ചൈനീസ് പ്രതിരോധം തകർത്ത് ഇന്ത്യ, ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടം നിലനിർത്തി
Mail This Article
ഹുലെൻബെർ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയെ തകർത്ത് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ. ആതിഥേയരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. 51–ാം മിനിറ്റിൽ ജുഗ്‍രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ ഏഴു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ അഭിഷേക് നൽകിയ പാസിൽനിന്നായിരുന്നു ജുഗ്‍രാജ് ഗോളടിച്ചത്.
മത്സരത്തിന്റെ നാലാം ക്വാർട്ടറിലാണ് ചൈനീസ് പ്രതിരോധം തകർത്ത് ഇന്ത്യ മുന്നിലെത്തിയത്. ഗോൾ വഴങ്ങാതിരിക്കാൻ പ്രതിരോധക്കോട്ട കെട്ടിയ ചൈനയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇന്ത്യ തകർത്തെറിയുകയായിരുന്നു. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.
2011, 2016, 2018, 2021 വര്‍ഷങ്ങളിലും ഇന്ത്യയായിരുന്നു ചാംപ്യൻമാർ. 2018ൽ ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കിട്ടു. സെമിയിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ചൈന ആദ്യമായി ഫൈനലിൽ കടന്നത്. സ്വന്തം ആരാധകർക്കുമുന്നിൽ മികച്ച പോരാട്ടം നടത്തിയ ചൈന അവസാന നിമിഷം തോൽവി സമ്മതിക്കുകയായിരുന്നു. ദക്ഷിണകൊറിയയ്ക്കെതിരെ 4–1ന്റെ വിജയവുമായാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്.