ഗോൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള പൊലീസിന് കിരീടം
Mail This Article
മലപ്പുറം∙ ഛത്തീസ്ഡിലെ ഡെല്ലി രാജ്ഹാരയിൽ നടന്ന അയേൺ ഓർ ഓൾ ഇന്ത്യ ഗോൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള പൊലീസിന് കിരീടം. ഫൈനൽ മത്സരത്തിലെ കേരള ടീമുകളുടെ പോരിൽ ഷൂട്ടൗട്ടിലൂടെ കെഎസ്ഇബിയെയാണ് പരാജയപ്പെടുത്തിയത്. ഫുൾടൈമിൽ 1–1 സമനില പാലിച്ച ശേഷം ഷൂട്ടൗട്ടിൽ 4–3നാണ് പൊലീസ് ടീമിന്റെ വിജയം.
ഇന്നലെ രാത്രിയിലായിരുന്നു മത്സരം. അറുപതാം മിനിറ്റിലാണ് കേരള പൊലീസ് ആദ്യ ഗോൾ നേടിയത്. അഷ്ഫാഖിന്റെ ലോങ് ത്രോ ഫിറോസ് കളത്തിങ്ങൽ ഹെഡ് ചെയ്ത് കൊടുത്തത് അമൽ സോമന്റെ കാലുകളിലേക്ക്. പ്രതിരോധ നിരക്കാരനെ വെട്ടിച്ച് അമൽ വല കുലുക്കി. എന്നാൽ കളിതീരാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കെഎസ്ഇബി താരം വിഘ്നേഷ് ഗോൾ മടക്കിയത്.
തുടർന്ന് നേരെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പൊലീസ് ഗോളി മുഹമ്മദ് അസ്ഹറിന്റെ 2 സേവുകളാണ് ടീമിന് രക്ഷയായയത്. കെഎസ്ഇബി ഗോളി അജ്മൽ ഒരെണ്ണം രക്ഷപ്പെടുത്തി. ഒരു വർഷത്തിനിടെ കേരള പൊലീസ് ടീം നേടുന്ന രണ്ടാമത്തെ കപ്പാണിത്. ഇതിനു പുറമേ കേരള പ്രീമിയർ ലീഗ് അടക്കം 2 ടൂർണമെന്റുകളിൽ സെമി ഫൈനലിസ്റ്റുകളുമായിരുന്നു. കെഎസ്ഇബിയുമായി ഒടുവിൽ കളിച്ച 4 കളികളിൽ 3 എണ്ണത്തിലും പൊലീസിനായിരുന്നു വിജയം.