ഇരട്ടഗോളുമായി ‘കിടിലൻ’ എംബപ്പെ; പിന്നിൽനിന്നും തിരിച്ചടിച്ച് വിയ്യാറയലിനെ വീഴ്ത്തി റയൽ വീണ്ടും ഒന്നാമത്

Mail This Article
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിലെ ആവേശപ്പോരാട്ടത്തിൽ വിയ്യാറയലിനെ പിന്നിൽനിന്നും തിരിച്ചടിച്ച് തോൽപ്പിച്ച് റയൽ മഡ്രിഡ് വീണ്ടും കിരീടപ്പോരാട്ടത്തിൽ മുന്നിൽ. സൂപ്പർതാരം കിലിയൻ എംബപ്പെ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ 2–1നാണ് റയൽ വിയ്യാറയലിനെ വീഴ്ത്തിയത്. ഇതോടെ 18 മത്സരങ്ങളിൽനിന്ന് 18 ജയവും ആറു സമനിലയും സഹിതം 60 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ടു മത്സരം കുറവു കളിച്ച ബാർസിലോന 57 പോയിന്റുമായി രണ്ടാമതും, ഒരു മത്സരം കുറവു കളിച്ച അത്‍ലറ്റിക്കോ മഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ഏഴാം മിനിറ്റിൽ യുവാൻ ഫോയ്ത് നേടിയ ഗോളിലാണ് റയലിനെ ഞെട്ടിച്ച് സ്വന്തം തട്ടകത്തിൽ വിയ്യാറയൽ ലീഡെടുത്തത്. എന്നാൽ, ആദ്യപകുതിയിൽത്തന്നെ വെറും ഏഴു മിനിറ്റിനിടെ ഇരട്ടഗോളുകളുമായി കിലിയൻ എംബപ്പെ റയലിന്റെ രക്ഷകനായി അവതരിച്ചു. 17, 23 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ.
മറ്റു മത്സരങ്ങളിൽ സെൽറ്റ വിഗോ റയൽ വല്ലാദോലിദിനെയും (1–0), മയ്യോർക്ക എസ്പാന്യോളിനെയും (2–1) തോൽപ്പിച്ചപ്പോൾ, ജിറോണ–വലൻസിയ മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.