

ബംഗാൾ കോച്ച് രഞ്ജൻ ഭട്ടാചാര്യ കലിപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനെതിരെ നന്നായി കളിച്ചതു തന്റെ ടീമാണെന്നതിൽ അദ്ദേഹത്തിനു സംശയമില്ല. കാണികളുടെ പിന്തുണ കൊണ്ടാണു കേരളം ജയിച്ചത്. അതിന്റെ കലിപ്പ് ഫൈനലിൽ തീർക്കുമെന്നു കട്ടായം പറയുന്നു. വെറും വാക്കല്ല, കേരളത്തിനു തലവേദന സൃഷ്ടിക്കാൻ പോന്ന വെടിക്കൊപ്പുകൾ ബംഗാൾ നിരയിലുണ്ട്. ഗോൾ വേട്ടയിൽ കേരളം ബഹുദൂരം മുന്നിലാണെങ്കിലും ഗോളുകൾ വഴങ്ങുന്നതിലെ പിശുക്ക് ബംഗാൾ പ്രതിരോധത്തിന്റെ കടുപ്പത്തിന്റെ തെളിവാണ്. ക്യാപ്റ്റൻ മോണോട്ടോഷിന്റെ നേതൃത്വത്തിലുള്ള പ്രതിരോധപ്പൂട്ട് പൊളിച്ചാൽ കേരളം രക്ഷപ്പെടും. മധ്യനിരയിലെ വൈവിധ്യത്തിലും കേരളത്തോളം വരും ബംഗാൾ. മുന്നേറ്റനിര പരാജയപ്പെട്ടാൽ ഗോളിലേക്കു വെടിയുതിർക്കാനുള്ള ശേഷി അവർക്കുണ്ട്. അഞ്ചു ഗോളടിച്ചു മിന്നുന്ന ഫോമിൽ നിൽക്കുന്ന ഈസ്റ്റ്ബംഗാൾ താരം ഫർദീൻ അലി മൊല്ലയെ പൂട്ടാൻ കേരള പ്രതിരോധം നന്നായി പണിയെടുക്കേണ്ടി വരും.

keralabengal
ബിനോ ജോർജ്, രഞ്ജൻ ഭട്ടാചാര്യ

ഇരു ടീമുകളുടെയും മത്സരതന്ത്രങ്ങളെക്കുറിച്ച് പരിശീലകർ സംസാരിക്കുന്നു

ബംഗാൾ ടീം മികച്ചതാണ്. അവരെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ, കപ്പ് നമുക്കു വേണം. ആക്രമണ ശൈലിയിൽത്തന്നെയായിരിക്കും കേരളം ഫൈനലിൽ കളിക്കുക.  ചിലർക്കു പരുക്കുണ്ടെങ്കിലും സാരമുള്ളതല്ല.  കാണികളുടെ പ്രോത്സാഹനത്തോടു  നീതി പുലർത്തുന്ന പ്രകടനം കാഴ്ചവയ്ക്കും– ബിനോ ജോർജ് (കേരളം)

ഗ്രൂപ്പ് റൗണ്ടിൽ കേരളത്തോടു തോറ്റിരുന്നു. പക്ഷേ, ആദ്യ 75 മിനിറ്റു വരെ ബംഗാൾ ടീം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. കേരളത്തിനു കിട്ടിയ ഗ്രൗണ്ട് സപ്പോർട്ട് കണ്ടപ്പോൾ ഞങ്ങളുടെ ചില താരങ്ങളൊന്നു പതറിപ്പോയി. അതാണ് പരാജയത്തിലേക്കു നയിച്ചത്. പക്ഷേ, ഇനി അങ്ങനെയുണ്ടാവില്ല. –രഞ്ജൻ ഭട്ടാചാര്യ (ബംഗാൾ)

കേരളം vs ബംഗാൾ

Head to Head

സന്തോഷ് ട്രോഫിയിൽ ഇതുവരെ-മത്സരം 31

കേരളം ജയം -8

സമനില-8

ബംഗാൾ ജയം-15

വലിയ മാർജിൻ : ബംഗാൾ – 5, കേരളം – 0 (1962, ബെംഗളൂരു) 

കേരളം         

കിരീടനേട്ടം -6

ഫൈനലുകൾ-14 

ഇത്തവണ അടിച്ച ഗോൾ-18

വഴങ്ങിയ ഗോൾ-6

ടോപ് സ്കോറർ -ജെസിൻ (6 ഗോൾ) 

ബംഗാൾ

കിരീടനേട്ടം-32

ഫൈനലുകൾ-45

ഇത്തവണ അടിച്ച ഗോൾ-11

വഴങ്ങിയ ഗോൾ-5

ടോപ് സ്കോറർ -ഫർദീൻ അലി മൊല്ല 5 ഗോൾ

Road to Final

രാജസ്ഥാൻ (5–0)

ബംഗാൾ (2–0)

മേഘാലയ (2–2)

പഞ്ചാബ് (2–1)

കർണാടക (7–3)

പഞ്ചാബ് (1–0)

കേരളം (0–2)

മേഘാലയ (4–3)

രാജസ്ഥാൻ (3–0)

മണിപ്പൂർ (3–0)

santoshplayer
ടി.കെ.ജെസിൻ, ജിജോ ജോസഫ്, ഹിതോഷ് റോയ്, ഫർദീൻ അലി മൊല്ല

ഇവരെ കരുതിയിരിക്കാം 

ജിജോ ജോസഫ്

കേരളത്തിന്റെ മിഡ്ഫീൽഡ് ജനറൽ. മധ്യനിരയിൽ മുന്നേറ്റങ്ങൾ നെയ്യുന്നതിനൊപ്പം ഗോടിക്കുന്നതിലും മികവ്. മൈതാനത്ത് കേരള നീക്കങ്ങളുടെ അച്ചുതണ്ട്. ത്രൂ പാസുകളും വൺ ടച്ച് പാസുകളും നൽകുന്നതിൽ മിടുക്കൻ 

ടി.കെ.ജെസിൻ

നീളൻ കാലുകളുമായി ജെസിൻ എതിർ പ്രതിരോധം കീറി മുറിക്കുന്നതു കാണാൻ തന്നെ അഴകാണ്. ബംഗാളിനെതിരെയും സെമിയിൽ കർണാടകയ്ക്കെതിരെയും കേരളത്തിനു വിജയം കൊണ്ടു വന്ന തുറുപ്പ് ചീട്ട്. അതിവേഗ മുന്നേറ്റവും ഫിനിഷിങ്ങിലെ കൃത്യതയും പ്ലസ്.

മഹിതോഷ് റോയ്

കേരളത്തിനു വേണ്ടി ക്യാപ്റ്റൻ ജിജോ ജോസഫ് മധ്യനിരയിൽ ചെയ്യുന്നതു ബംഗാളിനു വേണ്ടി ചെയ്യുന്നതു മഹിതോഷ് റോയിയാണ്. ക്രിയാത്മക നീക്കങ്ങൾക്കു തുടക്കമിടുന്നതിൽ മികവ്. അവശ്യഘട്ടത്തിൽ ഗോളടിക്കാനുമറിയാം.

ഫർദീൻ അലി മൊല്ല

പ്രതിരോധത്തിന്റെ കണ്ണൊന്നു പാളിയാൽ പന്ത് വലയിലാക്കാൻ കെൽപുള്ള ബംഗാൾ താരം. ഈസ്റ്റ് ബംഗാളിനു കളിക്കുന്ന ഈ 21കാരൻ ഈ ടൂർണമെന്റിന്റെ കണ്ടെത്തലുകളിലൊന്നാണ്. അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്നതാണ് പ്ലസ് പോയിന്റ്.

Content Highlights: Santhosh Trophy, Kerala team

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com